പാകിസ്താനിലെ ചര്‍ച്ചയില്‍ ഇറാന്‍ പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്; ഉപരോധം നീക്കാതെ ചര്‍ച്ചയില്ല, ആണവ സാധ്യത അടിസ്ഥാന അവകാശമെന്നും ഇറാന്‍
തെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ത്തില്‍ നാളെ പാകിസ്താനില്‍ വെച്ച് നടക്കുന്ന ചര്‍ച്ചയില്‍ ഇറാന്‍ പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്. നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചക്കില്ലെന്ന നിലപാടിലാണ് ഇറാനെന്ന് തസ്‌നിം ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അടുത്ത ഘട്ട ചര്‍ച്ചക്കായി യുഎസ് പ്രതിനിധികള്‍ പാകിസ്താനിലേക്ക് പോയെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇറാന്റെ മറുപടി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ആദ്യഘട്ട നയതന്ത്ര ചര്‍ച്ചകള്‍ അലസിയതോടെ നാളെ നടക്കുന്ന ചര്‍ച്ച ഏറെ നിര്‍ണായകമാണ്. ചര്‍ച്ചക്ക് തയ്യാറായില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ നിലയങ്ങളും, ജനവാസ മേഖലകളും ലക്ഷ്യംവെച്ച് ആക്രമണം നടത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ചര്‍ച്ചക്ക് സംഘത്തെ അയക്കില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് ഇറാന്‍. യുഎസിന്റെ നാവിക ഉപരോധം വെടിനിര്‍ത്തല്‍ ലംഘനവും, യുദ്ധക്കുറ്റവുമാണെന്ന് ഇറാന്‍ വ്യക്തമാക്കി. ആണവ സാധ്യതകള്‍ ഇറാന്റെ അടിസ്ഥാന അവകാശമാണെന്നും, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷസ്‌കിയാന്‍ വ്യക്തമാക്കി. തടയാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ ചര്‍ച്ചയില്‍ മധ്യസ്ഥ ശ്രമവുമായി പാകിസ്താന്‍ രംഗത്തെത്തി. പാക് വിദേശകാര്യ മന്ത്രി ഇറാന്‍ വിദേശകാര്യ മന്ത്രിയെ വിളിച്ചതായാണ് റിപ്പോര്‍ട്ട്.
നേരത്തെ ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ഭീഷണി. ഇറാന് ഇത് അവസാന അവസരമാണെന്നും, കരാറില്‍ എത്തിയില്ലെങ്കില്‍ കടുത്ത ആക്രമണമുണ്ടാകുമെന്നുമാണ് ട്രംപിന്റെ ഭീഷണി. ' ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയെന്ന് ഇറാന്‍ പ്രഖ്യാപിച്ചത് വിചിത്രമാണ്. യുഎസ് ഇതിനകം അത് അടച്ച് പൂട്ടിയിട്ടുണ്ട്. ഹോര്‍മുസ് അടച്ചതിലൂടെ ഒരു ദിവസം 500 മില്യണ്‍ ഡോളര്‍ വരുമാന നഷ്ടമാണ് ഇറാന് ഉണ്ടാകുന്നത്. യുഎസിന് ഒന്നും നഷ്ടപ്പെടാനില്ല. നിരവധി കപ്പലുകള്‍ ഇപ്പോള്‍ ടെക്‌സസ്, ലൂസിയാന, അലാസ്‌ക എന്നിവിടങ്ങളിലേക്ക് വരുന്നുണ്ട്. കരാറില്‍ എത്തിയില്ലെങ്കില്‍ ഇറാനിലെ എല്ലാ ഊര്‍ജനിലയങ്ങളും, പാലങ്ങളും തകര്‍ക്കും,' ട്രംപ് കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."