ബ്രസീല്‍ ടീം മറക്കാന്‍ ശ്രമിക്കുന്ന 1998 ലോകകപ്പിലെ നിഗൂഢത; അന്ന് റൊണാള്‍ഡോക്ക് എന്തുപറ്റി? സോക്കര്‍ ലോകം ശ്വാസമടക്കിപ്പിടിച്ച 90 മിനിറ്റ്
1998 ജൂലൈ 12.
ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ സ്റ്റാഡ് ഡി ഫ്രാന്‍സ് സ്റ്റേഡിയം ലോകകപ്പ് ഫൈനലിനായി ഒരുങ്ങുകയാണ്. സിനദിന്‍ സിദാന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് പട റൊണാള്‍ഡോ നസാരിയോയുടെ നേതൃത്വത്തില്‍ കാനറികളുമായി മാറ്റുരയ്ക്കാനിരിക്കുന്നു. കിക്കോഫിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ബ്രസീല്‍ ടീം വിശ്രമിച്ചിരുന്ന ഹോട്ടലില്‍ നടന്ന സംഭവങ്ങള്‍ ഇന്നും ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ നിഗൂഢതയാണ്.
ഉച്ചഭക്ഷണത്തിനു ശേഷം വിശ്രമിക്കുകയായിരുന്നു ബ്രസീല്‍ ടീം അംഗങ്ങള്‍. റൊണാള്‍ഡോയ്‌ക്കൊപ്പം മുറിയിലുണ്ടായിരുന്ന സഹതാരം റോബര്‍ട്ടോ കാര്‍ലോസ് പെട്ടെന്നാണ് ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. റൊണാള്‍ഡോ കട്ടിലില്‍ കിടന്ന് അനിയന്ത്രിതമായി വിറയ്ക്കുന്നു; വായയില്‍ നിന്ന് നുരയും പതയും പുറത്തേക്ക് വരുന്നു... ഒരുവേള റൊണാള്‍ഡോ സ്വന്തം നാവ് തന്നെ കടിച്ചുവിഴുങ്ങുമെന്ന ഘട്ടമെത്തിയപ്പോള്‍ അത് തടഞ്ഞ കാര്‍ലോസിന്റെ കരച്ചില്‍ കേട്ട് അപ്പുറത്തെ മുറിയിലുണ്ടായിരുന്ന കഫു ഉള്‍പ്പെടെയുള്ള സഹതാരങ്ങളും ഓടിയെത്തി. ഉടന്‍ റൊണാള്‍ഡോയെ പാരീസിലെ ലിലിയസ് ക്ലിനിക്കില്‍ പരിശോധനയ്‌ക്കെത്തിച്ചു. ബ്രസീലുകാരുടെ ലോകകപ്പ് സ്വപ്‌നം ഏതൊരു താരത്തിന്റെ കാലിലാണോ, ആ കാലുകളാണ് തങ്ങള്‍ക്ക് മുന്‍പില്‍ നിശ്ചലമായി കിടക്കുന്നതെന്നോര്‍ത്ത് ഓരോ താരത്തിന്റെയും കണ്ണുകള്‍ നിറഞ്ഞൊഴുകിയ നിമിഷം. അന്ന് വൈകീട്ട് നടക്കാന്‍ പോകുന്ന കളിയുടെ ഫലം എന്തായിരിക്കുമെന്ന് റൊണാള്‍ഡോയ്ക്ക് ചുറ്റുംകൂടിയ ഓരോ താരങ്ങളും മുന്‍കൂട്ടി കണ്ടു. ഏറെ കഴിഞ്ഞാണ് റൊണാള്‍ഡോ കണ്ണുതുറന്നത്. എന്താണ് സംഭവിച്ചതെന്ന് റൊണാള്‍ഡോയ്ക്ക് വിശദീകരിച്ചുകൊടുക്കാന്‍ സഹതാരങ്ങളോ കോച്ചോ ഒഫീഷ്യല്‍സോ തയ്യാറായില്ല. അപസ്മാരത്തിന് സമാനമായ അവസ്ഥയിലായിരുന്നു റൊണാള്‍ഡോയെന്ന് പിന്നീട് താരങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി.
മത്സരം തുടങ്ങാന്‍ 72 മിനിറ്റ് ബാക്കിനില്‍ക്കെ ഔദ്യോഗിക പ്ലെയിങ് ഇലവന്‍ പുറത്തുവന്നു. സംഭവം ആദ്യം അറിഞ്ഞ മാധ്യമപ്രവര്‍ത്തകരും ഫുട്‌ബോള്‍ ലോകവും ഒന്നടങ്കം ഞെട്ടിപ്പോയി. ബ്രസീല്‍ നിരയില്‍ മുഖ്യ സ്‌ട്രൈക്കറുടെ സ്ഥാനത്ത് റൊണാള്‍ഡോ ഇല്ല, പകരം എഡ്മുണ്ടോ!
വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ക്ലിനിക്കല്‍ ഫിനിഷറെ സൈഡ് ബെഞ്ചിലിരുത്തി ബ്രസീല്‍ ടീം ഇറങ്ങുന്നു, അതും ലോകകപ്പ് ഫൈനലിന്‍ റൊണാള്‍ഡോയ്ക്ക് പരിക്കാണെന്നും അതല്ല ബ്രസീല്‍ ടീമില്‍ ആഭ്യന്തര പ്രശ്‌നങ്ങളാണെന്നുമുള്ള അഭ്യൂഹങ്ങളും പരന്നു.
അപ്പോഴേക്കും നാഡീസംബന്ധമായ പരിശോധനകള്‍ക്കൊടുവില്‍ റൊണാള്‍ഡോയ്ക്ക് കാര്യമായ കുഴപ്പമില്ലെന്ന് ടീം ഡോക്ടര്‍ വിധിച്ചു. പരിശോധന കഴിഞ്ഞ് സ്റ്റേഡിയത്തില്‍ എത്തിയ റൊണാള്‍ഡോ കണ്ടത് താനില്ലാത്ത ടീം പട്ടികയാണ്. തളര്‍ന്നിരുന്നെങ്കിലും കോച്ച് മാരിയോ സഗാലോയോട് റൊണാള്‍ഡോ ഒന്നുമാത്രമേ പറഞ്ഞുള്ളൂ: 'എനിക്ക് കളിക്കണം.'
താരത്തിന്റെ നിര്‍ബന്ധത്തിന് സഗാലോ വഴങ്ങി. കിക്കോഫിന് മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ, എഡ്മുണ്ടോയെ മാറ്റി റൊണാള്‍ഡോയെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി പുതിയ പ്രഖ്യാപിച്ചു. ഫുട്‌ബോള്‍ ലോകം അമ്പരന്ന ഒരു മണിക്കൂറിലേറെ നേരത്തിന് അവിടെ വിരാമമായെങ്കിലും, പാരീസിലെ പുല്‍മൈതാനത്ത് കണ്ടത് പഴയ റൊണാള്‍ഡോയെ ആയിരുന്നില്ല. 90 മിനിറ്റ് അദ്ദേഹം ഓടിത്തീര്‍ത്തു എന്ന് പറയാം. സിദാന്റെ രണ്ട് ബുള്ളറ്റ് ഹെഡറുകള്‍ ബ്രസീല്‍ വല തുളച്ചുകയറി. ഫലം, എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബ്രസീല്‍ പരാജയപ്പെട്ടു. സിദാനും സംഘവും കന്നി കിരീടത്തില്‍ മുത്തമിട്ടു. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഗ്രൗണ്ടില്‍ തലകുനിച്ചുനില്‍ക്കുന്ന റൊണാള്‍ഡോയുടെ ചിത്രം ഇന്നും ആരാധകരുടെ നൊമ്പരമാണ്.
അന്ന് റൊണാള്‍ഡോയ്ക്ക് യഥാര്‍ത്ഥത്തില്‍ എന്തുപറ്റി എന്നതിന് ഇന്നും വ്യക്തമായ ഉത്തരമില്ല. സമ്മര്‍ദ്ദം മൂലം ഉണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണെന്നും അതല്ല നൈക്കി പോലുള്ള സ്‌പോണ്‍സര്‍മാരുടെ സമ്മര്‍ദ്ദം മൂലമാണ് അദ്ദേഹം കളിക്കാനിറങ്ങിയതെന്നും വാദങ്ങളുണ്ട്. എങ്കിലും, ഫുട്‌ബോള്‍ ചരിത്രത്തിലെ നാടകീയമായ ആ മണിക്കൂറുകള്‍ ഇന്നും ഒരു കായിക രഹസ്യമായി തുടരുന്നു.
98ല്‍ പാരീസില്‍ ഫോം ഔട്ടായ റൊണാള്‍ഡോ നാല് കൊല്ലം കൊണ്ട് അവിശ്വസനീയമായ തിരിച്ചുവരവാണ് നടത്തിയത്. 2002 ഫൈനലില്‍ ആ ടൂര്‍ണമെന്റിലെ ബെസ്റ്റ് പ്ലെയര്‍ അവാര്‍ഡിനര്‍ഹനായ ജര്‍മന്‍ ഗോള്‍കീപ്പര്‍ ഒലിവര്‍ കാനെ രണ്ടുതവണ കീഴടക്കിയ റൊണാള്‍ഡോ ഏറെക്കുറെ തനിച്ച് ബ്രസീലിന് കപ്പ് നേടിക്കൊടുത്തു. ആ ടൂര്‍ണമെന്റില്‍ ഒരു കളിയിലൊഴികെ എല്ലാത്തിലും ഗോള്‍ അടിച്ചു, എട്ടുഗോളുമായി ഗോള്‍ഡന്‍ ബൂട്ടിന് അര്‍ഹനുമായി.
English Summary: Hours before the 1998 World Cup final against France, Brazilian superstar Ronaldo Nazário suffered a sudden, seizure-like medical emergency in his hotel room—a terrifying incident witnessed by teammate Roberto Carlos that left the entire squad deeply shaken. Although initially dropped from the official starting lineup in favor of Edmundo, Ronaldo was cleared by doctors and fiercely insisted on playing, prompting coach Mário Zagallo to reinstate him just minutes before kick-off. However, a visibly subdued Ronaldo was a shadow of his usual dynamic self on the pitch, and Brazil suffered a crushing 3-0 defeat to Zinedine Zidane's French side. While the true cause of his illness remains one of football's greatest unsolved mysteries—with theories split between extreme nervous stress and immense pressure from corporate sponsors—Ronaldo ultimately staged an incredible redemption arc four years later, scoring twice against Germany in the 2002 final to guide Brazil to World Cup glory.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."