വിജയോത്സവം: ജില്ലയെ ഒന്നാമതെത്തിക്കാന്‍ കര്‍മ പദ്ധതി
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് വിജയോത്സവം പദ്ധതിയുടെ ഭാഗമായി എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം ഉറപ്പാക്കാനുള്ള പദ്ധതികള്‍ക്ക് സ്‌കൂള്‍തല കണ്‍വീനര്‍മാരുടെ ജില്ലാതല ശില്‍പശാല രൂപം നല്‍കി. പത്താംതരം പരീക്ഷയില്‍ ജില്ലയെ ഒന്നാമതെത്തിക്കുന്നതിനും 15 ശതമാനം പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ഉറപ്പാക്കുന്നതിനുമാണ് കര്‍മ പദ്ധതി തയാറാക്കുന്നത്. പാദവാര്‍ഷിക പരീക്ഷയ്ക്ക് ലഭിച്ച സ്‌കോറിന്റെ അടിസ്ഥാനത്തിലുള്ള പരിഹാര പ്രവര്‍ത്തനങ്ങള്‍ക്കാണ് രണ്ടാം ടേമില്‍ ഊന്നല്‍ നല്‍കുക. വിഷയാടിസ്ഥാനത്തില്‍ സ്‌കൂള്‍തലത്തിലും മേഖലാതലത്തിലും സബ്ജക്ട് ക്ലിനിക്കുകള്‍ സംഘടിപ്പിക്കും.
30നകം പി.ടി.എ ചേര്‍ന്നു പഠനപുരോഗതി വിലയിരുത്തും. ഗൃഹസന്ദര്‍ശനം, പഠനോത്സവം ക്യാംപുകള്‍ തുടങ്ങിയവയും സ്‌കൂളുകളില്‍ സംഘടിപ്പിക്കും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് അധ്യക്ഷനായി. ഡി.ഡി.ഇ ഡോ. ഗിരീഷ് ചോലയില്‍, കെ. പ്രഭാകരന്‍, എം. പ്രസന്നകുമാരി, ടി.കെ രാജേന്ദ്രന്‍, വി.വി പ്രേമരാജന്‍, കെ. രാധാകൃഷ്ണന്‍, കെ. വിനോദ്കുമാര്‍, എം. ജയകൃഷ്ണന്‍, ടി. അബ്ദുല്‍ റസാഖ്, കെ.കെ ശിവദാസന്‍, സി.കെ വാസു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."