രണ്ടു മണിക്കൂറില്‍ ബയോ കമ്പോസ്റ്റ്: കാര്‍ഷിക സര്‍വകലാശാലയുടെ കണ്ടുപിടുത്തം 'ഷിജിത'
തിരുവനന്തപുരം: ഭക്ഷ്യ മാലിന്യങ്ങളെ രണ്ടു മണിക്കൂര്‍ കൊണ്ട് വളമാക്കാന്‍ കഴിവുള്ള ' ഷിജിത' എന്നു പേരിട്ടിരിക്കുന്ന യന്ത്രവുമായി കേരള കാര്‍ഷിക സര്‍വകലാശാല. വര്‍ഷങ്ങളായി വെള്ളായണിയിലെ സര്‍വകലാശാലാ ആസ്ഥാനത്ത് നടത്തിവന്ന പരീക്ഷണങ്ങളുടേയും നിരീക്ഷണങ്ങളുടേയും ഫലമായാണ് പുതിയ ബയോ കമ്പോസ്റ്റ് മെഷീന്‍ വ്യാവസായികാടിസ്ഥാനത്തില്‍ വികസിപ്പിച്ചിരിക്കുന്നത്.
കേരളത്തില്‍ മാലിന്യ സംസ്‌കരണത്തിനായി ഇന്‍സിനറേറ്ററും, തുമ്പൂര്‍മൊഴി പദ്ധതിയും പരീക്ഷിച്ച് പരാജയപ്പെട്ടിടത്താണ് 'ഷിജിത' യുമായി കാര്‍ഷിക സര്‍വകലാശാല മുന്നോട്ടു വന്നിരിക്കുന്നത്. മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ ഈ യന്ത്രത്തിനാകുമെന്നാണ് പ്രതീക്ഷ. മൂന്നുലക്ഷം രൂപ വിലയുള്ള യന്ത്രം പ്രവര്‍ത്തിക്കുന്നത് വൈദ്യുതിയിലാണ് (ത്രീ ഫേസ്). നിലവില്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലും, വനംവകുപ്പിനുവേണ്ടി തെന്‍മല ഇക്കോടൂറിസം കേന്ദ്രത്തിലും ഓരോ യന്ത്രങ്ങള്‍ സ്ഥാപിക്കും. 25 കിലോ മാലിന്യം വളമാക്കാന്‍ സാധ്യമാകുന്ന യന്ത്രങ്ങളാണ് ആദ്യഘട്ടത്തില്‍ സ്ഥപിക്കുന്നത്.
200 സ്‌ക്വയര്‍ ഫീറ്റിനുള്ളില്‍ ഇത് സ്ഥാപിക്കാനാകുമെന്ന് കാര്‍ഷിക സര്‍വകലാശാലാ അധികൃതര്‍ പറയുന്നു. കാര്‍ഷിക കോളജില്‍ രണ്ടു യന്ത്രങ്ങള്‍ 2013ല്‍ സ്ഥാപിച്ചിരുന്നു. ഒരുടണ്‍ ഭക്ഷ്യമാലിന്യങ്ങള്‍ വളമാക്കാന്‍ കഴിയുന്നതായിരുന്നു ഇവ. ഇപ്പോഴും സര്‍വകലാശാലാ ആസ്ഥാനത്ത് വിത്തിനങ്ങള്‍ക്കായി വളര്‍ത്തുന്ന വിളകള്‍ക്ക് ഇതില്‍ നിന്നും ലഭിക്കുന്ന വളമാണുപയോഗിക്കുന്നത്. ഏഴു വര്‍ഷമായി മാലിന്യ സംസ്‌കരണത്തിന്റെ ആധുനിക സാങ്കേതിക വിദ്യകള്‍ കണ്ടെത്താന്‍ കാര്‍ഷിക സര്‍വകലാശാല വിവിധ സംഘടനകളുമായി സഹകരിച്ച് പരീക്ഷണങ്ങള്‍ നടത്തി വരുന്നുണ്ട്.
'ഷിജിത' എന്നു പേരിട്ടിട്ടുള്ള ഈ ബയോ കമ്പോസ്റ്റ് മെഷീന്‍ നിര്‍മാണ പരീക്ഷണത്തില്‍ കാര്‍ഷിക സര്‍വകലാശാലയോടൊപ്പം ഇന്നോവേഷന്‍ എക്‌സ്പീരിയന്‍സ്, മുത്തൂറ്റ് എന്നീ സ്ഥാപനങ്ങളും സഹകരിച്ചിട്ടുണ്ട്. 2015ല്‍ തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്ത് 'ഷിജിത' സ്ഥാപിച്ചിരുന്നു. 70 വീടുകളില്‍ നിന്നുള്ള രണ്ടു ടണ്ണിലധികം ഭക്ഷ്യമാലിന്യങ്ങള്‍ വളമാക്കിയിരുന്നു.
എന്നാല്‍, പിന്നീട് ഈ മെഷീന്‍ ഫലപ്രദമായി ഉപയോഗിക്കാനോ, പരിചരിക്കാനോ ആരും തയാറായില്ല. തദ്ദേശ സ്ഥാപനങ്ങള്‍ പോലും മാലിന്യ സംസ്‌കരണത്തിനായി കോടികള്‍ ചെലവഴിക്കുമ്പോള്‍ ഈ യന്ത്രം പരീക്ഷിക്കാന്‍ പോലും ശ്രമിച്ചില്ല. ആലപ്പുഴയിലെ തുമ്പൂര്‍മൊഴി മാലിന്യ സംസ്‌കരണ പദ്ധതി നടപ്പാക്കുന്നതിനായി തിരുവനന്തപുരം കോര്‍പറേഷനടക്കം മുന്നോട്ടു വരികയും ചെയ്തു.
ധനമന്ത്രി തോമസ് ഐസക് തുമ്പൂര്‍ മൊഴി പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായി മാറിയതോടെ മാലിന്യ സംസ്‌കരണ പദ്ധതിക്ക് പുതിയമുഖം കൈവന്നു. എന്നാല്‍, തുമ്പൂര്‍ മൊഴി പദ്ധതി നടപ്പാക്കിയ തദ്ദേശ സ്ഥാപനങ്ങളിലെ ഇപ്പോഴത്തെ സ്ഥിതി ദയനീയമാണ്. എത്തിക്കുന്ന മാലിന്യം പൂര്‍ണ്ണമായി സംസ്‌കരിക്കാനോ, വളമാക്കി വില്‍ക്കാനോ ആളില്ലാത്ത അവസ്ഥയാണ്.
തോമസ് ഐസക് എം.എല്‍.എയില്‍ നിന്നും ധനമന്ത്രി ആയതോടെ തുമ്പൂര്‍മൊഴി പദ്ധതിയും തഴയപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങളുടെ മാലിന്യ ഫാക്ടറികള്‍ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളില്‍ ഇപ്പോഴും പ്രതിഷേധം പുകയുന്നുണ്ട്.
ഈ അവസ്ഥ മറികടക്കാന്‍ സര്‍ക്കാരോ, തദ്ദേശ സ്ഥാപനങ്ങളോ പുതിയ സംവിധാനങ്ങളെ കുറിച്ച് ചിന്തിച്ചിട്ടില്ല. മാലിന്യ സംസ്‌കരണത്തിനു വേണ്ടി കോടികള്‍ ധൂര്‍ത്തടിക്കുമ്പോഴാണ് കാര്‍ഷിക സര്‍വകലാശാല പുതിയ യന്ത്രവുമായി രംഗത്തു വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."