തെരഞ്ഞെടുപ്പിന് 17 ദിവസം; നീലഗിരി പ്രചാരണ ചൂടിലേക്ക്
ഗൂഡല്ലൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തതോടെ നീലഗിരി രാഷ്ട്രീയ ചൂടിലേക്ക്. ഈ മാസം 17നാണ് തെരഞ്ഞെടുപ്പ്. എന്നാല്‍ മിക്ക പാര്‍ട്ടികളിലേയും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഭരണ കക്ഷിയായ എ.ഐ.എ.ഡി.എം.കെ ചിലയിടങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മറ്റു പാര്‍ട്ടികളൊന്നും ഇതുവരെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനത്തിലെത്തിയിട്ടില്ല.
എന്നാല്‍ എ.ഐ.എ.ഡി.എം.കെയിലെ സീറ്റ് വിഭജനവും പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. ഊട്ടി നഗരസഭയിലെ നിലവിലെ ചെയര്‍പേഴ്സണ്‍ കെ സത്യഭാമക്ക് പാര്‍ട്ടി സീറ്റ് നല്‍കിയിട്ടില്ല. നഗരസഭയില്‍ കാര്യമായ വികസനം കൊണ്ടുവരാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സീറ്റ് നിഷേധിച്ചിരിക്കുന്നത്. കൂടാതെ നിലവിലെ ചില കൗണ്‍സിലര്‍മാര്‍ക്ക് സീറ്റ് നല്‍കിയിട്ടില്ല.
ഡി.എം.കെ, ഡി.എം.ഡി.കെ, കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, ബി.ജെ.പി, വിടുതലൈ ശിറുതൈ, പി.എം.കെ, എം.ഡി.എം.കെ, ലീഗ് എന്നീ പാര്‍ട്ടികളെല്ലാം ആദ്യഘട്ട ചര്‍ച്ചകള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഈമാസം മൂന്നാണ്.
അതിന് മുമ്പേ പാര്‍ട്ടിക്കുള്ളിലേയും ഘടക കക്ഷികളുടേയും സീറ്റ് തര്‍ക്കം പരിഹരിക്കാനുള്ള നെട്ടോട്ടത്തിലാണ് നേതാക്കള്‍. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് കൂടുതല്‍ സമയം ലഭിക്കാത്തതും നേതൃത്വത്തെ വെട്ടിലാക്കുന്നുണ്ട്. നീലഗിരി ജില്ലയില്‍ 35 ഗ്രാമ പഞ്ചായത്തുകളും 11 ടൗണ്‍ പഞ്ചായത്തുകളും നാല് നഗരസഭകളുമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."