ആരോഗ്യസാക്ഷരതയുടെ വിളംബരവുമായി സഹചാരി സെന്ററുകള്‍
ജീവിതശൈലീരോഗങ്ങളാല്‍ മലയാളി അതിസങ്കീര്‍ണ്ണമായ വെല്ലുവിളികള്‍ നേരിടുകയാണ്. രോഗികളുടെയും ആശുപത്രികളുടെയും എണ്ണം പരസ്പരം മത്സരിക്കുകയാണിന്ന്. തികഞ്ഞ കച്ചവടസ്ഥാപനങ്ങളായി ആശുപത്രികള്‍ മാറിക്കൊണ്ടിരിക്കുന്നു. വൈദ്യശാസ്ത്രരംഗത്തുണ്ടായ പുരോഗതി പകര്‍ച്ചവ്യാധികളെ അകറ്റാന്‍ പര്യാപ്തമായെങ്കിലും ഭീതിപ്പെടുത്തുന്ന പുതിയ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ രൂക്ഷമായ പ്രതിസന്ധി നേരിടുകയാണ്.
പുതിയ ഭക്ഷണക്രമത്തെ പഴിച്ച് പൂര്‍ണ വെജിറ്റേറിയന്‍ രീതി സ്വീകരിച്ചവര്‍ക്കുപോലും ജീവിതശൈലീരോഗത്തിന്റെ പട്ടികയില്‍പ്പെടുത്തപ്പെട്ടവയില്‍ നിന്നു മോചനം ലഭിക്കുന്നില്ല. ലോക ഹൃദയദിനത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടനുസരിച്ചു ലോകത്തിലെ മൂന്നിലൊന്നുപേരും മരിക്കുന്നത് ഹൃദയാഘാതം മൂലമാണ്. തിരക്കേറിയ ആധുനിക ജീവിതശൈലിയില്‍ വ്യായാമത്തിനു സമയമില്ലാതായതാണു ഹൃദയാഘാതത്തിനു പ്രധാനകാരണമെന്നു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ചികിത്സാരംഗത്തെ വന്‍ചെലവുകള്‍ക്കു മുന്നില്‍ രോഗി തളരുന്നു. നമ്മുടെ ആതുരരംഗം രോഗാതുരമാണെന്നു ചുരുക്കം.
സര്‍ക്കാര്‍ ആശുപത്രികളില്‍ മെച്ചപ്പെട്ട ചികിത്സയും മരുന്നുകളും ലഭ്യമാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും ഇപ്പോഴും ഒട്ടേറെ പോരായ്മകള്‍ നിലനില്‍ക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലെ ചികിത്സ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്കു താങ്ങാനാവില്ല. മാരകരോഗങ്ങള്‍ പിടിപെട്ടു ചികിത്സാച്ചെലവു താങ്ങാനാവാതെ കഷ്ടപ്പെടുന്ന രോഗികളെ സഹായിക്കാന്‍ ജനകീയ കമ്മിറ്റികള്‍ രൂപീകരിച്ചു പൊതുജനങ്ങള്‍ക്കിടയില്‍നിന്നു സംഭാവന ശേഖരിക്കുന്നവരുടെ പരസ്യങ്ങളും വാര്‍ത്തകളും പത്രകോളങ്ങളിലെ സ്ഥിരംകാഴ്ചയാണ്.
അതിനിടയില്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നവരെക്കുറിച്ചുള്ള വാര്‍ത്തകളും കേള്‍ക്കാന്‍ തുടങ്ങി. ചികിത്സ നിഷേധിച്ചതുമൂലവും അധികൃതരുടെ അശ്രദ്ധ കാരണവും ജീവന്‍ ഹോമിപ്പിക്കപ്പെടാന്‍ കാരണമായ സംഭവങ്ങളും നമ്മുടെ നാട്ടില്‍ത്തന്നെ ഉണ്ടായിട്ടുണ്ട്. ചികിത്സാരംഗം ചൂഷണവേദിയായി മാറിയിരിക്കുന്നു. ജീവന്‍ രക്ഷാമരുന്നുകളെങ്കിലും ന്യായവിലയില്‍ ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ കേര്‍പ്പറേറ്റ് ഭീമന്മാര്‍ക്കു മുന്നില്‍ പരാജയപ്പെടുകയാണ്.
ആരോഗ്യസാക്ഷരതയ്ക്കായുള്ള ബോധവത്ക്കരണത്തിന്റെ ആവശ്യം അനിവാര്യമാകുന്നത് ഈ സന്ദര്‍ഭത്തിലാണ്. സര്‍ക്കാര്‍ ആശുപത്രികള്‍ സംരക്ഷിക്കാനും മെച്ചപ്പെട്ട ചികിത്സയും മറ്റു സൗകര്യങ്ങളും ലഭ്യമാക്കാനും ശ്രമങ്ങളുണ്ടാവണം. ജനകീയ കൂട്ടായ്മകള്‍ രൂപീകരിച്ച് ഈ നീക്കം ഫലപ്രദമാക്കാവുന്നതാണ്. വാര്‍ഡുകളുടെ അറ്റകുറ്റ പണി ഏറ്റെടുത്തും നവീകരിച്ചും ഉപകരണങ്ങളും മറ്റും നല്‍കിയും സേവനം നടത്തുന്ന വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും ഇപ്പോള്‍ത്തന്നെയുണ്ട്. അതിലൊന്നാണ് എസ്.കെ.എസ്.എസ്.എഫ് സഹചാരി റിലീഫ് സെല്‍.
പത്തുവര്‍ഷമായി ആതുരസേവനരംഗത്ത് ചെറിയൊരു ചുവടുവെപ്പെന്ന നിലയില്‍ ഈ പ്രസ്ഥാനം പ്രവര്‍ത്തിച്ചുവരുന്നു. മാരകരോഗങ്ങള്‍ പിടിപെട്ടവരും റോഡപകടങ്ങളില്‍ ഗുരുതരമായി പരിക്കുപറ്റിയവരുമായ നിര്‍ധനര്‍ക്കു ധനസഹായം നല്‍കുന്ന പദ്ധതിയാണു റിലീഫ് സെല്‍ ആദ്യഘട്ടത്തില്‍ നടത്തിയത്. ജനങ്ങള്‍ നല്‍കുന്ന പണം അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ അവരുടെ അഭിമാനത്തിനു ക്ഷതമേല്‍ക്കാത്ത വിധം എത്തിക്കലാണത്. ഇതൊടൊപ്പം സംഘടയുടെ സന്നദ്ധവിഭാഗമായ വിഖായ വളന്റിയര്‍മാര്‍ വിവിധ ആശുപത്രികള്‍ കേന്ദ്രീകരിച്ചും സേവനം നടത്തുന്നു. നിര്‍ധനരായ കാന്‍സര്‍ കിഡ്‌നി രോഗികള്‍ക്കും വിധവകള്‍ക്കും വിവിധസംഘടനകളുടെ സഹകരണത്തോടെ സഹായംനല്‍കുന്നു.
ആതുരമേഖലയില്‍ അനിവാര്യമായി നടക്കേണ്ട സേവനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തു നൂറ് സഹചാരി സെന്ററുകള്‍ തുടങ്ങാന്‍ എസ്.കെ.എസ്.എസ്.എഫ് പദ്ധതിയാവിഷ്‌കരിച്ചിട്ടുണ്ട്. നിശ്ചിതമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സംഘടയുടെ മേഖല, ക്ലസ്റ്റര്‍ തലങ്ങളില്‍ ആരംഭിക്കുന്ന ഈ സംരംഭം ആരംഭിക്കാന്‍ നൂറ്റിഎഴുപത് അപേക്ഷകള്‍ ലഭിച്ചുകഴിഞ്ഞു.
സംഘടനയുടെ സന്നദ്ധവിഭാഗമായ വിഖായയുടെ വാര്‍ഷിക സേവനദിനമായ ഒക്ടോബര്‍ രണ്ടിന്, ഗാന്ധിജയന്തി ദിനത്തില്‍, സേവനപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന മഹിതമാതൃകയില്‍ സംഘടനയും പങ്കാളിയായി 170 സഹചാരി സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിക്കും. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലും ഇതൊടൊപ്പം സെന്ററുകള്‍ തുടക്കം കുറിക്കുകയാണ.്
വിഖായ വളന്റിയര്‍മാരുടെ സേവനപ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമായി സഹചാരി സെന്ററുകള്‍ പ്രവര്‍ത്തിക്കും. ആതുരരംഗത്തുള്ള വിവിധ സേവനങ്ങള്‍ അവിടെ ലഭ്യമാക്കുകയാണ് ഉദ്ദേശം.
ശാരീരികാവശത അനുഭവിക്കുന്ന രോഗികള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍, സര്‍ക്കാരിന്റെയും അല്ലാത്തതുമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഹെല്‍പ്പ് ഡസ്‌ക്, പ്രഥമശുശ്രൂഷാസൗകര്യങ്ങള്‍, രോഗീപരിചരണം, മയ്യിത്ത് പരിപാലനം, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, സഹചാരിയുടെ വിവിധ പദ്ധതികള്‍ ലഭ്യമാക്കുന്നതിനുള്ള കേന്ദ്രം തുടങ്ങിയ സേവനങ്ങള്‍ പ്രഥമഘട്ടത്തില്‍ സൗജന്യമായി ലഭ്യമാകും.
കൂടാതെ പരിശീലനം ലഭിച്ച വിഖായ വളന്റിയര്‍മാരുടെ സേവനവും ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ ആശുപത്രികളുമായി സഹകരിച്ചു വിപുലമായ ആതുരസേവന പദ്ധതികളും ഉദ്ദേശിക്കുന്നുണ്ട്. കാന്‍സര്‍ വിമുക്തഗ്രാമപദ്ധതി രണ്ടാംഘട്ട കര്‍മ്മപരിപാടിയാണ്.
ആശുപത്രികള്‍ മെച്ചപ്പെടുത്തുകയും രോഗികള്‍ക്ക് ആശ്വാസം ലഭിക്കാന്‍ പരിശ്രമിക്കുമ്പോള്‍ത്തന്നെ ആരോഗ്യമുള്ള സമൂഹത്തെ സ്വപ്നം കണ്ടുകൊണ്ടു ചില സാമൂഹ്യബാധ്യതകള്‍ നമുക്കു നിര്‍വഹിക്കാനുണ്ട്. വിദ്യാഭ്യാസം, തൊഴില്‍, പാര്‍പ്പിടം, വെള്ളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള പരിശ്രമങ്ങളെപ്പോലെ ആരോഗ്യമുള്ള സമൂഹംകൂടി ലക്ഷ്യംവയ്‌ക്കേണ്ടതുണ്ട്. അതിനായി ആരോഗ്യ സാക്ഷരതയെന്ന സുപ്രധാന യജ്ഞത്തിനുകൂടി സഹചാരി തുടക്കം കുറിക്കുകയാണ്. ആരോഗ്യമുള്ള സമൂഹനിര്‍മിതിയാണ് രാഷ്ട്രനിര്‍മാണ പ്രക്രിയയുടെ മര്‍മം.
(എസ്.കെ.എസ്.എസ്.എഫ്
സംസ്ഥാന ജനറല്‍സെക്രട്ടറിയാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."