അയ്യംകുന്നില്‍ ഹര്‍ത്താല്‍ പൂര്‍ണം
ഇരിട്ടി: യൂത്ത് കോണ്‍ഗ്രസ്, പരിസ്ഥിതി സമിതി, സംയുക്ത സമരസമിതി എന്നിവയുടെ നേതൃത്വത്തില്‍ അയ്യംകുന്നില്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം. അയ്യങ്കുന്നിലെ ചില ക്രഷര്‍ യൂണിറ്റുകളുടെ യന്ത്രശേഷി വര്‍ധിപ്പിക്കാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ ആചരിച്ചത്. കടകള്‍ പൂര്‍ണമായും അടഞ്ഞു കിടന്നു. ഹര്‍ത്താല്‍ വാഹന ഗതാഗതത്തെ ബാധിച്ചില്ല. ബി.ജെ.പിയും സി.പി.എമ്മും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരും തള്ളിക്കയറി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും സമരക്കാരും പൊലിസും തമ്മിലുള്ള പിടിവലിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് വലിയതൊട്ടിക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കരിങ്കല്‍ ക്വാറി, ക്രഷര്‍ യൂണിറ്റിന്റെ യന്ത്രശേഷി വര്‍ധിപ്പിക്കുന്നതിന് അനുമതി നല്കാന് പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നു വന്നിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."