ജയലളിതയോട് തനിക്കു പ്രേമമായിരുന്നു: കട്ജു
ചെന്നൈ: ജയലളിതയോട് ചെറുപ്പത്തില്‍ തനിക്ക് പ്രേമമായിരുന്നുവെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ചെറുപ്പത്തില്‍ സുന്ദരിയായിരുന്ന ജയലളിതയുടെ ചിത്രംകണ്ട് എനിക്കവരോട് പ്രേമംതോന്നി. ജയലളിത ഒരിക്കലും അതറിഞ്ഞിരുന്നില്ല, അതുകൊണ്ടുതന്നെ തിരിച്ചുകിട്ടാത്ത സ്‌നേഹമായിരുന്നു. ഇങ്ങിനെ പോവുന്നു കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. രണ്ടുതവണയേ അവരെ നേരിട്ടുകണ്ടിട്ടുള്ളു. 2004 നവംബറില്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യുമ്പോഴാണ് ആദ്യമായി കണ്ടത്. സുന്ദരമായ ഇംഗ്ലീഷില്‍ അവര്‍ എന്നോടും ഭാര്യയോടും സംസാരിച്ചു. കട്ജു തുടര്‍ന്നു. അസുഖബാധിതയായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ കഴിയുന്ന ജയലളിത രോഗം ഭേദമായി വേഗം തിരിച്ചുവരട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. പ്രസ് കൗണ്‍സില്‍ ചെയര്‍മാനായിരിക്കെയാണ് രണ്ടാം തവണ ജയലളിതയെ കാണുന്നത്. വിരമിച്ച ജഡ്ജിമാര്‍ക്ക് വീട്ടുജോലിക്ക് ആളെ വയ്ക്കുന്നതിന് പ്രതിമാസം ചെറിയൊരു തുക അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നതിന് വേണ്ടിയായിരുന്നു അത്. ചെന്നൈ സെക്രട്ടേറിയറ്റിലെ രണ്ടാം നിലയില്‍ പോയി ജയലളിതക്ക് നിവേദനം കൈമാറി. രണ്ടാഴ്ചയ്ക്കുള്ളില്‍ ജയലളിത അത് സാധിച്ചു തന്നു. ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായിരിക്കെ ജയലളിത തന്നോട് ഒരു തരത്തിലുള്ള ശുപാര്‍ശയും ചെയ്തിരുന്നില്ല. അതിനാല്‍ അവരോട് തനിക്ക് ബഹുമാനമായിരുന്നുവെന്ന് കട്ജു പറഞ്ഞു. അസുഖബാധിതയായ ജയലളിതയുടെ നാശം ആഗ്രഹിക്കുന്നവര്‍ നിരാശരാവുമെന്നും കട്ജു ഫേസ്ബുക്കില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."