ഇ.പി: കണ്ണൂരിലെ സമാധാനവാദി; ചങ്കൂറ്റത്തിനുള്ളില്‍ കാരുണ്യമൊളിപ്പിച്ച നേതാവ്
കണ്ണൂര്‍: സി.ബി.ഐയെവരെ പോടാപുല്ലെയെന്നു വിളിക്കാനുള്ള ചങ്കൂറ്റമുള്ള നേതാവാണ് ഇ.പി. എതിരാളികളെ വിമര്‍ശിക്കലല്ല കൊന്നുകൊലവിളിക്കലാണ് ഇ.പി സ്റ്റൈല്‍. ഇഷ്ടമില്ലാത്ത ചോദ്യമുയര്‍ന്നാല്‍ ആരോടും തട്ടിക്കയറും. മാധ്യമപ്രവര്‍ത്തകരില്‍ പലരും ആ നാക്കിന്റെ ചൂടറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഭരണത്തില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയായിരുന്നു ജയരാജ താഡനമേറ്റു വാങ്ങിയ നേതാക്കളില്‍ പ്രധാനി. നിയമസഭയില്‍ മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു ഇടതു എം.എല്‍.എമാര്‍ നടത്തിയ പ്രതിഷേധത്തിനിടെ ഇ.പി നടത്തിയ പ്രകടനം ചാനലുകള്‍ പലവട്ടം കാണിച്ചതാണ്.
സി.പി.എമ്മിലെ മുതലാളിത്തക്കാരന്‍, വിസ്മയപാര്‍ക്കിന്റെ ശില്‍പ്പി, കട്ടന്‍ചായയും പരിപ്പുവടയും ഉപേക്ഷിക്കാന്‍ കമ്മ്യൂണിസ്റ്റുകാരോട് ആവശ്യപ്പെട്ട മാടമ്പി, ചാക്കിന്റെയും മാര്‍ട്ടിന്റെയും തോഴന്‍ എന്നിങ്ങനെ പോകുന്നു ഇ.പിക്കെതിരേയുള്ള എതിരാളികളുടെയും സ്വന്തം പാര്‍ട്ടിക്കാരുടെയും പരാതികള്‍.
വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ സോഷ്യല്‍ മീഡിയ ഇത്രമാത്രം ട്രോളിയ മറ്റൊരു നേതാവില്ല. മുഹമ്മദലിയെ മലയാളിയാക്കിയത് ട്രോളുകളുടെ മലവെള്ളപ്പാച്ചില്‍ തീര്‍ത്തു. അഞ്ജുബോബിജോര്‍ജുമായുള്ള ഉടക്കും വന്‍വിവാദമായി. ഇങ്ങനെ സര്‍വരും കുരിശിലേറ്റുന്ന ഇ.പിക്ക് മറ്റൊരു മുഖവുമുണ്ട്.
യഥാര്‍ഥത്തില്‍ കണ്ണൂരിലെ ഏറ്റവും സമാധാനവാദിയെ നേതാക്കളിലൊരാളാണ് ഇ.പി ജയരാജന്‍. ഒരിക്കലും രക്തപ്പുഴയൊഴുക്കാന്‍ അദ്ദേഹം താല്‍പര്യം കാണിച്ചില്ല. ഇ.കെ നായനാര്‍ക്കു ശേഷം കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങള്‍ നാടിന്റെ വികസനവും സമാധാനവും നശിപ്പിക്കുമെന്നു വിശ്വസിച്ച നേതാക്കളിലൊരാള്‍. ഇ.പി പൊതുവേദികളില്‍ പലതവണ ഈ ചോരക്കളി നിര്‍ത്തണമെന്നു പറഞ്ഞിട്ടുണ്ട്.
ബോംബുരാഷ്ട്രീയത്തിന് ഇരയായി ഇ.പിയും മാറിയിട്ടുണ്ട്. പാനൂര്‍ ഏലാങ്കോടില്‍ ഒരു പൊതുയോഗത്തില്‍ പങ്കെടുത്തുമടങ്ങവെ അദ്ദേഹം സഞ്ചരിച്ച കാറിനു നേരെ ആര്‍. എസ്. എസ് പ്രവര്‍ത്തകര്‍ ഒളിഞ്ഞിരുന്നു ബോംബെറിഞ്ഞുവെങ്കിലും ബോംബു പൊട്ടിയില്ല. 1995-ല്‍ ജില്ലാസെക്രട്ടറിയായിരിക്കെ ചണ്ഡിഗഡില്‍ നടന്നപതിനഞ്ചാം പാര്‍ട്ടികോണ്‍ഗ്രസില്‍ പങ്കെടുത്തു മടങ്ങവെ ആന്ധ്രാപ്രദേശിലെ ചീരാല റെയില്‍വേ സ്റ്റേഷനു സമീപംവച്ച് ഇ.പിയെ വെടിവച്ചുകൊല്ലാന്‍ വാടകക്കൊലയാളികള്‍ ശ്രമിച്ചു. പിന്‍കഴുത്തില്‍ തറച്ച ആ വെടിയുണ്ട ഇപ്പോഴും പേറിയാണ് ഇ. പി ജീവിക്കുന്നത്.
അക്രമരാഷ്ട്രീയത്തിന്റെ ഇരയായി മാറിയ ജയരാജന്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടവരോടൊപ്പം നിലയുറപ്പിച്ച നേതാക്കളിലൊരാളാണ്.
കണ്ണൂരില്‍ അദ്ദേഹം തുടങ്ങിവച്ച വൃദ്ധസദനവും രോഗീപരിചരണ കേന്ദ്രവും മാതൃകയാക്കിയാണ് പിന്നീട് പാര്‍ട്ടി പെയിന്‍ ആന്‍ഡ്പാലിയേറ്റിവ് രംഗത്തു സജീവമായി ഇടപെടാന്‍ ഐ.ആര്‍.പി.സിയെന്ന പേരില്‍ സന്നദ്ധസംഘടന രൂപീകരിച്ചത്. നല്ലസാഹിത്യംവായിക്കുന്ന നല്ലസിനിമ ആസ്വദിക്കുന്ന സംഗീതപ്രീയനായ ഒരു രാഷ്ട്രീയ നേതാവാണ് ഇ.പി. ലോഹിതദാസിന്റെ ജീവിതഗന്ധിയായസിനിമകള്‍ കണ്ടു കണ്ണുനിറയുന്ന സൗഹൃദയരില്‍ ഒരാള്‍.
ലോഹിയുടെ അവസാനകാലം വരെ അവര്‍ തമ്മില്‍ ഊഷ്മള ബന്ധം നിലനിന്നു. ഒടുവില്‍ ബന്ധങ്ങള്‍ക്കു മുന്‍പില്‍ എന്തും ചെയ്യുന്ന കൊല്ലരുതെന്നു ആവശ്യപ്പെടുന്ന നേതാവിന് പാര്‍ട്ടിയുടെ പാഠപുസ്തകത്തില്‍ ദുര്‍ബലതയെന്നു വിശേഷിപ്പിക്കുന്ന ഈ വികാരങ്ങളൊക്കെ തിരിച്ചടിയായി മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."