മുത്വലാഖ്: ലിംഗനീതിയാണ് പരിഗണിക്കുന്നതെന്നു രവിശങ്കര്‍ പ്രസാദ്
ന്യൂഡല്‍ഹി: മുത്വലാഖ്, ബഹുഭാര്യത്വം തുടങ്ങിയ വിഷയങ്ങളില്‍ ലിംഗനീതിയും തുല്യതയും സ്ത്രീകളുടെ അന്തസ്സും മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നതെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. എല്ലാ പൗരന്മാര്‍ക്കും തുല്യതയും ലിംഗനീതിയും ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. ഇക്കാര്യത്തില്‍ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഏകീകൃത പൊതുനിയമം കൊണ്ടുവരുന്നതിന്റെ ഭാഗമായി നിയമകമ്മിഷന്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം സ്വീകരിക്കുന്നത് മറ്റൊരു വിഷയമാണ്.
മുസ്‌ലിംസമുദായത്തില്‍ നിന്ന് തന്നെയുള്ള മുത്വലാഖിന്റെ ഇരകളാണ് ഈ വിഷയത്തില്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്. ഇക്കാര്യത്തില്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം ആരായുകയും സര്‍ക്കാര്‍ അത് അറിയിക്കുകയുമാണുണ്ടായത്. ആലോചനാ വിശാലതയോടെയുള്ള നിലാപാടാണ് കേന്ദ്രം ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഏക സിവില്‍കോഡ് നടപ്പാക്കുകയെന്നതല്ല ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തിന്റെ കാതല്‍. ജവഹര്‍ലാല്‍ നെഹ്്‌റു, സര്‍ദാര്‍ വല്ലഭായി പട്ടേല്‍, മൗലാനാ അബ്ദുല്‍ കലാം ആസാദ്, ഡോ. അംബേദ്കര്‍ തുടങ്ങിയ കോണ്‍ഗ്രസ് കാഴ്ച്ചപ്പാട് പുലര്‍ത്തുന്ന ഭരണഘടനാ ശില്‍പികളായ 99 ശതമാനം നേതാക്കളും ഏകസിവില്‍കോഡ് ഘട്ടംഘട്ടമായി രാജ്യത്ത് നടപ്പാക്കണമെന്ന് നിര്‍ദേശിച്ചവരാണ്.
ഭരണഘടനയുടെ 44ാം വകുപ്പ് ഇതിനെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."