പിടികൊടുക്കാതെ കോഴിക്കോട്
കോഴിക്കോട്: ഇനി ഒരു പകല്‍ മാത്രം ബാക്കി. നാളെ കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍ കോഴിക്കോടിന്റെ നെഞ്ചിടിപ്പും കൂടുകയാണ്. ഒന്നരമാസം നീണ്ട വാശിയേറിയ പ്രചാരണത്തിനൊടുവില്‍ വിജയ പ്രതീക്ഷയിലാണ് ഇരുമുന്നണികളും. യു.ഡി.എഫ് തരംഗം സംസ്ഥാനത്ത് ആഞ്ഞടിച്ചപ്പോള്‍ പോലും ഇളകാത്ത ഇടതുകോട്ടയായ ജില്ലയില്‍ ഇത്തവണ ഫലം പ്രവചനാതീതമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
2006ല്‍ നിലവിലുണ്ടായിരുന്ന 12 മണ്ഡലങ്ങളില്‍ 11ലും വിജയം കണ്ടത് എല്‍.ഡി.എഫായിരുന്നു. 2011ല്‍ മണ്ഡലങ്ങളുടെ എണ്ണം 13 ആയപ്പോള്‍ എല്‍.ഡി.എഫ് പത്തു സീറ്റിലും യു.ഡി.എഫ് മൂന്നു സീറ്റിലും വിജയിച്ചു. ഇടതുമുന്നണി ഇത്തവണയും തൂത്തുവാരുമെന്ന് അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ അത്ര പന്തിയല്ല കോഴിക്കോട്ടെന്നാണ് വിലയിരുത്തല്‍.
കുറ്റ്യാടി, നാദാപുരം, പേരാമ്പ്ര നിയോജക മണ്ഡലങ്ങളില്‍ അടിയൊഴുക്ക് ഭീതിയിലാണ് ഇടതുമുന്നണി. കുറ്റ്യാടിയില്‍ പാര്‍ട്ടി വോട്ടുകള്‍ ചോരുമെന്ന ഭയത്തിലാണ് സി.പി.എം നേതൃത്വം. ഇത് മുന്നില്‍കണ്ട് യു.ഡി.എഫിനെതിരേ ബി.ജെ.പി ബന്ധം ആരോപിച്ച് ഇടതുമുന്നണി രംഗത്തെത്തിയിട്ടുണ്ട്. പേരാമ്പ്രയില്‍ സ്ഥാനാര്‍ഥിക്കെതിരായ വികാരം വോട്ടിങ്ങില്‍ പ്രതിഫലിക്കുമെന്നും നേതൃത്വം ആശങ്കപ്പെടുന്നുണ്ട്. കഴിഞ്ഞ തവണ മൂന്നു സീറ്റ് നേടിയ യു.ഡി.എഫ് ഇത്തവണ നില മെച്ചപ്പെടുത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
സിറ്റിങ് സീറ്റുകളായ കോഴിക്കോട് സൗത്ത്, കൊടുവള്ളി, തിരുവമ്പാടി എന്നിവ നിലനിര്‍ത്തുന്നതോടൊപ്പം കുറ്റ്യാടി, നാദാപുരം, ബേപ്പൂര്‍, പേരാമ്പ്ര, കോഴിക്കോട് നോര്‍ത്ത്, ബാലുശ്ശേരി, വടകര, കൊയിലാണ്ടി എന്നിവ പിടിച്ചെടുക്കുമെന്നും യു.ഡി.എഫ് നേതൃത്വം അവകാശപ്പെടുന്നു. പത്തുവര്‍ഷമായി ഒറ്റ സീറ്റിലും വിജയം കണ്ടിട്ടില്ലാത്ത കോണ്‍ഗ്രസ് ഇത്തവണ മൂന്നു സീറ്റെങ്കിലും വിജയിക്കുമെന്നും അവര്‍ അവകാശപ്പെടുന്നു. ഇടത് വലത് കോട്ടകള്‍ ഇത്തരത്തില്‍ അവകാശ വാദമുന്നയിക്കുമ്പോള്‍ ജില്ലയില്‍ നിര്‍ണായക ശക്തി ആരെന്ന് തെളിയിക്കാനാണ് എന്‍.ഡി.എ ഒരുങ്ങുന്നത്.
കോഴിക്കോട്ടെ മണ്ഡലങ്ങളുടെ അവസാന ചിത്രത്തിലൂടെ:
വടകര
ഇത്തവണ ജില്ലയില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന വടകരയില്‍ എന്തും സംഭവിക്കുന്ന അവസ്ഥയാണുള്ളത്. യു.ഡി.എഫും എല്‍.ഡി.എഫും ഏറ്റുമുട്ടുന്ന മറ്റു മണ്ഡലങ്ങളില്‍ നിന്നു വ്യത്യസ്തമായി ആര്‍.എം.പിയും മത്സര രംഗത്തുള്ളതാണ് വടകരയിലെ പോരിന്റെ മാറ്റുകൂട്ടുന്നത്. യു.ഡി.എഫിലെ മനയത്ത് ചന്ദ്രനും എല്‍.ഡി.എഫിലെ സി.കെ നാണുവും ആര്‍.എം.പിയുടെ കെ.കെ രമയും ഇഞ്ചോടിഞ്ച് പോരടിക്കുന്ന ഇവിടെ എന്‍.ഡി.എക്കുവേണ്ടി അഡ്വ. എം. രാജേഷ്‌കുമാറും രംഗത്തുണ്ട്.
നാദാപുരം
കലാപങ്ങളുടെ ഭൂമിയെന്ന് കുപ്രസിദ്ധി നേടിയ നാദാപുരം ഇത്തവണയും കേന്ദ്ര സേനയുടെ കനത്ത സുരക്ഷാ വലയത്തിലാണ്. അവസാനം മണ്ഡലത്തില്‍ ബോംബ് നിര്‍മാണത്തിനിടെ ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതാണ് മണ്ഡലത്തിലെ സജീവ വോട്ട് ചര്‍ച്ച. രണ്ടാമൂഴത്തിനിറങ്ങുന്ന സിറ്റിങ് എം.എല്‍.എ ഇ.കെ വിജയനും യു.ഡി.എഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിന്റെ യുവനേതാവ് അഡ്വ. കെ. പ്രവീണ്‍കുമാറും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. എന്നാല്‍ ഇടതുകോട്ടയായ നാദാപുരത്ത് തങ്ങളുടെ സ്ഥാനാര്‍ഥിക്ക് ഒരു ഭീഷണിയുമില്ലെന്നാണ് ഇടതുപക്ഷം പറയുന്നത്. തൂണേരിയില്‍ കഴിഞ്ഞ വര്‍ഷം സി.പി.എം നേതൃത്വത്തില്‍ നടന്ന അക്രമവും കൊള്ളയും തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചാ വിഷയമാണ്. പ്രവാസി വോട്ടര്‍മാര്‍ ഏറെയുള്ള മണ്ഡലമായതിനാല്‍ അത്തരം വോട്ടുകളും നിര്‍ണായകമാണ്. എന്‍.ഡി.എക്കുവേണ്ടി എം.പി രാജന്‍ മത്സരിക്കുന്നുണ്ടെങ്കിലും കാര്യമായ ചലനം ഉണ്ടാക്കാന്‍ കഴിയില്ലെന്നാണ് സൂചന.
കുറ്റ്യാടി
ജില്ലയില്‍ ഇത്തവണ എല്‍.ഡി.എഫ് ഏറ്റവും ഭയത്തോടെ വീക്ഷിക്കുന്ന മണ്ഡലമാണ് കുറ്റ്യാടി. എല്‍.ഡി.എഫിനു വേണ്ടി മൂന്നാം തവണ ജനവിധി തേടുന്ന സി.പി.എം നേതാവ് കെ.കെ ലതികക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുകയാണ് യു.ഡി.എഫിലെ പാറക്കല്‍ അബ്ദുല്ല. സി.പി.എമ്മിലെ കാര്യങ്ങള്‍ അത്ര സുഖകരമല്ലാത്തതിനാല്‍ സാക്ഷാല്‍ സീതാറം യച്ചൂരി മുതല്‍ വി.എസും പിണറായിയും കോടിയേരിയുമെല്ലാം മണ്ഡലത്തില്‍ പ്രചാരണം നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്റെ ഭാര്യയായ ലതികക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന എതിര്‍പ്പുകള്‍ ഇപ്പോഴും പുകയുന്നത് സി.പി.എമ്മിന്റെ ആശങ്ക വര്‍ധിപ്പിക്കുന്നു. ചിട്ടയോടെ ശക്തമായ പ്രചാരണമാണ് യു.ഡി.എഫ് നടത്തിയത്.
പേരാമ്പ്ര
ഇടതുപക്ഷം ആശങ്കയോടെ നോക്കിക്കാണുന്ന മറ്റൊരു മണ്ഡലമാണ് പേരാമ്പ്ര. ഇടതുമുന്നണി സ്ഥാനാര്‍ഥി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ എം.എല്‍.എയുമായ ടി.പി രാമകൃഷ്ണനെതിരേ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന എതിര്‍പ്പ് പരസ്യമാകുന്നത് തടയാന്‍ നേതൃത്വത്തിന് കഴിഞ്ഞെങ്കിലും വോട്ടിലൂടെ പ്രതിഷേധം രേഖപ്പെടുത്തമോയെന്ന ഭയമാണ് നേതൃത്വത്തെ അലട്ടുന്നത്. കഴിഞ്ഞതവണ പരാജയപ്പെട്ട കേരളാ കോണ്‍ഗ്രസ് (എം) നേതാവ് അഡ്വ. മുഹമ്മദ് ഇഖ്ബാല്‍ തന്നെയാണ് ഇത്തവണയും യു.ഡി.എഫിനായി രംഗത്തുള്ളത്.
ബാലുശ്ശേരി
ആരു ജയിക്കുമെന്ന് പ്രവചിക്കാന്‍ പോലും ആരും തയാറാകാത്ത മണ്ഡലമായി ബാലുശ്ശേരി മാറിയിരിക്കുകയാണ്. സിറ്റിങ് എം.എല്‍.എ പുരുഷന്‍ കടലുണ്ടിയും യു.ഡി.എഫിലെ യു.സി രാമന്‍ പടനിലവും തമ്മില്‍ പൊരിഞ്ഞ പോരാണിവിടെ. മണ്ഡലം ഇത്തവണ പിടിക്കുമെന്ന് യു.ഡി.എഫും അത്ഭുതമൊന്നും സംഭവിക്കില്ലെന്ന് എല്‍.ഡി.എഫും ആണയിടുമ്പോഴും വോട്ടര്‍മാരുടെ ഉള്ളിലിരിപ്പ് എന്താകുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. പി.കെ സുപ്രനാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി.
കൊയിലാണ്ടി
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് വലിയ കോലാഹലങ്ങളുണ്ടായ മണ്ഡലത്തില്‍ പിന്നീടുണ്ടായ ഐക്യം അനുകൂലമാകുമെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്. സിറ്റിങ് എം.എല്‍.എ കെ. ദാസനെതിരേ പ്രചാരണ രംഗത്ത് ശക്തമായ വെല്ലുവിളിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍. സുബ്രഹ്മണ്യന്‍ ഉയര്‍ത്തിയത്. എന്‍.ഡി.എ സ്ഥാനാര്‍ഥിയായി കെ. രജനീഷ് ബാബുവും ശക്തി പരീക്ഷണത്തിനുണ്ട്.
കൊടുവള്ളി
ജില്ലയില്‍ മുസ്‌ലിം ലീഗിന്റെ ഉരുക്കുകോട്ടയായ കൊടുവള്ളി അങ്ങനെ തന്നെ തുടരുമെന്ന് യു.ഡി.എഫ് ഉറപ്പിക്കുമ്പോഴും മത്സരത്തിന്റെ വീര്യം കൂടിവരുന്നത് ആശങ്കപ്പെടുത്തുന്നുണ്ട്. ലീഗ് വിമതന്‍ കാരാട്ട് റസാഖിനെ ഗോദയിലിറക്കി സി.പി.എം നടത്തുന്ന ഞാണിന്‍മേല്‍കളിയില്‍ അത്ഭുതങ്ങളൊന്നും സംഭവിക്കില്ലെന്ന് ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി എം.എ റസാഖ് മാസ്റ്റര്‍ കുറഞ്ഞത് 15,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിക്കുമെന്നാണ് നേതൃത്വത്തിന്റെ അവകാശവാദം. സിനിമാ സംവിധായകന്‍ അലി അക്ബര്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരരംഗത്തുണ്ട്.
തിരുവമ്പാടി
യു.ഡി.എഫിലെ വി.എം ഉമ്മര്‍ മാസ്റ്ററും എല്‍.ഡി.എഫിലെ ജോര്‍ജ് എം. തോമസും തമ്മില്‍ ശക്തമായ മത്സരം നടക്കുന്ന മണ്ഡലത്തില്‍ അടിയൊഴുക്കുകളെ ഇരുമുന്നണികളും ഭയക്കുന്നുണ്ട്. ഇത്തവണ അട്ടിമറിയിലൂടെ സ്വന്തമാക്കാമെന്ന് ഇടതുപക്ഷം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് തിരുവമ്പാടി. എന്നാല്‍ തങ്ങളുടെ കോട്ടയില്‍ വിള്ളലുണ്ടാക്കാന്‍ അനുവദിക്കില്ലെന്ന വാശിയിലാണ് യു.ഡി.എഫ്. ബി.ഡി.ജെ.എസിന്റെ ഗിരി പാമ്പനാലാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി.
കുന്ദമംഗലം
നിസാരമായി ജയിച്ചുകയറാമെന്നു കരുതിയ ഇടതുപക്ഷത്തിന് വലിയ ആശങ്കയാണിപ്പോള്‍ മണ്ഡലത്തില്‍. കോണ്‍ഗ്രസിലെ യുവനേതാവ് ടി. സിദ്ദീഖിന്റെ സാന്നിധ്യമാണ് കുന്ദമംഗലത്തെ പോരിന് കടുപ്പം കൂട്ടിയത്. പി.ടി.എ റഹീമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. സിറ്റിങ് എം.എല്‍.എയായ അദ്ദേഹത്തിന്റെ രണ്ടാം മത്സരമാണിത്. കരുത്ത് തെളിയിക്കാന്‍ ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ പദ്മനാഭന്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി രംഗത്തുണ്ട്.
എലത്തൂര്‍
കണ്ണുംപൂട്ടി ജയിക്കുമെന്ന് ഇടതുപക്ഷം ഉറപ്പിച്ചുപറയുന്ന മണ്ഡലമാണ് എലത്തൂര്‍. അത്രമാത്രം വേരുകളുണ്ട് അവര്‍ക്ക് മണ്ഡലത്തില്‍. സൗമ്യ സാന്നിധ്യമായ എന്‍.സി.പി നേതാവ് സിറ്റിങ് എം.എല്‍.എ കൂടിയായ എ.കെ ശശീന്ദ്രന്‍ മണ്ഡലത്തില്‍ പൊതുവേ സ്വീകാര്യനുമാണ്. കന്നിക്കാരനായ ജനതാദളി(യു) ലെ പി. കിഷന്‍ ചന്ദാണ് മുഖ്യ എതിരാളി. ബി.ജെ.പി മേഖലാ പ്രസിഡന്റായ വി.വി രാജനും കനത്ത മത്സരമാണ് ഇവിടെ കാഴ്ചവയ്ക്കുന്നത്.
കോഴിക്കോട് നോര്‍ത്ത്
എല്‍.ഡി.എഫിന്റെ കണക്ക് പുസ്തകത്തിലെ ഉറച്ച സീറ്റാണ് കോഴിക്കോട് നോര്‍ത്ത്. പിടിച്ചെടുക്കുമെന്ന് യു.ഡി.എഫിന് നൂറുശതമാനം ഉറപ്പുള്ള മണ്ഡലവും. വികസന നേട്ടങ്ങളുമായി മത്സരിക്കുന്ന സിറ്റിങ് എം.എല്‍.എ എ. പ്രദീപ്കുമാറില്‍ നിറഞ്ഞ പ്രതീക്ഷയാണ് എല്‍.ഡി.എഫിന്. പതിവ് രാഷ്ട്രീയക്കാരില്‍ നിന്ന് മാറി നടക്കുന്ന അഡ്വ. പി.എം സുരേഷ് ബാബുവിന്റെ സാന്നിധ്യമാണ് യു.ഡി.എഫിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്. ബി.ജെ.പിയുടെ കെ.പി ശ്രീശനും ശക്തമായ മത്സരമാണ് കാഴ്ച വയ്ക്കുന്നത്.
കോഴിക്കോട് സൗത്ത്
ഉറച്ച സീറ്റായി യു.ഡി.എഫ് എണ്ണുന്ന മണ്ഡലത്തില്‍ ഇത്തവണയും തികഞ്ഞ വിജയ പ്രതീക്ഷയിലാണ് ഡോ. എം.കെ മുനീര്‍. മണ്ഡലത്തില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങളും മന്ത്രിയെന്ന നിലയിലെ മുനീറിന്റെ മികച്ച പ്രകടനവും വോട്ടായി മാറുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു. എല്‍.ഡി.എഫിന്റെ പ്രൊഫ. എ.പി അബ്ദുല്‍ വഹാബ് ശക്തമായ പ്രചാരണമാണ് കാഴ്ച വച്ചത്.
ബേപ്പൂര്‍
പതിറ്റാണ്ടുകളായി ഇടതിനൊപ്പം നില്‍ക്കുന്ന ബേപ്പൂര്‍ ഇത്തവണ എങ്ങോട്ട് തിരിയുമെന്നത് ജില്ലയ്ക്ക് പുറത്തുള്ളവരും ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. സി.പി.എമ്മിന്റെ കുത്തക മണ്ഡലമാണെങ്കിലും കാര്യങ്ങള്‍ ഇത്തവണ സുരക്ഷിതമല്ലെന്ന് ബോധ്യമുള്ളതുകൊണ്ടാണ് കോഴിക്കോട്ടെ മേയറായ വി.കെ.സി മമ്മദ് കോയയെ തന്നെ സി.പി.എം കളത്തിലിറക്കിയത്. എതിര്‍പക്ഷത്ത് യു.ഡി.എഫിന്റെ യുവ സാരഥി എം.പി ആദംമുല്‍സിയാണ് പ്രധാന പോരാളി. രണ്ടാം തവണ മത്സരിക്കുന്ന ആദമില്‍ യു.ഡി.എഫിന് നൂറുശതമാനം പ്രതീക്ഷയുണ്ട്. ബി.ജെ.പി സ്ഥാനാര്‍ഥി അഡ്വ. പ്രകാശ്ബാബുവും ശക്തമായി മണ്ഡലത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."