വോട്ടുപിടിത്തം കഴിഞ്ഞു; ജില്ലയിലെ സ്ഥാനാര്‍ഥികള്‍ വോട്ട് ചെയ്യാനുള്ള തത്രപ്പാടില്‍
ശ്രുതി സുബ്രഹ്മണ്യന്‍
കോഴിക്കോട്: ഒന്നര മാസക്കാലം വോട്ടുറപ്പിക്കാനായി നിയോജക മണ്ഡലം മുഴുവന്‍ ഓടിനടന്ന സ്ഥാനാര്‍ഥികളെല്ലാം നാളെ സ്വന്തം ബൂത്തില്‍ വോട്ട് ചെയ്യാനുള്ള തത്രപ്പാടിലാണ്. പതിവുപോലെ തന്നെ മത്സരിക്കുന്ന മണ്ഡലത്തില്‍ വോട്ടുള്ളവരും മത്സരിക്കുന്ന മണ്ഡലത്തിന് പുറത്ത് വോട്ടുള്ള സ്ഥാനാര്‍ഥികളും ജില്ലയിലുണ്ട്. ജില്ലയ്ക്ക് പുറത്തു വോട്ടുള്ള മൂന്നു സ്ഥാനാര്‍ഥികളും കോഴിക്കോട്ടുണ്ട്. പേരാമ്പ്ര മണ്ഡലത്തിലെ അഡ്വ. മുഹമ്മദ് ഇക്ബാലിന് തൃക്കാക്കര മണ്ഡലത്തിലാണ് വോട്ട്. ഇന്നു വൈകിട്ട് മൗനപ്രചാരണം മതിയാക്കി അദ്ദേഹം എറണാകുളത്തേക്ക് തിരിക്കും. നാളെ അതിരാവിലെ തന്നെ വോട്ടു ചെയ്ത് തിരിച്ച് തന്റെ വോട്ടര്‍മാരെ കാണാനുള്ള നെട്ടോട്ടത്തിലാണ് അദ്ദേഹം.
ഏലത്തൂര്‍ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.കെ ശശീന്ദ്രന് കണ്ണൂര്‍ ചൊവ്വയിലെ ധര്‍മസമാജം സ്‌കൂളിലാണ് വോട്ട്. കോഴിക്കോട് സൗത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അബ്ദുല്‍ വഹാബിനും മലപ്പുറം ജില്ലയിലെ വള്ളിക്കുന്നിലാണ് വോട്ട്. ആദ്യവോട്ട് തന്നെ ചെയ്തു തിരിച്ചെത്താനുള്ള തയാറെടുപ്പിലാണ് രണ്ടു പേരും. കഴിഞ്ഞ മൂന്നു തവണ സ്വന്തം പേരില്‍ വിരലമര്‍ത്തിയ ബാലുശ്ശേരി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി യു.സി രാമന് കുന്ദമംഗലം മണ്ഡലത്തിലാണ് വോട്ട്. കോഴിക്കോട് സൗത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ മുനീറിന് കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലാണ് വോട്ട്. അതേസമയം കോഴിക്കോട് നോര്‍ത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. പി.എം സുരേഷ് ബാബുവിന് കോഴിക്കോട് സൗത്തിലാണ് വോട്ട്. കൊയിലാണ്ടി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍. സുബ്രഹ്മണ്യന് എലത്തൂര്‍ മണ്ഡലത്തിലാണ് വോട്ട്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ വോട്ടു ചെയ്യുന്ന മണ്ഡലം കോഴിക്കോട് നോര്‍ത്താണ്. ഡോ. എം.കെ മുനീര്‍, കോഴിക്കോട് നോര്‍ത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ. പ്രദീപ്കുമാര്‍, ബാലുശ്ശേരി മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പുരുഷന്‍ കടലുണ്ടി, എലത്തൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പൊറ്റങ്ങാടി കിഷന്‍ ചന്ദ് എന്നിവര്‍ക്കെല്ലാം കോഴിക്കോട് നോര്‍ത്തിലാണ് വോട്ട്.
സ്വന്തം പേരില്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരം ലഭിച്ച സ്ഥാനാര്‍ഥികളുടെ നീണ്ടനിര ഇത്തവണയുമുണ്ട്. കൊയിലാണ്ടി മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ. ദാസന്‍, പേരാമ്പ്ര മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ടി.പി രാമകൃഷ്ണന്‍, ബേപ്പൂര്‍ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ.സി മമ്മദ് കോയ, വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രന്‍, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.കെ നാണു, കൊടുവള്ളി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.എ റസാഖ് മാസ്റ്റര്‍, കുറ്റ്യാടി മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ ലതിക, വടകര മണ്ഡലത്തിലെ ആര്‍.എം.പി സ്ഥാനാര്‍ഥി കെ.കെ രമ, കുന്ദമംഗലം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ടി. സിദ്ദീഖ്, തിരുവമ്പാടി മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോര്‍ജ് എം. തോമസ് എന്നിവരെല്ലാം സ്വന്തം മണ്ഡലത്തിലാണ് വോട്ട് രേഖപ്പെടുത്തുക.
ബേപ്പൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആദം മുല്‍സിക്ക് കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ കിണാശ്ശേരി സ്‌കൂളിലാണ് വോട്ട്. നാദാപുരം യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. കെ. പ്രവീണ്‍കുമാറിനും, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇ.കെ വിജയനും വോട്ട് കുറ്റ്യാടിയിലാണ്. തിരുവമ്പാടിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വി.എം ഉമ്മര്‍ മാസ്റ്ററുടെ വോട്ടും കുന്ദമംഗലത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. പി.ടി.എ റഹീമിന്റെ വോട്ടും കൊടുവള്ളിയിലാണ്. സ്വന്തം പാര്‍ട്ടിക്കാരെയും എതിര്‍പാര്‍ട്ടിക്കാരെയും നിഷ്പക്ഷക്കാരെയുമെല്ലാം ഒരിക്കല്‍കൂടി കണ്ട് വോട്ടു പെട്ടിയിലാക്കാനുള്ള അവസാനവട്ട തയാറെടുപ്പിലാണ് സ്ഥാനാര്‍ഥികളെല്ലാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."