അഴിമതി നടന്നതായുള്ള വാര്‍ത്തകള്‍ പച്ചക്കള്ളം: നഗരസഭാ ചെയര്‍മാന്‍
മുക്കം: നഗരസഭ നടപ്പിലാക്കിയ 'ശുചിത്വ ഭവനം സുന്ദര നഗരം' പദ്ധതിയില്‍ വന്‍ അഴിമതി നടന്നതായുളള ആരോപണം അടിസ്ഥാന രഹിതവും പച്ചക്കള്ളവുമാണന്ന് നഗരസഭാ ചെയര്‍മാന്‍ വി. കുഞ്ഞന്‍ മാസ്റ്റര്‍ മുക്കത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് തന്നെ മാതൃകയായ പദ്ധതിയില്‍ അസൂയപൂണ്ട ചിലരാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലെന്നും നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു. ജില്ലയില്‍ ഏറ്റവും നല്ല രീതിയില്‍ ജനപിന്തുണയോടെ നടപ്പാക്കിയ പദ്ധതിയാണിത്. 2016 ജനുവരി 10ന് ഇ.എം .എസ് ഓഡിറ്റോറിയത്തില്‍ നടന്ന ശില്‍പശാലയോടെയാണ് പദ്ധതി തുടങ്ങിയത്. വിവിധ വാര്‍ഡുകളില്‍ നിന്ന് കൊണ്ടുപോയ മാലിന്യം സംബന്ധിച്ച് അതത് കൗണ്‍സിലര്‍മാര്‍ നല്‍കിയ രേഖകള്‍ തങ്ങളുടെ കൈവശമുണ്ട്.
നഗരസഭാ ഓഫിസില്‍ നിന്ന് വാഹന നമ്പര്‍ നല്‍കിയതില്‍ ചെറിയ അപാകത ജീവനക്കാര്‍ക്ക് സംഭവിച്ചിട്ടുണ്ട്. അത് മനസിലായ ഉടനെ തന്നെ യഥാര്‍ത്ഥ രേഖ നല്‍കിയതായും ചെക്ക് പോസ്റ്റില്‍ വാഹന ഏജന്റ് എന്തെങ്കിലും കൃത്രിമം കാണിച്ചെങ്കില്‍ തങ്ങള്‍ ഉത്തരവാദിയല്ലന്നും ചെയര്‍മാന്‍ പറഞ്ഞു. മാണ്ഡ്യയില്‍ ലോഡുകള്‍ എത്തിയ രേഖയും കൈവശമുണ്ടന്നും ചെയര്‍മാന്‍ പറഞ്ഞു. പദ്ധതിയുമായി ബന്ധപെട്ട് ഏഴുമാസം കഴിഞ്ഞ് ഇത്തരം ആരോപണമുന്നയിക്കുന്നത് മറ്റു ലക്ഷ്യങ്ങള്‍ വച്ചാണെന്നും നഗരസഭാധികൃതര്‍ പറഞ്ഞു. നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലേയും അജൈവ മാലിന്യം ശേഖരിച്ച് കര്‍ണാടകയിലെ മാണ്ഡ്യയില്‍ കൊണ്ട്‌പോയി നല്‍കുന്നതായിരുന്നു പദ്ധതി. ആദ്യഘട്ടത്തില്‍ വന്‍ വിജയമായിരുന്ന പദ്ധതിയിലാണിപ്പോള്‍ വന്‍തുക ക്രമക്കേട് നടന്നതായി ആരോപണമുയര്‍ന്നിരിക്കുന്നത്. ജില്ലയിലെ മറ്റു തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യവും ഈ വണ്ടികളില്‍ കയറ്റി പോവുന്നുണ്ടന്നും അത് കൊണ്ട്തന്നെ 25,000 രൂപയുടെ കണക്കിലും അഴിമതി നടന്നതായും ആരോപണമുയര്‍ന്നിരുന്നു. ഇതിനെതിരേയാണ് നഗരസഭാധികൃതര്‍ വാര്‍ത്താ സമ്മേളനം നടത്തിയത്.
നഗരസഭാ ചെയര്‍മാന്‍ വി. കുഞ്ഞന്‍ മാസ്റ്റര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ഹരിദ മോയിന്‍കുട്ടി, കെ.ടി ശ്രീധരന്‍, പി. പ്രശോഭ്കുമാര്‍, എന്‍. ചന്ദ്രന്‍ മാസ്റ്റര്‍, പി. ബ്രിജേഷ്, പി.ടി ബാബു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."