പാകിസ്താനില്‍ പരിശീലനം ലഭിച്ച പ്രാപ്പിടിയന്‍ പക്ഷി രാജസ്ഥാനില്‍ പിടിയിലായി
ജയ്സാല്‍മീര്‍: പാകിസ്താനില്‍ പരിശീലനം ലഭിച്ച പ്രാപ്പിടിയന്‍ പക്ഷി രാജസ്ഥാനില്‍ അതിര്‍ത്തിരക്ഷാ സേനയുടെ പിടിയിലായി. ബികാനീറിലെ പാക് അതിര്‍ത്തിയോടു ചേര്‍ന്ന അനുപ്ഗഡില്‍ നിന്നാണ് സേന പ്രാപ്പിടിയനെ പിടികൂടിയത്. തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്കു സമീപം താഴ്ന്നു പറന്ന് ട്രാന്‍സ്മിറ്റര്‍ ആന്റിനയിലൂടെ വിവരങ്ങള്‍ പകര്‍ത്തി അയക്കുന്നതില്‍ വിദഗ്ധ പരിശീലനം ലഭിച്ചവയാണ് ഇത്തരം പ്രാപ്പിടിയന്‍ പക്ഷികള്‍. എന്നാല്‍ ഇതിന്റെ ശരീരത്തില്‍ നിന്നു ട്രാന്‍സ്മിറ്റര്‍ ആന്റിന കണ്ടെത്താനായില്ലെന്നു ബി.എസ്.എഫ് അറിയിച്ചു. പറക്കുന്നതിനിടയില്‍ ഇതു താഴെ വീണു പോയിരിക്കാനാണ് സാധ്യതയെന്നാണ് ബി.എസ്.എഫിന്റെ അനുമാനം.
പക്ഷിയെ അനുപ്ഗഡിലെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിനു കൈമാറി. അതേസമയം പാക് മേഖലയില്‍ സന്ദര്‍ശനം നടത്തുന്ന സൗദി രാജകുടുംബത്തിന്റേതാകാം പക്ഷിയെന്നും അനുമാനമുണ്ട്. രാജസ്ഥാനിലെ ബിക്കനീര്‍, ജയ്സാല്‍മീര്‍ പ്രദേശങ്ങളോട് ചേര്‍ന്നുള്ള പാക് അതിര്‍ത്തിയില്‍ കാണപ്പെടുന്ന പ്രാപ്പിടിയന്‍ ഇനത്തിലെ ഒരിനം ദേശാടനപ്പക്ഷികള്‍ അറബികളുടെ ഇഷ്ടഭക്ഷണമാണ്. ഇവയെ വേട്ടയാടാനായി എല്ലാ വര്‍ഷവും രാജകുടുംബാംഗങ്ങള്‍ ഇവിടെയെത്താറുമുണ്ട്. ഇവയുടെ കാലില്‍ ദിശ അറിയാനായി ട്രാന്‍സ്മിറ്റര്‍ ഘടിപ്പിച്ചിട്ടുണ്ടാകും. അതുകൊണ്ടു തന്നെ പക്ഷി ഏതാണെന്ന് തിരിച്ചറിയാനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."