കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: നിലപാടില്‍ മാറ്റമില്ല- മുഖ്യമന്ത്രി
തിരുവനന്തപുരം: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പരിസ്ഥിതിലോല പ്രദേശമായി കണക്കാക്കിയിട്ടുള്ള 123 വില്ലേജുകളിലെ ജനങ്ങളുടെ ആശങ്കക്കും ഉല്‍ക്കണ്ഠക്കും ഒപ്പമാണ് എല്‍.ഡി.എഫ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിസ്ഥിതിലോല പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള ഇടങ്ങളില്‍ ജനവാസകേന്ദ്രങ്ങളും ഉള്‍പ്പെടുന്നതിനാല്‍ ഈ വിഷയത്തില്‍ ജനങ്ങള്‍ സമര രംഗത്തെത്തിയപ്പോള്‍ അതിന് ഒപ്പമായിരുന്നു എല്‍.ഡി.എഫ്. ഈ നിലപാടില്‍ നിന്നും യാതൊരു മാറ്റവും സര്‍ക്കാരിനില്ല. മറിച്ചുള്ള ആക്ഷേപങ്ങള്‍ തെറ്റിദ്ധാരണ പരത്താന്‍ മാത്രമാണെന്നും പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കസ്തൂരിരംഗന്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷത്തായിരുന്ന ഇടതുപക്ഷം നിയമസഭയില്‍ കൊണ്ടുവന്ന പ്രമേയത്തോട് യു.ഡി.എഫും യോജിച്ചിരുന്നു.
കഴിഞ്ഞ ദിവസം കസ്തൂരിരംഗന്‍ വിഷയത്തില്‍ മറുപടി നല്‍കുമ്പോള്‍ ഇക്കാര്യം മന്ത്രി എ.കെ ബാലന്‍ നിയമസഭയില്‍ ഓര്‍മിപ്പിച്ചിരുന്നു. മുന്‍പ് അവതരിപ്പിച്ച പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ഈ പരാമര്‍ശത്തെയാണ് തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. പ്രമേയത്തോട് യു.ഡി.എഫ് യോജിച്ചെങ്കിലും വിഷയത്തില്‍ ജനങ്ങള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാക്കുന്നതില്‍ യു.പി.എ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നിന്ന് ജനവാസകേന്ദ്രങ്ങളെ മാറ്റിനിര്‍ത്തിയും അതേസമയം പരിസ്ഥിതിലോല പ്രദേശങ്ങളായി സംരക്ഷിക്കപ്പെടേണ്ട പ്രദേശങ്ങളെ സംരക്ഷിച്ചുകൊണ്ടുമുള്ള നിയമമാണ് ഉണ്ടാവേണ്ടത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ തന്നെ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രിയെ കണ്ട് ചര്‍ച്ച നടത്തുകയും അനുകൂല പ്രതികരണം ലഭിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നും കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."