കുടുംബശ്രീ സംരംഭങ്ങള്‍ക്ക് വിപണന സൗകര്യം; ഗ്രാമച്ചന്തകളുമായി നബാര്‍ഡ്
കല്‍പ്പറ്റ: കുടുംബശ്രീ സംരംഭകര്‍ വിപണന രംഗത്ത് നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് നബാര്‍ഡിന്റെ പിന്തുണ. ഗ്രാമച്ചന്തകള്‍ ആരംഭിച്ചാണ് കുത്തക ഉല്‍പന്നങ്ങളുമായി മത്സരിക്കുന്നതിനാല്‍ സ്ഥിരമായ വിപണി ലഭിക്കുന്നില്ലെന്ന കുടുംബശ്രീ സംരംഭങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കാണുന്നത്. ഒരു ഗ്രാമച്ചന്തയുടെ അടിസ്ഥാന സൗകര്യമൊരുക്കുതിന് പത്ത് ലക്ഷം രൂപയോളം നബാര്‍ഡ് ഗ്രാന്റായി അനുവദിക്കും. ഗ്രാമച്ചന്തകള്‍ ആരംഭിക്കുന്നതിനായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ 500 മുതല്‍ 750 സ്‌ക്വയര്‍ മീറ്റര്‍ വരെ സ്ഥലം വിട്ട് നല്‍കണം.
വില്‍പന നടത്തുന്നതിനുള്ള പ്ലാറ്റ്‌ഫോറം, പൂര്‍ണമായതോ, ഭാഗികമായതോ ആയ മേല്‍കൂര, ചുറ്റുമതില്‍, കുടിവെള്ളം, ശൗചാലയം, അഴുക്ക് ചാല്‍, സൗര വിളക്ക് എന്നിവ ഗ്രാമച്ചന്തകളുടെ ഭാഗമായി സ്ഥാപിക്കുന്നതിന് നബാര്‍ഡ് പിന്തുണ നല്‍കും. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ എന്‍ജിനീയര്‍മാരുടെ സഹായത്തോടെയാണ് പദ്ധതി തയാറാക്കേണ്ടത്.
പദ്ധതിയുടെ 95 ശതമാനം തുക (പരമാവധി 10 ലക്ഷം രൂപ) യാണ് ഗ്രാന്റായി അനുവദിക്കുക. ആദ്യത്തെ മൂന്ന് വര്‍ഷം സര്‍ക്കാര്‍ സഹായത്തോടെയും തുടര്‍ന്ന് സംരംഭകരില്‍ നിന്ന് മാര്‍ജിന്‍ മണി ഈടാക്കിയുമാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക. ഗ്രാമച്ചന്തകള്‍ തുടങ്ങാന്‍ താല്‍പ്പര്യമുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ബോര്‍ഡ് തീരുമാനം സഹിതം ജില്ലാ മിഷനില്‍ അറിയിക്കണം.
ഇത് കൂടാതെ സ്ഥിര വരുമാനമുറപ്പാക്കുന്ന നവീന സംരംഭമേഖലകളില്‍ കുടുംബശ്രീ അംഗങ്ങളെ പങ്കാളികളാക്കുന്നതിനും നബാര്‍ഡ് പിന്തുണ നല്‍കും. തേനീച്ച വളര്‍ത്തല്‍, റാഗി, ഉഴുന്ന് തുടങ്ങിയ ധാന്യങ്ങളുടെ കൃഷി, ആന്തൂറിയം കൃഷി, സുഗന്ധദ്രവ്യ നഴ്‌സറി യൂനിറ്റ്, ധാന്യ സംസ്‌കരണ യൂനിറ്റ് തുടങ്ങി കുറഞ്ഞ അളവ് ജലം ആവശ്യമായ കൃഷി രീതികളിലും സംരംഭങ്ങളിലും ഏര്‍പ്പെടുന്ന കുടുംബശ്രീ യൂനിറ്റുകള്‍ക്ക് പരിശീലനവും സാമ്പത്തിക പിന്തുണയും നബാര്‍ഡ് നല്‍കും. ഈ ഉല്‍പന്നങ്ങളുടെ വിപണനത്തിനായി പ്രത്യേക പദ്ധതിയും കുടുംബശ്രീ ജില്ലാ മിഷനുമായി സഹകരിച്ച് നടപ്പാക്കും.
പദ്ധതി സംബന്ധിച്ച് വിശദീകരിക്കുന്നതിനായി നടത്തിയ ശില്‍പശാല നബാര്‍ഡ് എ.ജി.എം എന്‍.എസ് സജികുമാര്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ കെ.പി ജയചന്ദ്രന്‍, അസി. ജില്ലാ മിഷന്‍ കോഡിനേറ്റര്‍ കെ.എ ഹാരിസ്, ജില്ലാ കസള്‍ട്ടന്റ് കെ.എ സുഹൈല്‍ തുടങ്ങിയവര്‍ സംസാരിച്ചു. .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."