കാട്ടുപന്നികളില്‍ നിന്ന് കൃഷിയെ രക്ഷിക്കാന്‍ വെള്ളക്കൊടി വിദ്യയുമായി കര്‍ഷകര്‍
വടക്കാഞ്ചേരി: കൃഷിയിടങ്ങള്‍ വന്യ ജീവികളുടെ വിഹാര കേന്ദ്രമാകാതിരിക്കാന്‍ ബഹുമുഖ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്ന് അധികൃതര്‍ നിരന്തരം പ്രഖ്യാപിക്കുമ്പോഴും കര്‍ഷകരുടെ ദുരിതകണ്ണീരിന് ഒരു പരിഹാരവുമില്ല. വെള്ളമില്ലാത്ത അവസ്ഥയും, തൊഴിലാളികളെ ലഭിക്കാത്ത ദുരിതവും, പട്ടാള പുഴുശല്യവുമൊക്കെ അതിജീവിച്ച് കാര്‍ഷിക മുന്നേറ്റത്തിനിറങ്ങിയ കര്‍ഷകര്‍ക്ക് പുതിയ തിരിച്ചടി വന്യജീവികളുടെ ശല്യമാണ്.
ഷൊര്‍ണൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയോരത്തുള്ള പാര്‍ളിക്കാട് പട്ടിച്ചിറകാവ് പാടശേഖരത്തിന് പോലും വന്യ ജീവി വിഹാരത്തില്‍ നിന്ന് രക്ഷയില്ലാത്ത സ്ഥിതിയാണ്. പന്നി കൂട്ടങ്ങളെ അകറ്റാനാകാതെ 40 ഏക്കര്‍ പാടശേഖരത്തിലെ കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതത്തിന് കയ്യും കണക്കുമില്ല. അറിയാവുന്ന വിദ്യയൊക്കെ പയറ്റിയിട്ടും പന്നികള്‍ പാടശേഖരം ഉപേക്ഷിക്കുന്ന മട്ടുമില്ല. ഓരോ ദിവസവും, ഏക്കര്‍ കണക്കിന് സ്ഥലത്തെ നെല്‍ചെടികളാണ് പന്നികള്‍ കൂട്ടത്തോടെ നശിപ്പിക്കുന്നത്. ഇതൊഴിവാക്കാന്‍ അവസാനം പരമ്പരാഗത രീതിയെ ആശ്രയിക്കുകയാണ് കര്‍ഷകര്‍. പാടശേഖരം മുഴുവന്‍ വെള്ള കൊടി സ്ഥാപിച്ചിരിക്കുകയാണ് രാത്രിയില്‍ കൂട്ടമായെത്തുന്ന പന്നികള്‍ വെള്ള കൊടി കണ്ടാല്‍ പിന്തിരിഞ്ഞോടുമെന്നാണ് വിശ്വാസം. ഇത് ഒരു പരിധിവരെ വിജയവുമാണെന്ന് കര്‍ഷകര്‍ പറയുന്നു. നെല്‍പാടങ്ങള്‍ക്ക് ചുറ്റും കമ്പിവേലി കെട്ടി സംരക്ഷിക്കാനും മറന്നിട്ടില്ല കര്‍ഷകര്‍. എല്ലാ വെല്ലുവിളിയേയും അതിജീവിച്ച് കാര്‍ഷിക സമൃദ്ധി യൊരുക്കുന്ന തങ്ങളുടെ വേദന കേള്‍ക്കാന്‍ ആരും തയ്യാറാകുന്നില്ലെന്ന പരാതിയും കര്‍ഷകര്‍ക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."