മുസ്്ലിം പെണ്‍കുട്ടിയെ അന്യമതക്കാരന് വിവാഹം ചെയ്ത് കൊടുത്ത സംഭവം
ചാവക്കാട്: മുസ്്‌ലിം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വം അന്യ സമുദായക്കാരന് വിവാഹം ചെയ്ത് കൊടുത്ത സംഭവത്തെ ന്യായീകരിച്ച് സി.പി.ഐ നേതാവുകൂടിയായ ജയദേവന്‍ എം.പി പരസ്യമായി രംഗത്ത്. അണ്ടത്തോട് തഖ്‌വാ സ്‌കൂളുകളുടെ 22-ാം വാര്‍ഷികാഘോഷത്തിന്റെ സമാപന സമ്മേളനത്തിലാണ് എം.പി തുറന്ന പ്രതികരണം നടത്തിയത്.
സി.പി.ഐ പ്രാദേശിക നേതാവായ മന്ദലാംകുന്ന് സ്വദേശി വി.ജെ. ഇസ്മായില്‍ തന്റെ മകളെ തട്ടികൊണ്ടപോയതായി ആരോപിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.വേദിയില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും പണ്ഡിതന്മാരും ഉണ്ടായിരിക്കേ ആണ് എം.പി കത്തിക്കയറിയത്.
അദ്ദേഹത്തിന്റെ വാക്കുകള്‍: 'നിങ്ങള്‍ക്കിഷ്ടപ്പെടാത്ത കാര്യമാണ് ഞാന്‍ പറയാന്‍ പോകുന്നത്. ഞാനും ജില്ലാ സെക്രട്ടറിയും ഒരു മുസ്്‌ലിം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചെന്നും ഒരു അന്യ ജാതിക്കാരനെ കൊണ്ട് ബലമായി കല്യാണം കഴിപ്പിച്ചെന്നുമായിരുന്നു വാര്‍ത്ത. സത്യത്തില്‍ വേദന തോന്നി.
ഒരുപാട് പെണ്‍കുട്ടികള്‍ ഇരിക്കുന്ന വേദിയാണിത്. നീണ്ട പ്രസംഗത്തിനു മുതിരുന്നില്ല. അത് ശരിയല്ല. നിങ്ങള്‍ക്കിഷ്ടപെടില്ല എന്നെനിക്ക് അറിയാം. എന്നാലും ഞാന്‍ പറയുകയാണ്. അത്തരമൊരു സാഹചര്യം ഒരിക്കലുമുണ്ടായിട്ടില്ല. പുന്നയൂരായതുകൊണ്ടാണ് ഞാന്‍പറയുന്നത്. (അണ്ടത്തോട് പുന്നയൂര്‍ക്കുളം പഞ്ചായത്തിലാണ്). ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മില്‍ പ്രേമ ബന്ധത്തിലായി. അത് ജാതി നോക്കിയിട്ടായിരിക്കില്ല. പ്രേമത്തിനു ജാതിയുടേയും മതത്തിന്റേയും മതില്‍ കെട്ടേണ്ടതുണ്ടോ..? അവര്‍ തമ്മില്‍ ഇഷ്ടമായി. വിവാഹം കഴിക്കണമെന്ന് തീരുമാനിച്ചു. രണ്ടുപേരും ഞങ്ങളെ സമീപിച്ചു. പാര്‍ട്ടിയുമായി ബന്ധമുള്ളവരാണ്. ഞങ്ങള്‍ അവരുടെ വിവാഹം നടത്തിക്കൊടുത്തു. അവരിപ്പോള്‍ സുഖമായി യാതൊരു പ്രശ്‌നവുമില്ലാത്ത വിധം ജീവിക്കുന്നു. അവര്‍ കേരളത്തിനു മാതൃകയായിരിക്കും.'
എം.പി യുടെ പ്രതികരണത്തോടെ പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. പാര്‍ട്ടി അണികളില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട് കടുത്തവിമര്‍ശനമാണുയരുന്നത്.
പ്രസംഗത്തിനു ശേഷം പുറത്തിറങ്ങിയ എം.പിയെ മാധ്യമ പ്രവര്‍ത്തകര്‍ സമീപിച്ച് പത്രങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം നല്‍കിയ വാര്‍ത്തയല്ല അതെന്നും സി.പി.ഐ നേതാവുകൂടിയായ ഇസ്മായില്‍ വാര്‍ത്ത സമ്മേളനം വിളിച്ചതായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. ഇതേക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.
പെണ്‍കുട്ടി നേരത്തെ യുവാവുമായി ഇഷ്ടത്തിലായിരുന്നുവെന്നും ഇത് തങ്ങള്‍ അറിയിച്ചപ്പോഴാണ് കോളജ് മാറ്റി ചാവക്കാട് ചേര്‍ത്തതെന്നും എം.പി പറഞ്ഞു. ഉപ്പയെ കാണേണ്ടെന്ന് മകള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങള്‍ എവിടേയും ജാതി പറഞ്ഞിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം പ്രതികരിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."