ജാതി പട്ടിക ആയില്ല; പിന്നോക്ക വിഭാഗ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു
കൊച്ചി:സര്‍ക്കാര്‍ അംഗീകൃത ജാതി പട്ടിക തയാറാകാത്തത് പിന്നോക്ക വിഭാഗ കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കി. ഒന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും ഇതിന് നടപടിയായിട്ടില്ല. 1993 -ലെ കെ.എസ്.സി.ബി.സി ആക്ട് 3-ാം വകുപ്പ് പ്രകാരം രൂപീകരിച്ച സംസ്ഥാന പിന്നോക്ക വിഭാഗ കമ്മിഷന് വിവിധ സമുദായങ്ങളുടെ ആവശ്യങ്ങളടങ്ങിയ പരാതികള്‍ ഫയലില്‍ സ്വീകരിക്കാന്‍ മാത്രമെ ഇതുവരെയും കഴിഞ്ഞിട്ടുളളു. കമ്മിഷന്‍ എല്ലാ വര്‍ഷവും ഇറക്കുന്ന റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ജാതി പട്ടിക തയാറാക്കുന്നതിലെ ഗുരുതര പ്രത്യാഘാതങ്ങളെ ഭയക്കുന്ന സര്‍ക്കാര്‍ ഇക്കാര്യത്തില്‍നിന്നും പിന്നോട്ടുപോയതാണ് കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് താഴുവീണത്. സംസ്ഥാനത്ത് 83 ഓളം സംവരണ ആനുകൂല്യ പിന്നോക്ക വിഭാഗങ്ങള്‍ ഉള്ളതായാണ് കണക്കാക്കുന്നത്. ഈ കണ്ടെത്തലിലെ സുതാര്യത ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. കൂടുതല്‍ വിഭാഗങ്ങളെ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി കമ്മിഷനെ സമീപിച്ചതും കൂടുതല്‍ അവതാളത്തിലാക്കിയിട്ടുണ്ട്. ഇതോടെ സര്‍ക്കാരിന്റെ തോളില്‍ പഴിചാരി കമ്മിഷന്‍ തടിയൂരി.
ഇനി സര്‍ക്കാര്‍ ഇനം തിരിച്ചുള്ള ജാതി പട്ടികയും സാമ്പത്തിക പട്ടികയും തയാറാക്കിയെങ്കില്‍ മാത്രമെ കമ്മിഷന് മുന്നോട്ടു പോകാന്‍ കഴിയൂ. സര്‍ക്കാര്‍ ജാതി പട്ടികയും സാമ്പത്തിക പട്ടികയും ഉടന്‍ തയാറാക്കണമെന്നാണ് കമ്മിഷന്റെ ആവശ്യം. എന്നാല്‍ മുഴുവന്‍ ജാതി സംഘടനകളെയും ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ക്കുശേഷം പട്ടിക തയാറാക്കല്‍ ദുഷ്‌ക്കരമാണെന്നു കണ്ട സര്‍ക്കാര്‍ കമ്മിഷന്റെ നിര്‍ദേശങ്ങളടങ്ങിയ ഫയല്‍ മുക്കുകയായിരുന്നു. അടുത്തിടെ അനിവാര്യമായ മാറ്റങ്ങള്‍ വരുത്തി ഒ.ബി.സി പട്ടിക പുറത്തിറക്കണമെന്ന് കമ്മിഷന്‍ സര്‍ക്കാരിനെ നിര്‍ദേശിച്ചിരുന്നു.
ശമ്പള വരുമാനവും കാര്‍ഷിക വരുമാനവും സംവരണ ആനുകൂല്യങ്ങള്‍ക്ക് തടസമല്ലെന്നിരിക്കെ ഒ.ബി.സി പട്ടിക പൂര്‍ത്തീകരിക്കാനാവാത്തത് അര്‍ഹരായ പലര്‍ക്കും ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നതിന് ഇടയാക്കുന്നുണ്ട്. വിദ്യാഭ്യാസ കാര്യങ്ങളില്‍ 1965 ല്‍ രൂപീകൃതമായ ജസ്റ്റിസ്. കുമാരപിളള കമ്മിഷന്‍ റിപ്പോര്‍ട്ടാണ് ഇപ്പോഴും അനുവര്‍ത്തിക്കുന്നത്. ഒ. ബി.സി പട്ടികയിലുളള എല്ലാ വിഭാഗങ്ങളും എസ്. ഇ.ബി.സി പട്ടികയില്‍ ഇല്ലാത്തതും ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നതിന് കാരണമായി.
ജാതി പേര്‍ രേഖപ്പെടുത്തിയതില്‍ വരുത്തിയ സാങ്കേതിക പിഴവും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് തടസമായി. കേരളത്തില്‍ ഉദ്യോഗസംബന്ധമായി ഒരു ലിസ്റ്റും വിദ്യാഭ്യാസ സംബന്ധമായി മറ്റൊരു ലിസ്റ്റുമാണ് പരിഗണിക്കപ്പെടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്കും വിദ്യാഭ്യാസ പ്രവേശനത്തിനും ഒരു പട്ടികമാത്രമാണുളളത്. ഇവിടെയാണ് ജാതി പട്ടിക തയാറാക്കുന്നത് ആവശ്യമായി വരുന്നതും.
പട്ടിക തയാറാക്കുന്നതില്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഊര്‍ധ്വശ്വാസം വലിക്കുന്ന വിവിധ കമ്മിഷനുകളിലൊന്നായി പിന്നോക്ക വിഭാഗ കമ്മിഷനും മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."