രുദ്രയുടെ മരണം നടപടി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ പിതാവിന്റെ ആത്മഹത്യാഭീഷണി
ഒന്നരമാസമായി ഇവര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരത്തിലായിരുന്നു
തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം മകള്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ പിതാവിന്റെ ആത്മഹത്യാ ഭീഷണി. ഇന്നലെ രാവിലെ 10.40 ഓടെയാണ് ഊരൂട്ടുമ്പലം കോട്ടമുകള്‍ വിലങ്ങറത്തല കിഴക്കുകര വീട്ടില്‍ സുരേഷ് ബാബു സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
ഈ കഴിഞ്ഞ ജൂലൈ പത്തിന് എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സുരേഷ് ബാബുവിന്റെ നാലുമാസം പ്രായമായ മകള്‍ രുദ്ര മരിച്ചത്. സ്‌നഗിയുടെ ഉപയോഗം മൂലമുണ്ടായ ചുവന്ന തടിപ്പിന് ചികിത്സ തേടിയായിരുന്നു കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. മെഡിക്കല്‍ കോളജിലും എസ്.എ.ടിയിലുമായി 25 ദിവസം ചികിത്സ നടത്തിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. ഡോക്ടറുടെ പിഴവാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് ആരോപിച്ച് സുരേഷ് ബാബുവും കുടുംബവും ഒന്നരമാസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിലാണ്. എന്നാല്‍ അധികാരികള്‍ സമരത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് ഇദ്ദേഹം മരത്തിന്‍ മുകളില്‍ കയറി ഭീഷണി മുഴക്കിയത്.
ചെങ്കല്‍ചൂളയില്‍ നിന്നും ഫയര്‍ഫോഴ്‌സും പൊലിസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിനടപടി എടുക്കാമെന്ന് ഉറപ്പ് നല്‍കി ഇയാളെ താഴെ എത്തിക്കുകയായിരുന്നു. മരത്തിന് മുകളില്‍ ഇരുന്ന് അവശനിലയിലായ ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികില്‍സ നല്‍കി. തുടര്‍ന്ന് ആത്മഹത്യാ ശ്രമത്തിന് ഇയാളെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഭാര്യ രമ്യയും ഇവരുടെ മൂന്നര വയസ്സുള്ള മകള്‍ ദുര്‍ഗയും സുരേഷ് ബാബുവിനൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."