ഓഡിറ്റ് റിപ്പോര്‍ട്ട് ചര്‍ച്ച നടത്താതെ അംഗീകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് എ.പി ഉണ്ണികൃഷ്ണന്‍
മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ പ്രത്യേക യോഗത്തില്‍ 2014-15 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാതെ അംഗീകരിക്കാനുള്ള ശ്രമം ഉണ്ടായിട്ടില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. ചര്‍ച്ചയില്ലാതെ അംഗീകരിക്കാന്‍ നടത്തിയ ശ്രമത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങിപ്പോയി എന്ന ചില പത്രങ്ങളിലെ വാര്‍ത്ത വാസ്ത വിരുദ്ധമാണ്. 16.11.2016ന് പ്രത്യേക യോഗം വിളിച്ചിരുന്നത് തന്നെ 2014-15 ലെ ഓഡിറ്റ് റിപ്പോര്‍ട്ടും അതിന്‍മേല്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ നല്‍കിയ മറുപടിയും ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയായിരുന്നു. ചര്‍ച്ച ചെയ്യാതെ പാസാക്കാനാണെങ്കില്‍ യോഗം തന്നെ വിളിക്കേണ്ട കാര്യമില്ലല്ലോ. രാവിലെ 11ന് തുടങ്ങിയ യോഗം ഉച്ചക്ക് 1.30 നാണ് അവസാനിക്കുന്നത്. അത്രയും സമയം ഇത് സംബന്ധിച്ച ചര്‍ച്ച തന്നെയാണ് നടന്നത്. യോഗത്തിന് ശേഷം അംഗങ്ങള്‍ക്ക് ഭക്ഷണവും ഏര്‍പ്പാട് ചെയ്തിരുന്നു.
51 വിഷയങ്ങളെ കുറിച്ച് 95 പേജുള്ള റിപ്പോര്‍ട്ട് മുഴുവന്‍ വായിക്കാനും കേള്‍ക്കാനും ചര്‍ച്ച നടത്താനും ഞങ്ങള്‍ക്ക് സമയമില്ലെന്നും മറ്റൊരു ദിവസത്തേക്ക് യോഗം മാറ്റി വെക്കണമെന്നുമാണ് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇന്നത്തെ യോഗം ഇത് ചര്‍ച്ച ചെയ്യാന്‍ വിളിച്ചതാണെന്നും അത് കൊണ്ട് യോഗം കഴിയുന്നത് വരെ ഇരിക്കണമെന്ന് പറഞ്ഞപ്പോള്‍ അതിന് കഴിയില്ലെന്ന് പറഞ്ഞ് പ്രതിക്ഷ അംഗങ്ങള്‍ ഇറങ്ങി പോവുകയായിരുന്നുവെന്ന് പ്രസിഡന്റ് അറിയിച്ചു. ഓഡിറ്റ് റിപ്പോര്‍ട്ട് അംഗീകരിക്കാനല്ല യോഗം ചേര്‍ന്നിരുന്നത്.
അതിന്‍മേലുള്ള ഉദ്യോഗസ്ഥരുടെ മറുപടി ചര്‍ച്ച ചെയ്യാനും അംഗീകരിക്കാനുമാണ് യോഗം ചേര്‍ന്നത്. ഇത് ഭരണ സംവിധാനത്തിലെ ചില നടപടി ക്രമങ്ങള്‍ മാത്രമാണ്. ഇതില്‍ ഇറങ്ങി പോവേണ്ടതോ പ്രതിഷേധിക്കേണ്ടതോ ആയ യാതൊന്നുമില്ലെന്നും എ.പി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയെ കുറിച്ച് ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത വസ്തുതകള്‍ക്ക് നിരക്കാത്തതും ദുരദ്ദേശത്തോടെയുള്ളതുമാണെന്നും പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."