അഞ്ഞൂറെത്തിയില്ല; രണ്ടായിരത്തിന് ചില്ലറയില്ല..!
മലപ്പുറം: ബാങ്കുകളിലും എ.ടി.എമ്മുകളിലും ചില്ലറയില്ലാത്തതു കാരണം ഇന്നലെ ഇവയ്ക്കു മുന്നിലെ വരിയില്‍ താരതമ്യേന തിരക്കു കുറഞ്ഞു. ബാങ്കുകളിലും പോസ്റ്റ്ഓഫിസുകളിലും മണിക്കുറുകളോളം വരിനിന്നു ലഭിക്കുന്ന രണ്ടായിരം രൂപയുടെ ഒറ്റനോട്ടുകൊണ്ടു പ്രയോജനമില്ലെന്ന തിരിച്ചറിവാണ് ജനങ്ങളെ ബാങ്കുകളില്‍നിന്നു മാറ്റിനിര്‍ത്തുന്നത്. അതേസമയം, 500 രൂപയുടെ പുതിയ നോട്ട് എന്നുമുതല്‍ എ.ടി.എമ്മുകളില്‍ എത്തുമെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല.
500 രൂപയുടെ നോട്ടുകള്‍ വ്യാപകമാകുന്നതോടെ ഇപ്പോള്‍ നേരിടുന്ന ചില്ലറക്ഷാമത്തിനു നേരിയ പരിഹാരമാകുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും നോട്ടുകള്‍ എത്താത്തതുകാരണം ജനങ്ങളുടെ ദുരിതത്തിന് അറുതിയായില്ല. മിക്ക ബാങ്കുകളിലും കഴിഞ്ഞ ദിവസം മുതല്‍ നോട്ട് മാറ്റിനല്‍കലും നിര്‍ത്തിവച്ചിരിക്കുകയാണ്.
പണം പിന്‍വലിക്കാന്‍ വന്നവര്‍ക്കു പല ബാങ്കുകളില്‍നിന്നും പല തുകയാണ് ലഭിച്ചത്. ഒരാഴ്ച 24,000 രൂപവരെ പിന്‍വലിക്കാമെന്നിരിക്കെ പണമില്ലെന്നു പറഞ്ഞു പകുതിപോലും നല്‍കിയില്ല.
3,000, 6,000 എന്നിങ്ങനെയാണ് പല ബാങ്കുകളും നല്‍കിയത്. ഇതു ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കി. ഇതോടെ പല ബാങ്കുകളിലും നല്‍കുന്ന തുക ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചു. എന്നാല്‍, ബാങ്കുകളിലേക്ക് ആവശ്യമായ പണം വേഗത്തില്‍ എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പട്ടിണിയാണ്;അന്യസംസ്ഥാനക്കാരുടെ 'നോട്ടോട്ടം'
മലപ്പുറം: നോട്ടിന്റെ ക്ഷാമവും ചില്ലറ ലഭിക്കാത്തതും തുടരുമ്പോള്‍ നിത്യജീവിതത്തിനു പോലും വഴിയില്ലാതെ ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രതിസന്ധിയില്‍. നാട്ടുകാര്‍ക്കു ഹോട്ടലുകളിലും കടകളിലും കടം ലഭ്യമാകുമ്പോള്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു കടംകൊടുക്കാന്‍ വ്യാപാരികള്‍ തയാറാകുന്നില്ല.
ഇവരില്‍ മിക്കപേരും ആഴ്ചകള്‍ മാത്രം കഴിഞ്ഞാല്‍ താമസം മാറുന്നവരും മടങ്ങിപ്പോകുന്നവരുമായതിനാലാണ് ഇവര്‍ക്കു കടം അനുവദിക്കാന്‍ കച്ചവടക്കാര്‍ മടിക്കുന്നത്.
അതാതു ദിവസത്തേക്കുള്ള ഭക്ഷണത്തിനും സാധനങ്ങള്‍ വാങ്ങുന്നതിനും ആവശ്യമായ പണമാണ് ഇവര്‍ കടമായി ചോദിക്കുന്നതെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഡെപ്പോസിറ്റായി പഴയ നോട്ടുകള്‍ നല്‍കാനും ഇവര്‍ തയാറാണ്. ഡെപ്പോസിറ്റായി ആയിരവും അഞ്ഞൂറും കൈമാറിയാണ് നൂറു രൂപവരെ ഇവര്‍ പകരം ചോദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."