നിലപാട് കടുപ്പിച്ചു പ്രതിപക്ഷം; രാജ്‌നാഥ് വിളിച്ച യോഗം ബഹിഷ്‌കരിച്ചു
ന്യൂഡല്‍ഹി: നോട്ടുനിരോധന വിഷയത്തില്‍ നിലപാട് കടുപ്പിച്ചു പ്രതിപക്ഷം. വിഷയത്തില്‍ പ്രധാനമന്ത്രി നേരിട്ട് മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്ന പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വിളിച്ച യോഗം പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചു.
യോഗത്തില്‍ പങ്കെടുക്കുന്നതിന് പകരമായി തുടര്‍ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാന്‍ പ്രതിപക്ഷപ്പാര്‍ട്ടികള്‍ ഇന്നലെ യോഗം ചേര്‍ന്നു. തിങ്കളാഴ്ച പ്രതിപക്ഷപ്പാര്‍ട്ടികള്‍ പ്രതിഷേധദിനമായി ആചരിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ അതുവരെ ഒരു ചര്‍ച്ചയും വേണ്ടതില്ലെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. അതിനാല്‍ തിങ്കളാഴ്ച വരെ സര്‍ക്കാര്‍ വിളിച്ച ഒരുയോഗത്തിലും പ്രതിപക്ഷം പങ്കെടുക്കില്ല. പ്രതിപക്ഷത്ത് ഭിന്നിപ്പുണ്ടാക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. കേന്ദ്ര ആഭ്യന്തരമന്ത്രിയല്ല പ്രധാനമന്ത്രിയൊ ലോക്‌സഭാ സ്പീക്കറൊ ആണ് യോഗം വിളിക്കേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ ലോക്‌സഭ പിരിച്ചുവിടണമെന്നും പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും ബി.എസ്.പി നേതാവ് മായാവതി ആവശ്യപ്പെട്ടു.
പ്രതിപക്ഷത്തിന്റെ നിസ്സഹരണത്തെത്തുടര്‍ന്ന് മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ ഇന്നലെ രാവിലെ കൂടിക്കാഴ്ച നടത്തി. രാജ്‌നാഥ് സിങ്, അരുണ്‍ ജയ്റ്റ്‌ലി, വെങ്കയ്യ നായിഡു, അനന്തകുമാര്‍ എന്നിവരാണ് പാര്‍ലമെന്റ് ചേംബറില്‍ ചര്‍ച്ച നടത്തിയത്. കഴിഞ്ഞ ദിവസം ബഹളത്തിനിടെ മന്ത്രി അനന്തകുമാറാണ് സര്‍വ്വകക്ഷി യോഗം വിളിക്കുമെന്ന് പ്രഖ്യാപിച്ചത്. യോഗത്തില്‍ എല്ലവര്‍ക്കും അവരുടെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാമെന്നും എല്ലാ പാര്‍ട്ടികളെയും തങ്ങള്‍ ഒരുപോലെയാണ് കാണുന്നതെന്നും അനന്തകുമാര്‍ പറഞ്ഞു. ചര്‍ച്ചയല്ല, ജനങ്ങള്‍ പ്രയാസം അനുഭവിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നേരിട്ട് സഭയില്‍ മറുപടി പറയണമെന്നതാണ് തങ്ങളുടെ നിലപാടെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."