മലയാളത്തിനും പ്രിയപ്പെട്ടവന്‍
സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ആവേശമായ ലോക വിപ്ലവകാരി ഫിദല്‍ കാസ്‌ട്രോ മലയാളികള്‍ക്കും പ്രിയങ്കരന്‍. കമ്മ്യൂണിസ്റ്റുകളുടെ പ്രിയനേതാവായ ഫിദലിനെ വലതുപക്ഷക്കാരും ആദരവോടെയാണ് കാണുന്നത്.
ക്യൂബന്‍ ജനതയ്ക്കു വേണ്ടി ജീവിച്ച ഫിദലിന്റെ ജീവചരിത്രത്തിന്റെ മലയാള പതിപ്പും ഇറങ്ങിയിരുന്നു. ഇന്ത്യന്‍ ഭാഷയില്‍ മലയാളത്തിലാണ് ആദ്യമായി പുറത്തിറങ്ങിയത്. എന്റെ ജിവിതം എന്ന പേരില്‍ ചിന്ത പബ്ലിഷേഴ്‌സാണ് 500 ലേറെ പേജുള്ള പുസ്തകം ഇറക്കിയത്. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ഇഗ്നേഷ്യോ റമോണേറ്റുമായുള്ള കാസ്‌ട്രോയുടെ അഭിമുഖമാണ് എന്റെ ജിവിതം. ഡോ. ജി ബാലമോഹന്‍ തമ്പിയാണ് മലയാള പരിഭാഷ നിര്‍വഹിച്ചത്.
മധ്യഅമേരിക്കന്‍ വനാന്തരങ്ങളിലൂടെ അദ്ദേഹം നടത്തിയ യാത്രകളും സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളും മനോഹരമായ ഭാഷയില്‍ പകര്‍ത്തിയതാണ് എന്റെ ജിവിതം. 2006ല്‍ സ്പാനിഷ് ഭാഷയില്‍ പുറത്തിറങ്ങിയ പുസ്തകത്തിന് തൊട്ടടുത്ത വര്‍ഷംതന്നെ ഇംഗ്ലീഷ് പതിപ്പുമുണ്ടായി. ഇന്ത്യയെയും ഇന്ദിരയെയും സ്‌നേഹിച്ച കമ്യൂണിസ്റ്റുകാരനായിരുന്നു കാസ്‌ട്രോ. നെഹ്‌റു കുടുംബവുമായി അദ്ദേഹത്തിന് നല്ല ബന്ധമായിരുന്നു. 1983ല്‍ ഇന്ദിരഗാന്ധി കൊല്ലപ്പെടുന്നതിനു മുമ്പ് ചേരിചേരാ സമ്മേളനത്തിന് എത്തിയപ്പോള്‍ ഇന്ദിരാഗാന്ധിയുമായി സൗഹൃദം പങ്കിടുന്ന ചിത്രം ലോക മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ നല്‍കിയിരുന്നു.
വേദിയില്‍ കാസ്‌ട്രോയെ കണ്ട് കൈനീട്ടിയ ഇന്ദിരയെ ഹസ്തദാനം നടത്താതെ ചെറു ചിരിയുമായി കാസ്‌ട്രോ നിന്നു. മൂന്നാമതും കൈനീട്ടിയപ്പോള്‍ ഇന്ത്യയുടെ ഉരുക്കുവനിതയെ കാസ്‌ട്രോ ആശ്ലേഷിക്കുകയായിരുന്നു. ക്യൂബയില്‍ നിരവധിപെണ്‍കുട്ടികള്‍ക്ക് ഇന്ദിരയെന്ന് പേരിട്ടതും ഈ സ്‌നേഹബന്ധത്തിന്റെ ഓര്‍മയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."