വൈകല്യ നിര്‍ണയ ക്യാംപ് അലങ്കോലമായി പെരുവഴിയിലായത് നൂറോളം ഭിന്നശേഷിക്കാര്‍
കുട്ടികളില്‍ പലരും ക്യാംപില്‍ കുഴഞ്ഞുവീണു
ആലപ്പുഴ : സാമൂഹ്യനീതി വകുപ്പ് ആലപ്പുഴയില്‍ നടത്തിയ വൈകല്യ നിര്‍ണയ ക്യാംപ് ഭിന്നശേഷിക്കാര്‍ക്ക് ദുരിതമായി. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനത്തിന്റെ നിര്‍ദേശമനുസരിച്ച് സംഘടിപ്പിച്ച ക്യാംപില്‍ ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ പങ്കെടുക്കാതിരുന്നതാണു പലരെയും വലച്ചത്.
പരിശോധനാ ക്യാംപ് മണിക്കൂറുകള്‍ നീണ്ടെങ്കിലും കുട്ടികള്‍ക്കു വെള്ളമോ ഭക്ഷണമോ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനത്തിന്റെ നിര്‍ദേശമനുസരിച്ചാണു സാമൂഹ്യ നീതി വകുപ്പ് ആലപ്പുഴയില്‍ വൈകല്യ നിര്‍ണയ ക്യാംപ് സംഘടിപ്പിച്ചത്. അമ്പലപ്പുഴ കുട്ടനാട് താലൂക്കുകളില്‍ ഉള്‍പ്പെട്ട ഭിന്നശേഷിക്കാര്‍ രാവിലെ എട്ട് മുപ്പതു മുതല്‍ ക്യാമ്പ് കേന്ദ്രമായ നഗരസഭാ വക ടൗണ്‍ഹാളില്‍ എത്തിയിരുന്നു.
ഭിന്നിശേഷിക്കാരും ഓട്ടിസം ബാധിച്ച കുട്ടികളും മണിക്കൂറുകളോളം കാത്തിരുന്നെങ്കിലും ഡോക്ടര്‍മാര്‍ എത്തിയില്ല. അതേസമയം ക്യാംപിലെത്തിയ ഒരു ഡോക്ടര്‍ സ്ഥല പരിമിതിയുടെ പേരില്‍ തിരിച്ചു പോകുകയും ചെയ്തു. ഈ സമയം നൂറോളം രോഗികളും ഒപ്പമുളളവരും ക്യാംപിലുണ്ടായിരുന്നു. ഫണ്ട് അനുവദിക്കാതിരുന്നതാണ് ഭിന്നശേഷിക്കാര്‍ക്ക് അനുബന്ധ സാഹചര്യങ്ങള്‍ ഒരുക്കാന്‍ കഴിയാതെ പോയതെന്ന് അധികൃതര്‍ അറിയിച്ചു. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിഫിഷല്‍ ലിംഫ്‌സ് മാനുഫാക്ട്‌ച്ചേഴ്‌സ് കോര്‍പ്പറേഷന്റെ നിര്‍ദേശമനുസരിച്ച് ക്യാംപ് നടത്തുന്ന തിയതി അറിയിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നാണ് അധികൃതരുടെ വിശദീകരണം. കാത്തുനില്‍പ്പ് നീണ്ടതോടെ ഭിന്നശേഷിക്കാരായ കുട്ടികളില്‍ പലരും കുഴഞ്ഞുവീണു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."