കലാകാരന്റെ സ്വന്തം കലാകാരന്മാരിലൂടെയൂസഫ് അറക്കലിന് വേറിട്ട സ്മരണാഞ്ജലി
കോഴിക്കോട്: ഒരു കലാകാരന്റെ ഓര്‍മയ്ക്കായി അദ്ദേഹം വരച്ച മറ്റു കലാകാരന്മാരുടെ രേഖാചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. വര്‍ണങ്ങളുടെ ലോകത്തു തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു മണ്മറഞ്ഞുപോയ കലാകാരന് യൂസഫ് അറക്കലിന്റെ ഓര്‍മയ്ക്കായി സംഘടിപ്പിച്ച ചടങ്ങാണു സമകാലിക അനുസ്മരണ പരിപാടികളില്‍നിന്നു വേറിട്ടുനിന്നത്.
കോഴിക്കോട് ആര്‍ട് ഗാലറിയിലാണ് 'ഫേസസ് ഓഫ് ക്രിയേറ്റിവിറ്റി' എന്ന പേരില്‍ യൂസഫ് അറക്കല്‍ വരച്ച മറ്റു കലാകാരന്മാരുടെ രേഖാചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ 135 ഇന്ത്യന്‍ കലാകാരന്മാരുടെ പോട്രേറ്റുകളാണു പ്രദര്‍ശനത്തിലുള്ളത്. ഇന്ത്യന്‍ ചിത്ര-ശില്പ കലാരംഗത്തുള്ളവര്‍ക്കുള്ള ആദരവു കൂടിയായി പ്രദര്‍ശനം. 135 ചിത്രങ്ങള്‍ക്കൊപ്പം യൂസഫിന്റെ ചിത്രം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യന്‍ ചിത്ര-ശില്പ കലാരംഗത്തെ പ്രശസ്തരായ എഫ്.എന്‍ സൂസ, എസ്.എച്ച് റാസ, അബനീന്ദ്രനാഥ ടാഗോര്‍, ഭുപേക്കര് ഖാക്കര്‍, സേനാപതി, ബിനോജ് ബിഹാരി മുഖര്‍ജി, ജാമിനി റോയ്, എം.എഫ് ഹുസൈന്, മലയാളി കലാകാരന്മാരായ കെ.സി.എസ് പണിക്കര്‍, ബാലന് നമ്പ്യാര്‍, ജയപാല പണിക്കര്‍, എം.വി ദേവന്, കരുണാകരന് മുതല്‍ കെ.ജി സുബ്രഹ്മണ്യന് വരെയുള്ള 21 പേരുടെ ചിത്രങ്ങളും ഇതില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.
ചിത്രങ്ങളില്‍ 21 സ്ത്രീ കലാകാരികളെ കൂടി ഉള്‍പെടുത്താന്‍ കലാകാരന് ശ്രദ്ധിച്ചിട്ടുണ്ട്. മൃണാളിനി മുഖര്‍ജി, സീമ കോഹ്ലി, അനില ജേക്കബ്, അര്‍ണവാസ്, അമൃത ഷെര്‍ഗില്‍, ടി.കെ പത്മിനി എന്നിവര്‍ ഇതില്‍ പ്രധാനപ്പെട്ടവരാണ്.
കുറഞ്ഞ വരകളില്‍ ലളിതമായി പെയിന്റിങ്ങിനെയും ശില്പങ്ങളെയും ഉള്‍ച്ചേര്‍ത്തു വ്യക്തിയുടെ ചലനാത്മകതയെ അനുഭവിപ്പിക്കുന്ന വിധത്തിലാണു ചിത്രം ക്രമീകരിച്ചിരിക്കുന്നത്. ബ്രഷ് ഉപയോഗിച്ച് കാന്‍വാസില്‍ ചിത്രം വരയ്ക്കുന്ന എം. സേനാപതിയുടെയും എഫ്.എന്‍ സൂസായുടെയും എസ്.എച്ച് റാസയുടെയും ചിത്രങ്ങളില്‍ ഈ ചലനാത്മകത കാണാന്‍ സാധിക്കും.
കാന്‍വാസില്‍ ഇരുട്ടും വെളിച്ചവും സമര്‍ഥമായി ഉപയോഗിച്ചു മുഖ്യധാരയില്പെടാത്ത ഇരുണ്ട ജീവിതങ്ങളെ ഏറ്റവും കലാത്മകമായി ആവിഷ്കരിച്ച് ആഗോള തലത്തില്‍ അംഗീകാരങ്ങള്‍ നേടിയ അനശ്വര ചിത്രകാരനാണ് യൂസഫ് അറക്കല്‍.
രേഖാചിത്രങ്ങള്‍ കൊണ്ടു പ്രദര്‍ശനം നടത്തിയിരുന്ന യൂസഫിന്റെ ചിത്രങ്ങളിലൂടെ അദ്ദേഹത്തിന്റെ ഓര്‍മകളെ ഉണര്‍ത്താനായാണ് ആര്‍ട് ഗാലറിയില്‍ പ്രദര്‍ശനം സംഘടിപ്പിച്ചത്. യൂസഫ് അറക്കലിന്റെ ഭാര്യ സാറാ അറക്കല്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനം ഒന്‍പതു വരെ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."