' നോട്ട് നിരോധനം അന്വേഷിപ്പിക്കാത്തത് ഭയംമൂലം'
കൊച്ചി: നോട്ട് നിരോധനത്തിനുപിന്നില്‍ നിഗൂഢതയുള്ളതിനാലാണ് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയെ കൊണ്ട് അന്വേഷിക്കണമെന്ന ആവശ്യം കേന്ദ്രം നിരാകരിച്ചതെന്ന് എ.ഐ.സി.സി വക്താവ് ടോം വടക്കന്‍. എറണാകുളം ഡി.സി.സി ഓഫിസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയെ കൊണ്ട് അന്വേഷിപ്പിച്ചാല്‍ ഇതിനു പിന്നിലുള്ള സത്യങ്ങള്‍ വെളിയില്‍ വരും.
ഇത് കേന്ദ്രസര്‍ക്കാരിനെ പ്രതികൂലമായി ബാധിക്കുമെന്നറിയാവുന്നതിനാലാണ് അന്വേഷണത്തില്‍ നിന്ന് കേന്ദ്രം ഒളിച്ചോടുന്നത്. നോട്ടുകള്‍ നിരോധിക്കാനുള്ള തീരുമാനവുമായിബന്ധപ്പെട്ട് ദുരൂഹമായ നിരവധി വിവരങ്ങളാണ് പുറത്തുവരുന്നത്. ദൂരദര്‍ശനിലുടെ പ്രധാനമന്ത്രി പ്രഖ്യാപിച്ച തീരുമാനം മുന്‍കൂട്ടി റെക്കോഡ് ചെയ്തതാണെന്ന് ദൂരദര്‍ശനിലെ ജീവനക്കാര്‍ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. അങ്ങിനെയാണെങ്കില്‍ എന്നാണ് ഈ റെക്കോഡിങ് നടന്നതെന്ന് കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുവരെ എണ്‍പതിലധികം പേരാണ് നോട്ട് മാറ്റിവാങ്ങാന്‍ ക്യൂ നില്‍ക്കുന്നതിനിടെ മരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി നിശ്ശബ്ദത വെടിഞ്ഞ് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തയാറാവണമെന്നും ടോം വടക്കന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."