തീക്കാറ്റായി പാലക്കാട്
തേഞ്ഞിപ്പലം: ഹോളിവുഡ് ത്രില്ലര്‍ സിനിമയെയും വെല്ലുന്ന ക്ലൈമാക്‌സിലാണ് പാലക്കാട് എറണാകുളത്തെ അട്ടിമറിച്ച് കിരീടം ചൂടിയത്. കായികോത്സവത്തിന്റെ മൂന്നാം ദിനത്തില്‍ തന്നെ പാലക്കാട് എറണാകുളത്തിനു മുന്നറിയിപ്പ് നല്‍കിയിരുന്നു. 200 മീറ്ററിന്റെ ട്രാക്കില്‍ സ്റ്റാര്‍ട്ടിങ് വെടിപൊട്ടും മുന്‍പ് ഒന്നാമതായിരുന്നു എറണാകുളം. 800 മീറ്ററില്‍ കുതിപ്പ് നടത്തിയാണ് കുമരംപുത്തുര്‍ കല്ലടി എച്ച്.എസ്.എസിന്റെ കരുത്തില്‍ പാലക്കാട് ചരിത്രം കുറിച്ചത്. മൂന്നാം ദിനത്തില്‍ നടന്ന ജൂനിയര്‍ ആണ്‍കുട്ടികളുടെ റിലേയില്‍ ഫൗള്‍ വരുത്തിയ എറണാകുളത്തെ ഒന്നാം സ്ഥാനത്തു നിന്നും മത്സരത്തില്‍ നിന്നും അയോഗ്യരാക്കി ടെക്‌നിക്കല്‍ കമ്മിറ്റി പുറത്താക്കി. ഇതോടെ രണ്ടാം സ്ഥാനത്തു നിന്ന പാലക്കാട് സ്വര്‍ണത്തിനു അവകാശികളായി. ഇതാണ് പാലക്കാട് - എറണാകുളം കിരീട പോരില്‍ നിര്‍ണായകമായത്. മേളയ്ക്ക് കൊടിയിറങ്ങുന്ന ദിനത്തില്‍ ട്രാക്കും ഫീല്‍ഡിലും പോരാട്ടം കനക്കും മുന്‍പ് 207 പോയിന്റുമായി എറണാകുളവും 193 പോയിന്റുമായി പാലക്കാടും ഒന്നും രണ്ടും സ്ഥാനത്തായിരുന്നു. ഉച്ചഭക്ഷണത്തിനായി മത്സരം നിര്‍ത്തി വയ്ക്കുമ്പോള്‍ എറണാകുളത്തിന്റെ പോയിന്റെ 227. പാലക്കാടിന്റെ സമ്പാദ്യം 218. കിരീടം മോഹിച്ച പാലക്കാടിന്റെ ചുണക്കുട്ടികള്‍ എറണാകുളത്തിനു മുന്നില്‍ കീഴടങ്ങാന്‍ തയ്യാറായില്ല.
സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 200 മീറ്ററില്‍ കല്ലടിയുടെ മുഹമ്മദ് അജ്മലും അഞ്ജലി ജോണ്‍സണും സ്വര്‍ണ കുതിപ്പ് നടത്തിയതോടെ പാലക്കാടിന്റെ പോയിന്റ് 228. സീനിയര്‍ വിഭാഗം 200 മീറ്ററിലെ രണ്ട് വിഭാഗങ്ങളിലും വെങ്കലം നേടിയതോടെ എറണാകുളത്തിന്റെ പോയിന്റ് 229. ജൂനിയര്‍ ആണ്‍കുട്ടികളില്‍ പി.എസ് അഖില്‍ വെള്ളി നേടിയതോടെ പാലക്കാടിന്റെ സമ്പാദ്യം 232 ആയി ഉയര്‍ന്നു.
സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്റില്‍ വെള്ളി നേടി എറണാകുളം പോയിന്റ് നിലയില്‍ ഒപ്പത്തിനൊപ്പമോടി. ഇതിനിടെ സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ എ അജിത്തും അനസും സ്വര്‍ണവും വെള്ളിയും നേടിയതോടെ പാലക്കാട് 240 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. എട്ട് പോയന്റിന്റെ ലീഡ് നേടിയ പാലക്കാട് നില്‍ക്കുന്നതിനിടെയാണ് ജൂനിയര്‍ വിഭാഗം 800 മീറ്റര്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമായത്. കല്ലടിയുടെ അഭിമാന താരം സി ചാന്ദിനി സ്വര്‍ണ കുതിപ്പ് നടത്തി. ഇവിടെ എറണാകുളത്തിനു ഒന്നും ലഭിച്ചില്ല. 245 പോയിന്റുമായി പാലക്കാട് ലീഡ് ഉയര്‍ത്തി. ആണ്‍കുട്ടികളില്‍ അഭിഷേക് മാത്യു എറണാകുളത്തിനു വിലപ്പെട്ട അഞ്ചു പോയിന്റ് സമ്മാനിച്ച് സ്വര്‍ണം നല്‍കി. എന്നാല്‍, വെള്ളിയും വെങ്കലവും കിട്ടിയതോടെ പാലക്കാടിന്റെ പോയിന്റ് 249 ആയി. എറണാകുളത്തിന്റെ സമ്മാനം 237. ഒടുവില്‍ മേളയ്ക്ക് അവസാനം കുറിച്ച് സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 4-400 മീറ്റര്‍ റിലേ. ഒന്നാം സ്ഥാനക്കാര്‍ക്ക് കിട്ടുന്നത് 10 പോയിന്റ്. പാലക്കാട് കിരീടം ഉറപ്പിച്ചില്ല. എന്നാല്‍, ഭാഗ്യം പാലക്കാടിനൊപ്പം. പെണ്‍കുട്ടികളില്‍ എറണാകുളത്തിനായി ഇറങ്ങേണ്ട ഒളിംപ്യന്‍ മേഴ്‌സിക്കുട്ടന്‍ അക്കാദമിയിലെ രണ്ട് താരങ്ങള്‍ പരുക്കിനെ തുടര്‍ന്ന് പിന്‍മാറി. പാലക്കാട് ആഹ്ലാദത്തിലേക്ക്.
2012 ല്‍ തിരുവനന്തപുരത്തായിരുന്നു പാലക്കാടിന്റെ അവസാന കിരീട നേട്ടം. മലപ്പുറത്ത് വീണ്ടും കിരീടം ലഭിച്ചതിന്റെ ആവേശവും ആഹ്ലാദവും കത്തിക്കയറി. സീനിയര്‍ ആണ്‍കുട്ടികളുടെ റിലേയില്‍ എറണാകുളം ഒന്നാമതും പാലക്കാട് രണ്ടാമതുമായതോടെ പാലക്കാടിന് 255 പോയിന്റ്. എറണാകുളത്തിന് 247. പാലക്കാടന്‍ തീക്കാറ്റില്‍ എറണാകുളം നമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."