ഓടുന്ന ബസില്‍നിന്ന് ഗിയര്‍ ഷാഫ്റ്റ് അടര്‍ന്നുവീണു
അങ്ങാടിപ്പുറം: സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ബസില്‍നിന്നു ഗിയര്‍ ഷാഫ്റ്റ് അടര്‍ന്നുവീണു. മഞ്ചേരിയില്‍നിന്നു പെരിന്തല്‍മണ്ണയിലേക്കു പോകുകയായിരുന്ന പറച്ചിക്കോട്ടില്‍ ബസിന്റെ ഷാഫ്റ്റാണ് ഇന്നലെ അങ്ങാടിപ്പുറം കോട്ടപ്പറമ്പിനു സമീപത്തുവച്ച് അടര്‍ന്നുവീണത്. ഷാഫ്റ്റ് റോഡില്‍ വീണുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരമറിയിച്ചപ്പോഴാണ് ബസ് ജീവനക്കാര്‍ സംഭവമറിയുന്നത്. ബസിനു പിന്നില്‍ മറ്റു വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ അപകടം വഴിമാറി. ഷാഫ്റ്റിന്റെ ഒരു വശംമാത്രം റോഡില്‍ വീഴുകയായിരുന്നെങ്കില്‍ ഷാഫ്റ്റ് റോഡില്‍ ഉരസി ബസില്‍ തീ പടര്‍ന്നുപിടിക്കാനും സാധ്യതകളേറെയായിരുന്നു. പത്തോളം ബോള്‍ട്ടിനാല്‍ ഘടിപ്പിച്ചിരിക്കുന്ന ഷാഫ്റ്റില്‍ ഒരു ബോള്‍ട്ടുപോലും കാണാനും സാധിച്ചില്ലെന്നും നാട്ടുകാര്‍ പറയുന്നു. എന്‍ജിനേയും ഗിയര്‍ ബോക്‌സിനേയും തമ്മില്‍ ഘടിപ്പിക്കുന്ന ഷാഫ്റ്റാണ് റോഡില്‍ അടര്‍ന്നുവീണത്. വര്‍ഷങ്ങള്‍ക്കു മുന്‍പു നിരവധി ആളുകളുടെ ജീവനെടുത്ത പൂക്കിപ്പറമ്പ് ബസ് ദുരന്തവും ഷാഫ്റ്റ് അടര്‍ന്നുവീണു തീ പടര്‍ന്നുപിടിച്ചായിരുന്നു സംഭവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."