ഡെങ്കിപ്പനിക്കെതിരെ ജാഗ്രതാ നിര്‍ദേശം
കൊല്ലം: ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍(ആരോഗ്യം) അറിയിച്ചു. ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് രോഗം പരത്തുന്നത്. രോഗത്തിന് കാരണമാകുന്ന വൈറസ് മൂന്നാഴ്ച്ചവരെ ഉമിനീര്‍ ഗ്രന്ഥിയില്‍ നിലനില്‍ക്കും.
ഡെങ്കിപനിയുടേത് സാധാരണ വൈറല്‍ പനിയുടെ ലക്ഷണങ്ങളാണ്. കടുത്ത പനി, തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടല്‍, ക്ഷീണം, നടുവേദന, കണ്ണിന് പുറകിലെ വേദന, ശരീരത്ത് ചുവന്നു തിണര്‍ത്ത പാടുകള്‍ എന്നിവയാണ് പ്രാധാന ലക്ഷണങ്ങള്‍.
രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം. രക്തപരിശോധനയിലൂടെ രോഗനിര്‍ണയം നടത്താന്‍ കഴിയും. ഡെങ്കിപ്പനിക്ക് കാരണമാകുന്ന കൊതുകുകളെ നിയന്ത്രിക്കുന്നതിന് അവയുടെ ഉറവിടങ്ങള്‍ നശിപ്പിക്കണം. വെള്ളം കെട്ടി നില്‍ക്കാന്‍ ഇടയുള്ള ചെറു ജലശേഖരങ്ങള്‍ പരിസരങ്ങളില്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം. കുപ്പികള്‍, ടിന്നുകള്‍, പാത്രങ്ങള്‍, ചിരട്ടകള്‍, അടപ്പുകള്‍, ഫ്രിഡ്ജിന് പുറകിലുള്ള ട്രേ, ഫ്‌ളവര്‍ വെയിസ് തുടങ്ങിയവയില്‍ കൊതുകിന്റെ ലാര്‍വ കണ്ടെത്തിയിട്ടുണ്ട്.
കെട്ടിടങ്ങളുടെ ടെറസ്, സണ്‍ ഷെയ്ഡ്, ജലപാത്തി എന്നിവിടങ്ങളില്‍ വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കണം. വീട്ടു പരിസരത്ത് കൊതുകു വളരുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്ക് പൊതുജനാരോഗ്യ നിയമപ്രകാരം ആരോഗ്യ വകുപ്പ് നോട്ടീസ് നല്‍കുന്നതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."