കാരശ്ശേരി പഞ്ചായത്ത് കേരളോത്സവം പ്രഹസനമാക്കിയതായി യു.ഡി.എഫ്
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തെ പ്രഹസനമാക്കി കലാപ്രതിഭകളായ മത്സരാര്‍ഥികളെ നിരാശരാക്കിയതായി ആരോപണം.
പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയില്‍ യു.ഡി.എഫ് ആനയാംകുന്ന് മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു. കേവലം മിമിക്രി ഇനത്തില്‍ മാത്രമാണ് ബ്ലോക്ക് പഞ്ചായത്തില്‍ രജിസ്ട്രേഷന് നടത്തിയതെന്നും പഞ്ചായത്ത്തല മത്സരത്തില്‍ പങ്കെടുക്കാനെത്തിയവര്‍ നിരാശരായി മടങ്ങുകയായിരുന്നുവെന്നും യു.ഡി.എഫ് യോഗം കുറ്റപ്പെടുത്തി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന മത്സരങ്ങളുടെ സമാപനം ആനയാംകുന്ന് ഗവ. എല്‍.പി സ്കൂളില്‍ വച്ചായിരുന്നു നടക്കേണ്ടത്. എന്നാല്‍ നിശ്ചിത ദിവസം സ്കൂളിലെത്തിയ മത്സരാര്‍ഥികള്‍ അടഞ്ഞുകിടക്കുന്ന ഗേറ്റിനു മുന്നില്‍ ഏറെനേരം കാത്തിരുന്ന് നിരാശരായി മടങ്ങുകയായിരുന്നു.
മത്സര വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുകയോ ഇവരുടെ പേരുകള്‍ ബ്ലോക്കില്‍ രജിസ്റ്റര്‍ ചെയ്യുകയോ ഉണ്ടായില്ല. അതിനാല്‍ പഞ്ചായത്ത്തല വിജയികള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് മത്സരത്തില്‍ പങ്കെടുക്കാന്‍ പറ്റാത്ത സാഹചര്യവുമുണ്ടായി. നല്ല രീതിയില്‍ നടന്നുവന്നിരുന്ന കേരളോത്സവ പരിപാടികള്‍ അലങ്കോലമാക്കിയതില്‍ യോഗം ശക്തമായി പ്രതിഷേധിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി.പി ശിഹാബുദ്ദീന് അധ്യക്ഷനായി. പി.വി സുരേന്ദ്രലാല്‍, ഇ.പി ബാബു, സമാന് ചാലൂളി, പ്രഭാകരന് മുണ്ടയില്‍, ഗസീബ് ചാലൂളി, സുബിന് കളരിക്കണ്ടി, എ.പി ബാപ്പു, പി.പി അബൂബക്കര്‍, പ്രജീഷ് മുണ്ടയില്‍, അബ്ദു കറ്റത്തേടത്ത് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."