പാളം പരിചരണത്തിന് പുതുയന്ത്രം; ആഹ്ലാദ ചൂളംവിളിയില്‍ എന്‍ജി. വിദ്യാര്‍ഥികള്‍
കാഞ്ഞങ്ങാട്: ആധുനിക രീതിയിലുള്ള റെയില്‍വേ പാളം ശുചീകരണയന്ത്രവുമായി എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍. കാഞ്ഞങ്ങാട്ടെ നിത്യാനന്ദ എന്‍ജിനിയറിങ് കോളജ് നാലാംവര്‍ഷ ബി.ടെക് മെക്കാനിക്കല്‍ വിഭാഗം വിദ്യാര്‍ഥികളായ കെ.വി.ഗോകുല്‍, പി.സുധീഷ്, എം.കിരണ്‍, കെ.പി. വിഘ്നേഷ്, സി.അതുല്ജയന് എന്നിവര്‍ അസി. പ്രഫസര്‍ പി.മിഥുനിന്റെ നേതൃത്വത്തിലാണ് യന്ത്രം നിര്‍മിച്ചത്.
ലൈറ്റ് പെട്രോള്‍ എന്ജിന് ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന യന്ത്രം റെയില്‍വേ പാളത്തിലുള്ള ഖരമാലിന്യങ്ങള്‍ വളരെ എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ സഹായിക്കും. ഒരു ഓപ്പറേറ്റര്‍ക്കു നിയന്ത്രിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇതിന്റെ ഡിസൈന്‍. ക്ലീന്‍ ട്രെയിന്‍ സ്റ്റേഷന് പദ്ധതിക്കും, സ്വഛ്ഭാരത് പദ്ധതിക്കും ഈ യന്ത്രം മുതല്‍ക്കൂട്ടാകുമെന്ന് വിദ്യാര്‍ഥികള്‍ അവകാശപ്പെട്ടു. കുറഞ്ഞ ചെലവില്‍ മനുഷ്യാധ്വാനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മിച്ച ഈ കണ്ടുപിടിത്തം കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ എന്‍ജിനീയര്‍മാരായ പുരുഷോത്തമന്, ചിത്രാനന്ദന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വിജയകരമായി പരീക്ഷിച്ചു. യന്ത്രം വ്യാവസായികവല്ക്കരിക്കുമ്പോള് 25,000 രൂപയോളമേ ചെലവുവരികയുള്ളൂവെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ എ.ശ്രീരാജ്, നിത്യാനന്ദ വിദ്യാകേന്ദ്രം പ്രസിഡന്റ് കെ.വി.മാധവന്, പി.ടി.എ പ്രസിഡന്റ് കെ.വി.ബാലകൃഷ്ണന്, അസി. പ്രഫസര്‍ പി.മിഥുന്, ഡയറക്ടര്‍മാരായ അഡ്വ. ഇ.സുകുമാരന്‍, കെ.ജെ.സിറിയക്, ജി.സൂരജ്, വി.വി.രാഹുല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."