ഫൈസല്‍ വധക്കേസ് പ്രതികള്‍ക്ക് കോടതിവളപ്പില്‍ വി.വി.ഐ.പി പരിഗണന
തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസല്‍ വധക്കേസില്‍ കോടതിയില്‍ ഹാജരാക്കപ്പെട്ട പ്രതികള്‍ക്കു വി.വി.ഐ.പി പരിഗണന. റിമാന്‍ഡ് കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് ഇന്നലെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പൊലിസ്-ആര്‍.എസ്.എസ് ബന്ധം മറനീക്കി പുറത്തുവന്നത്.
ജയിലുകളില്‍നിന്നു പ്രതികളെ കോടതിലേക്കു കൊണ്ടുവരാന്‍ സേനാബലത്തിന്റെ കുറവിനു പുറമേ ആര്‍.എസ്.എസുകാര്‍ക്കു പ്രതികളോടു സംസാരിക്കാനും പ്രതികള്‍ക്കു ഫോണ്‍ ചെയ്യാനുമുള്ള എല്ലാസൗകര്യങ്ങളും പൊലിസ് ചെയ്തുകൊടുത്തെന്നാണ് ആക്ഷേപം. ഇന്നലെ രാവിലെ പതിനൊന്നിനാണ് പാതിനൊന്നു പ്രതികളെയും കോടതിയില്‍ ഹാജരാക്കിയത്.
ഗൂഢാലോചനാ കേസിലെ എട്ടു പ്രതികളെ കോഴിക്കോട് സബ്ജയിലില്‍നിന്നും പദ്ധതി നടപ്പിലാക്കിയ മൂന്നു പ്രതികളെ തിരൂര്‍ സബ്ജയിലില്‍നിന്നുമാണ് കോടതിയില്‍ കൊണ്ടുവന്നത്. എന്നാല്‍, എട്ടു പ്രതികളെ കൊണ്ടുവരാന്‍ അഞ്ചു പൊലിസുകാരും കൃത്യം നടത്തിയ പ്രതികളെ തിരൂരില്‍നിന്നു കൊണ്ടുവരാന്‍ വിരലിലെണ്ണാണുന്ന പൊലിസുകാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കോടതിയില്‍നിന്നു പുറത്തിറക്കിയ പ്രതികളുമായി തുച്ഛമായ പൊലിസുകാര്‍ ഏറെനേരം കോടതിവളപ്പില്‍ കഴിഞ്ഞതായും പ്രതികള്‍ക്കു മൊബൈല്‍ ഫോണില്‍ സംസാരിക്കാനും മറ്റും സൗകര്യം ചെയ്തുകൊടുത്തതായും ആക്ഷേപമുണ്ട്. ബന്ധുക്കളെന്ന വ്യാജ്യേന പ്രതികളോട് സംസാരിക്കാനെത്തിയതില്‍ ഏറെ പേരും നാട്ടുകാരും ആര്‍.എസ്.എസുകാരുമായിരുന്നു.
ഫൈസല്‍ വധക്കേസ് അട്ടിമറിക്കപ്പെട്ടതായി നേരത്തേതന്നെ പരാതിയുണ്ടായിരുന്നു. കേസിന്റെ അന്വേഷണ ചുമതലയുള്ള ഡിവൈ.എസ്.പി പി.എം.പ്രദീപ്, സി.ഐമാരായ മുഹമ്മദ് ഹനീഫ, അലവി, ബാബുരാജ് തുടങ്ങിയവര്‍ക്കെല്ലാം ശബരിമല ഡ്യൂട്ടി അടക്കമുള്ള അധിക ജോലി നല്‍കിയിട്ടുണ്ട്. കേസിലെ മുഖ്യ സൂത്രധാരനെന്നു പറയപ്പെടുന്ന തിരൂര്‍ മഠത്തില്‍ നാരായണന്‍, തിരൂര്‍ കുട്ടിച്ചാത്തന്‍കാവ് വിപിന്‍ദാസ്, ഗൂഢാലോചനാ സംഘത്തിലെ വള്ളിക്കുന്ന് സ്വദേശി ജയകുമാര്‍ എന്നിവരെ പിടികൂടാന്‍ ബാക്കിയുണ്ട്. സംഭവശേഷം ഇവരെ കാട്ടിലങ്ങാടി, മോര്യാ പ്രദേശങ്ങളില്‍ കണ്ടതായി അഭ്യൂഹമുണ്ട്. ഇക്കാര്യം അറിയിച്ചെങ്കിലും പൊലിസ് ഗൗരവമായെടുത്തില്ലെന്നും ആരോപണമുണ്ട്.
അറസ്റ്റ് ചെയ്ത് തൊണ്ണൂറു ദിവസത്തിനകം കുറ്റപത്രം നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികള്‍ക്കു ജാമ്യം ലഭിച്ചേക്കും. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം യഥാസമയം കുറ്റപത്രം നല്‍കാന്‍ സാധിക്കുമോയെന്നകാര്യം സംശയത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."