മുക്കുന്നിമല സര്‍ക്കാരിന് തിരിച്ചെടുക്കാം
കൊച്ചി: മുക്കുന്നിമലയില്‍ റബര്‍ കൃഷിക്കു വേണ്ടി പട്ടയം നല്‍കിയ ഭൂമി ക്വാറി പ്രവര്‍ത്തനത്തിന് ഉപയോഗിച്ചതിനാല്‍ സര്‍ക്കാരിന് തിരിച്ചെടുക്കാന്‍ കഴിയുമെന്ന് ജിയോളജിസ്റ്റ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
1984 ല്‍ റബര്‍ കൃഷിക്കായി പട്ടയം നല്‍കിയ ഭൂമി 1994 മുതലാണു ക്വാറി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു തുടങ്ങിയത്. ഒരു പ്രത്യേക ആവശ്യത്തിനു പട്ടയം അനുവദിച്ച ഭൂമി ദുരുപയോഗം ചെയ്‌തെന്ന കുറ്റത്തിനു പുറമേ കേരള മൈനര്‍ മിനറല്‍സ് കണ്‍സെഷന്‍ റൂള്‍ അനുസരിച്ച് സര്‍ക്കാരിനവകാശപ്പെട്ട ധാതുക്കള്‍ ചൂഷണം ചെയ്‌തെന്ന കുറ്റവും ഭൂവുടമകള്‍ക്കെതിരെ ചുമത്താന്‍ കഴിയും. പട്ടയത്തില്‍ പറഞ്ഞിട്ടുള്ള ആവശ്യത്തിനു വിരുദ്ധമായി ഭൂമി ഉപയോഗിച്ചതിനാല്‍ പട്ടയം റദ്ദാക്കി ഭൂമി തിരിച്ചെടുക്കാന്‍ സര്‍ക്കാരിനു കഴിയും.
ധാതുക്കള്‍ ചൂഷണം ചെയ്തതു കണക്കാക്കി പിഴ ചുമത്താനുമാകുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. നൂറിലേറെ ഏക്കര്‍ സ്ഥലത്താണ് ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ ഡിസംബര്‍ 31 മുതല്‍ ക്വാറി പ്രവര്‍ത്തനം നിറുത്തിവെപ്പിച്ചെന്നും കേസില്‍ നെയ്യാറ്റിന്‍കര തഹസീല്‍ദാറെക്കൂടി കക്ഷി ചേര്‍ക്കണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.മുക്കുന്നിമലയിലെ അനധികൃത ക്വാറി പ്രവര്‍ത്തനത്തിനെതിരെ പ്രദേശ വാസിയായ എസ്. ലത നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം ജില്ലാ ജിയോളജിസ്റ്റ് എസ്. സജികുമാറാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സത്യവാങ്മൂലം നല്‍കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."