വി.എസിനെപ്പോലെയല്ലല്ലോ ഐ.എ.എസ്
പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ എല്‍.ഡി.എഫ് പറഞ്ഞതുപോലെ എല്ലാം ശരിയായില്ലെങ്കിലും ചിലതെങ്കിലും ശരിയാകുമെന്ന് പലരും കരുതിയിരുന്നു. പിണറായിയുടെ ഭരണപ്രാപ്തിയിലുള്ള വിശ്വാസമായിരുന്നു ആ പ്രതീക്ഷയ്ക്കാധാരം. ആഭ്യന്തര സംഘര്‍ഷങ്ങള്‍ കത്തിനിന്ന കാലത്ത് സംസ്ഥാനത്തെ സി.പി.എമ്മിനെ നയിക്കുന്നതില്‍ അദ്ദേഹം കാട്ടിയ മിടുക്ക് ഭരണത്തിലും പ്രതിഫലിക്കുമെന്ന് പലരും വിശ്വസിച്ചു. എന്നാല്‍ കാര്യമായൊന്നും ശരിയായില്ലെന്നു മാത്രമല്ല ശരിയായി നടന്നിരുന്നതു പലതും കുളമാവുകയുമാണിപ്പോള്‍.
സംസ്ഥാന ഭരണവുമായി തട്ടിച്ചുനോക്കുമ്പോള്‍ പാര്‍ട്ടി ഭരണം ഏറെ എളുപ്പമുള്ള കാര്യമാണ്. പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പര്‍ട്ടിയെ നയിക്കല്‍. കേന്ദ്രീകൃത ജനാധിപത്യമെന്നൊക്കെ പറഞ്ഞുനടക്കാറുണ്ടെങ്കിലും കമ്യൂണിസ്റ്റ് സംഘടനാശൈലി അനുസരിച്ച് ഓരോ ഘടകത്തിന്റെയും സര്‍വാധികാരി സെക്രട്ടറിയാണ്. അതുകൊണ്ടു തന്നെ സംസ്ഥാനത്തെ പാര്‍ട്ടിയിലെ അവസാനവാക്ക് സംസ്ഥാന സെക്രട്ടറിയാണ്. സംസ്ഥാന സെക്രട്ടറിയെ ആ പദവിക്കു താഴെയുള്ളവരെല്ലാം അനുസരിച്ചേ പറ്റൂ. അതിനു കാരണങ്ങള്‍ പലതാണ്. വലിയൊരു വിഭാഗത്തിന് പാര്‍ട്ടി പ്രവര്‍ത്തനം ഉപജീവനമാര്‍ഗമാണെന്നതാണ് അതില്‍ സുപ്രധാനം. ലോക്കല്‍ സെക്രട്ടറി മുതല്‍ മുകളിലേക്കുള്ളവരെല്ലാം പാര്‍ട്ടി അലവന്‍സെന്ന പേരില്‍ പാര്‍ട്ടിയില്‍ നിന്ന് ശമ്പളം വാങ്ങി ജീവിക്കുന്നവരാണ്. പദവിയുടെ ഏറ്റക്കുറച്ചിലനുസരിച്ച് ശമ്പളത്തിനു വ്യത്യാസമുണ്ടാകുമെന്നു മാത്രം. ചിലര്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് ശമ്പളം വാങ്ങിക്കൊണ്ട് പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നവരുമാണ്. നേതൃത്വത്തെ ധിക്കരിച്ചാല്‍ നടപടി വരും. പാര്‍ട്ടിയില്‍ നിന്ന് പുറത്താകും. രാഷ്ട്രീയപ്രവര്‍ത്തനമല്ലാതെ മറ്റൊരു തൊഴിലും പഠിച്ചിട്ടില്ലാത്തവരുടെ അന്നം അതോടെ മുടങ്ങും. പിന്നെ ജീവിക്കണമെങ്കില്‍ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരേണ്ടിവരും. മറ്റു പാര്‍ട്ടികളൊന്നും ഇതുപോലെ കൃത്യമായി ശമ്പളം നല്‍കാത്തവരായതിനാല്‍ അവിടെ ജീവിച്ചുപോകണമെങ്കില്‍ ഒരുപാട് തട്ടിപ്പും തരികിടയുമൊക്കെ വേണ്ടിവരും.
നേതൃത്വവുമായി പിണങ്ങി പുറത്തുപോകുന്നതിന്റെ പ്രത്യാഘാതം വരുമാന നഷ്ടത്തില്‍ മാത്രം ഒതുങ്ങിക്കൊള്ളണമെന്നുമില്ല. ചിലപ്പോള്‍ ജീവഹാനി തന്നെ സംഭവിച്ചേക്കും. മാത്രമല്ല നേതൃത്വം പറയുന്നതു കേട്ട് അടങ്ങിയൊതുങ്ങി നിന്നാല്‍ ഗുണവുമുണ്ട്. പഞ്ചായത്ത് മെമ്പറും സഹകരണസംഘം ഭരണസമിതി അംഗത്വവും മുതല്‍ പാര്‍ലമെന്റ് അംഗത്വം വരെ നീണ്ടുകിടക്കുന്ന അധികാരസാധ്യതകള്‍ ഏറെയാണ്. ആരും രാഷ്ട്രീയത്തിലിറങ്ങുന്നത് പരലോകമോക്ഷം കിട്ടാനല്ല. അധികാരത്തിനു വേണ്ടി തന്നെയാണ്. ഇത്തരം നിരവധി കാരണങ്ങളാല്‍ പാര്‍ട്ടി നേതൃത്വം പറയുന്നത് കീഴിലുള്ളവര്‍ അനുസരിക്കും. വലിയ കോലാഹലം സൃഷ്ടിച്ച് പാര്‍ട്ടിയെ വെല്ലുവിളിച്ച സ്ഥാപകനേതാവായ വി.എസ് അച്യുതാനന്ദന്‍ വരെ നിര്‍ണായക ഘട്ടങ്ങളില്‍ പാര്‍ട്ടിക്കു കീഴടങ്ങിയത് ഇതുപോലുള്ള കാരണങ്ങളാലാണ്.
എന്നാല്‍ വി.എസ് അച്യുതാനന്ദനല്ലല്ലോ ഐ.എ.എസ് ഓഫീസര്‍മാര്‍. ഭരണാധികാരി വിചാരിച്ചാല്‍ വേണമെങ്കില്‍ അവരെ സ്ഥലംമാറ്റുകയോ ഇരിക്കുന്ന പദവികളില്‍ നിന്ന് ഇളക്കി പ്രതിഷ്ഠിക്കുകയോ ഒക്കെ ചെയ്യാമെങ്കിലും കഞ്ഞികുടി മുട്ടിക്കുക എളുപ്പമല്ല. അവര്‍ക്കു സര്‍വിസ് ചട്ടങ്ങളുടെ സംരക്ഷണമുണ്ട്. അഴിമതിക്കാരും കെടുകാര്യക്കാരുമൊക്കെ അക്കൂട്ടത്തില്‍ കാണും. ചില കാര്യങ്ങള്‍ നേടിയെടുക്കാന്‍ അവര്‍ ഭരണാധികാരികളെ സോപ്പിട്ടു നില്‍ക്കുകയും ചെയ്യും. എന്നാല്‍ മാളത്തില്‍ കോലിട്ടു കുത്തിയാല്‍ അവരും കടിച്ചേക്കും.
അവരെ വിരട്ടി വരുതിയില്‍ നിര്‍ത്തി എല്ലാം ശരിയാക്കാന്‍ മുഖ്യമന്ത്രി നടത്തിയ ശ്രമം കൈവിട്ടുപോയത് അതുകൊണ്ടാണ്. വിരട്ടലിന്റെ ഫലമായി കൂട്ട അവധി ഭീഷണിയില്‍ നിന്ന് അവര്‍ പിന്മാറിയെങ്കിലും ഭരണസിരാകേന്ദ്രത്തില്‍ കാര്യങ്ങളെല്ലാം അലങ്കോലപ്പെട്ടു കിടക്കുകയാണ്. അവരുടെ അതൃപ്തിയും പ്രതിഷേധവും മെല്ലെപ്പോക്കായി രൂപാന്തരം പ്രാപിച്ചപ്പോള്‍ ഫയലുകള്‍ പലതും അനങ്ങാതെ കിടക്കുകയാണ്. ഫലത്തില്‍ സംഭവിക്കുന്നത് ഭരണസ്തംഭനം. അതിന്റെ ഫലമനുഭവിക്കുന്നത് സാധാരണക്കാരും. കുറി വേറെ കുറിക്കല്യാണം വേറെ എന്നു പറയുന്നതുപോലെ പാര്‍ട്ടിഭരണം വേറെ സംസ്ഥാനഭരണം വേറെ എന്നു തിരിച്ചറിഞ്ഞില്ലെങ്കില്‍ സംഭവിക്കുക ഇതൊക്കെ തന്നെ ആയിരിക്കും.
***********
സംഘ്പരിവാറുകാര്‍ക്ക് ഏറ്റവും എളുപ്പമുള്ളതും താല്‍പര്യമുള്ളതുമായ രാഷ്ട്രീയപ്പണി നാട്ടുകാരില്‍ ഇഷ്ടമില്ലാത്തവര്‍ക്ക് വിദേശരാജ്യങ്ങളിലേക്കു വിസ ശരിയാക്കിക്കൊടുക്കലാണ്. അക്കൂട്ടത്തില്‍ അവര്‍ക്ക് ഏറെ ഇഷ്ടമുള്ള രാജ്യം പാക്കിസ്താനാണ്. രാഷ്ട്രീയ എതിരാളികളെയും മതേതരവാദികളെയുമെല്ലാം അവര്‍ വിരട്ടുന്നത് പാക്കിസ്താന്‍ വിസ ഉയര്‍ത്തിക്കാട്ടിയാണ്. ഇതുപോലെ പുറത്തുള്ളവരെ പേടിപ്പിക്കാന്‍ മാത്രമല്ല പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പുകളിക്കും പാക്കിസ്താന്‍ വിസ നല്ലൊരായുധമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് ചലച്ചിത്ര സംവിധായകന്‍ കമലിന് വിസ ശരിയാക്കിക്കൊടുക്കാന്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.
കുമ്മനം രാജശേഖരനും വി. മുരളീധരനും ഉള്ളി സുരയെന്ന് പുതുതലമുറ മതേതരവാദിപ്പയ്യന്‍മാര്‍ വിളിക്കുന്ന കെ. സുരേന്ദ്രനുമൊക്കെ നിറഞ്ഞാടുന്ന സംസ്ഥാന സംഘ്പരിവാര്‍ രാഷ്ട്രീയത്തില്‍ കാര്യമായ ഒരു ഇടം കണ്ടെത്താന്‍ വേണ്ടി മാത്രമാണ് രാധാകൃഷ്ണന്‍ കമലിനു വിസയുമായി ഇറങ്ങിയതെന്നാണ് പാര്‍ട്ടിക്കാര്‍ പോലും അടക്കംപറയുന്നത്. അല്ലാതെ കമലിനോടുള്ള വിരോധംകൊണ്ടാവാന്‍ തരമില്ല. കമല്‍ ആരാണെന്നു പോലും രാധാകൃഷ്ണന് വ്യക്തമായി അറിയില്ലെന്നാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ നല്‍കുന്ന സൂചന. വലിയ പരിചയമില്ലാത്തവരോട് വിരോധമുണ്ടാകേണ്ട കാര്യമില്ലല്ലോ. ഏതായാലും ബി.ജെ.പിയില്‍ ഇത്തിരി കാര്യവിവരമുള്ള നേതാവായ സി.കെ പത്മനാഭന് രാധാകൃഷ്ണന്റെ ഈ കളിയുടെ രഹസ്യം ശരിക്കും മനസ്സിലായിട്ടുണ്ടെന്നാണ് തോന്നുന്നത്. കളിയില്‍ രാധാകൃഷ്ണന്‍ അങ്ങനെ ജയിച്ചുകയറേണ്ടെന്നു കരുതിത്തന്നെയാവണം അദ്ദേഹം പറഞ്ഞതിനെല്ലാം നേര്‍വിപരീതം പറഞ്ഞുകൊണ്ട് സി.കെ പത്മനാഭന്‍ രംഗത്തുവന്നത്.
കമലിനെ മാത്രമല്ല കേരളത്തിനു പുറത്തു ജീവിച്ചു സമരം ചെയ്തു മരിച്ച ചെ ഗുവേരയെയും രാധാകൃഷ്ണന്‍ കയറിപ്പിടിച്ചു. ചെ ഗുവേര കൊലയാളിയും അക്രമിയുമാണെന്നും അതുകൊണ്ട് ഡി.വൈ.എഫ്.ഐക്കാര്‍ അവരുടെ ബോര്‍ഡുകളില്‍ നിന്ന് ചെഗുവേരയുടെ ചിത്രം മാറ്റണമെന്നുമൊക്കെയാണ് രാധാകൃഷ്ണന്റെ വാദം. ഇനി നാളെ കോണ്‍ഗ്രസുകാരും മുസ്‌ലിം ലീഗുകാരുമൊക്കെ ആരുടെയൊക്കെ ചിത്രം ബോര്‍ഡുകളില്‍ വരയ്ക്കണമെന്നും രാധാകൃഷ്ണന്‍ പറഞ്ഞുതന്നേക്കും.
കൊലയാളിയോ അക്രമിയോ ആയ ആരുമില്ലാത്ത ഒരു പാര്‍ട്ടിയുടെ നേതാവായ രാധാകൃഷ്ണന്‍ ചെ ഗുവേരയെക്കുറിച്ച് ഇങ്ങനെയൊക്കെ പറയാന്‍ തീര്‍ത്തും അര്‍ഹനാണെന്ന കാര്യത്തില്‍ ആര്‍ക്കുമില്ല സംശയം. ഗാന്ധിജിയെ വെടിവച്ചുകൊന്നത് ചെഗുവേരയാണ് ! ഗുജറാത്തില്‍ കൂട്ടക്കൊല നടത്തിയതും ചെഗുവേര!! ബാബ്‌റി മസ്ജിദ് തല്ലിത്തകര്‍ത്തതും ചെഗുവേര തന്നെയാണ്!!! വല്ലാത്തൊരു ഭീകരന്‍ തന്നെയാണ് ഈ ചെഗുവേര ?!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."