ദേശീയ സമ്മതിദായക ദിനാചരണം നടത്തി
മാനന്തവാടി: ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ജില്ലാതല ആഘോഷപരിപാടികള്‍ മാനന്തവാടി മേരിമാതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ സംഘടിപ്പിച്ചു. ജനാധിപത്യപ്രക്രിയ സുശക്തമാക്കുന്നതിന് വിപുലമായ ജനപങ്കാളിത്തം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന പരിപാടി ഒളിംപ്യന്‍ ഒ.പി ജെയ്ഷ ഉദ്ഘാടനം ചെയ്തു.
ജില്ലാ കലക്ടര്‍ ഡോ.ബി.എസ് തിരുമേനി ദേശീയ സമ്മതിദായക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യുവ വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണോദ്ഘാടനം സബ് കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ നിര്‍വഹിച്ചു. ക്യാംപസുകളിലെ യുവവോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നതിന് വിവിധ കോളജുകളില്‍ തെരഞ്ഞെടുപ്പ് വകുപ്പിന്റെ നിര്‍ദേശാനുസരണം പ്രവര്‍ത്തനം നടത്തിയ ക്യാംപസ് അംമ്പാസഡര്‍മാര്‍ക്ക് ജില്ലാ കലക്ടര്‍ ഡോ.ബി.എസ് തിരുമേനി, എ.ഡി.എം കെ.എം രാജു, ഒളിംപ്യന്‍ ഒ.പി ജയ്ഷ എന്നിവര്‍ അംഗീകാരപത്രം വിതരണം ചെയ്തു.മുതിര്‍ന്ന വോട്ടറായ ചോമന്‍ മൂപ്പനെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ഒളിംപ്യന്‍ ഒ.പി ജെയ്ഷക്ക് ജില്ലാ കലക്ടര്‍ ഉപഹാരം നല്‍കി. പ്രിന്‍സിപ്പല്‍ ഡോ.സാവിയോ ജെയിംസ് വി, സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍ എം.ജെ സണ്ണി, വൈത്തിരി തഹസില്‍ദാര്‍ ശങ്കരന്‍ നമ്പൂതിരി തുടങ്ങിയവര്‍ സംസാരിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ടി സോമനാഥന്‍ സ്വാഗതവും റിട്ടേണിങ് ഓഫിസര്‍ എന്‍.ഐ ഷാജു നന്ദിയും പറഞ്ഞു. ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി- കോളജ് വിദ്യാര്‍ഥികള്‍ക്ക് 'ഇന്ത്യ 2016' എന്ന വിഷയത്തില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ 40 ടീമുകള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."