സഊദി അരാംകോയുടെ ഓഹരികള്‍ ഈ വര്‍ഷം മുതല്‍ വിറ്റഴിക്കുന്നു
ജിദ്ദ: ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനികളില്‍ ഒന്നായ സഊദി സര്‍ക്കാരിന്റെ അരാംകോയുടെ ഓഹരികള്‍ വിറ്റഴിക്കുന്നു. എണ്ണ വിലയിടിവ് കാരണം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് നീക്കം. സഊദി അരാംകോയുടെ നിശ്ചിത ശതമാനം ഓഹരികള്‍ വിറ്റഴിക്കുന്നതിനു നേരത്തെ മന്ത്രിസഭ തീരുമാനിച്ചിരുന്നു.
എണ്ണ വിലിയിടുവുമൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിമൂലം രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂലധനനിക്ഷേപ ധനസമാഹരണം ലക്ഷ്യമാക്കിയാണ് അരാംകോ ഓഹരികള്‍ വിറ്റഴിക്കുന്നത്. ഇതില്‍ പക്ഷേ നിയമ തടസ്സങ്ങളുണ്ടെന്നും ഇവ മറികടക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
വിഷന്‍ 2030ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് എണ്ണയെ ആശ്രയിച്ചുള്ള സാമ്പത്തികാവസ്ഥയെ മാറ്റുക എന്നതാണ്. ഇതിന്റെ ഭാഗമാണ് ഓഹരി വിപണിയിലേക്കുള്ള അരാംകോയുടെ പ്രവേശം. രാജ കല്‍പനയിലൂടെയാണ് പുതിയ മാറ്റം. പുതിയ നീക്കത്തോടെ അരാംകോയുടെ വിപണി മൂല്യം ഉയരും. ഇതിനായി വന്‍കിട കമ്പനികള്‍ രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേ സമയം എണ്ണ ഉല്‍പാദനത്തിനു പുറമെ വാഹനങ്ങളും മറ്റ് ആധുനിക ഉപകരണങ്ങളും നിര്‍മിക്കുന്നതിനും നിര്‍മാണ മേഖലയിലും അന്താരാഷ്ട്ര രംഗത്ത് കരാര്‍ ഏറ്റെടുക്കുന്നതിനും, ഇതര സേവന രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനുതകുന്ന നിലക്ക് അരാംകൊ നിയമവും ഭേദഗതി ചെയ്തു.
സഊദി അരാംകോയുടെ 5 ശതമാനം ഓഹരികള്‍ വില്‍ക്കുമെന്നു കിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍സല്‍മാന്‍ രാജകുമാരാന്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിലൂടെ രണ്ടു ട്രില്യണ്‍ ഡോളറോളം സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."