സ്‌കൂള്‍ കലോത്സവത്തിന് 61 വര്‍ഷത്തെ 'ചെറുപ്പം'
തൃശ്ശൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലയ്ക്ക് പറയാനുള്ളത് 61 വര്‍ഷത്തെ പാരമ്പര്യം. കൃത്യമായി പറഞ്ഞാല്‍ സ്‌കൂള്‍ യുവജനോത്സവം ആരംഭിച്ചത് 1956ലാണ്. അന്നുമുതല്‍ ഇന്നുവരെ നാലുതവണ മുടങ്ങിയതൊഴിച്ചാല്‍ മുടക്കമില്ലാതെ നടക്കുന്നുണ്ട് ഈ കലാമേള.
2008 വരെ സ്‌കൂള്‍ യുവജനോത്സവം എന്നറിയിപ്പെട്ട കലാമേള 2009 മുതല്‍ സ്‌കൂള്‍ കലോത്സവമായി മാറിയതാണ് കലാമേളക്കുണ്ടായ പ്രധാന മാറ്റങ്ങളിലൊന്ന്. 1986ല്‍ ടി.എം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് ആരംഭിച്ച കലാതിലകം-കലാപ്രതിഭാ പട്ടങ്ങള്‍ 2005 വരെ മുടക്കമില്ലാതെ നല്‍കിപ്പോന്നിരുന്നു.
എന്നാല്‍ സംസ്ഥാന തലത്തിലും ജില്ലാതലത്തിലുമൊക്കെ പട്ടങ്ങള്‍ വാങ്ങിക്കൂട്ടല്‍ കലാമേളയെക്കാളും വലിയ മത്സരമായതോടെ 2005ലെ കലോത്സവത്തോടെ ഈ രണ്ട് പട്ടങ്ങളും നിര്‍ത്തലാക്കി. ഇതാണ് കലാമേളയുടെ മാറ്റങ്ങളില്‍ പ്രധാനപ്പെട്ട രണ്ടാമത്തേത്.
സ്‌കൂള്‍, ഉപജില്ലാ, ജില്ലാ മത്സരങ്ങളില്‍ നിന്ന് വിജയിച്ചെത്തുന്നവരാണ് സംസ്ഥാന മേളകളില്‍ മാറ്റുരക്കുന്നത്. 1956ല്‍ കേരള സംസ്ഥാനം പിറവിയെടുത്ത് പിറ്റേ മാസം മുതലാണ് കലോത്സവം ആരംഭിക്കുന്നത്. അന്നത്തെ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. സി.എസ് വെങ്കിടേശ്വരനും, ഡപ്യൂട്ടി ഡയറക്ടര്‍ രാമവര്‍മ അപ്പന്‍ തമ്പുരാനും, ഗണേശ അയ്യര്‍ എന്ന പ്രഥമാധ്യാപകനും ചേര്‍ന്നതാണ് ആദ്യ കലോത്സവത്തിന്റെ സംഘാടക സമിതി രൂപത്കരിച്ചത്.
അന്ന് ഡല്‍ഹിയില്‍ അന്തര്‍ സര്‍വകലാശാല കലോത്സവത്തില്‍ കാഴ്ചക്കാരനായിരുന്ന ജി.എസ് വെങ്കടേശ്വരയ്യര്‍ ആ പരിപാടിയില്‍ നിന്നും ആവേശമുള്‍ക്കൊണ്ടാണ് കേരളത്തിലെയും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അത്തരമൊരു മത്സരം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്.
ആദ്യം സംസ്ഥാന തലത്തില്‍ നടന്ന കലാമേള പിന്നീടാണ് സ്‌കൂള്‍, ഉപജില്ലാ, റവന്യൂ ജില്ലാ മത്സരങ്ങളിലേക്ക് മാറിയത്്. കേരളത്തനിമയുള്ള കലാരൂപങ്ങള്‍ക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാരൂപങ്ങള്‍ക്കും മതങ്ങളുമായി ബന്ധപ്പെട്ട കലാരൂപങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കുന്ന സ്‌കൂള്‍ കലോത്സവത്തിന്റെ വിജയകരമായ 58-ാം വര്‍ഷത്തിനാണ് പൂരങ്ങളുടെ നാട്ടില്‍ ഇന്നലെ കൊടിയുയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."