സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: അമിത് ഷായെ വെറുതെ വിട്ടത് ചോദ്യം ചെയ്ത ഹരജിക്കെതിരേ സി.ബി.ഐ
മുംബൈ: സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് അമിത് ഷായെ വെറുതെ വിട്ടത് ചോദ്യം ചെയ്ത ഹരജിക്കെതിരേ സി.ബി.ഐ രംഗത്ത്. ബോംബേ ലോയേഴ്‌സ് അസോസിയേഷനാണ് കഴിഞ്ഞയാഴ്ച മുംബൈ ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹരജി ഫയല്‍ ചെയ്തത്.
അമിത് ഷായെ വെറുതെ വിട്ട നടപടി നിയമവിരുദ്ധവും ഏകപക്ഷീയവും വഞ്ചനാപരവുമാണെന്ന് ആരോപിച്ചായിരുന്നു അഭിഭാഷക അസോസിയേഷന്‍ ഹരജി ഫയല്‍ ചെയ്തത്. ഇതിനെതിരേയാണ് ഇപ്പോള്‍ സി.ബി.ഐ രംഗത്തുവന്നത്. തങ്ങള്‍ പരാതിയെ പരിപൂര്‍ണമായി എതിര്‍ക്കുന്നതായി സി.ബി.ഐ ഉപദേഷ്ടാവ് അനില്‍ ശര്‍മ കോടതിയെ അറിയിച്ചു.
2014 ഡിസംബര്‍ 30നാണ് പ്രത്യേക സി.ബി.ഐ കോടതി അമിത് ഷായെ കുറ്റവിമുക്തനാക്കുന്നത്. അമിത് ഷായുടെ രാഷ്ട്രീയ ജീവിതത്തെ സാരമായി ബാധിച്ച സംഭവമായിരുന്നു സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ്. 2005 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.
സൊഹ്‌റാബുദ്ദീന്‍, ഭാര്യ കൗസര്‍ബി എന്നിവരെ ഹൈദരാബാദില്‍ നിന്നും പിടികൂടിയ ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് ഗാന്ധിനഗറില്‍ കൊണ്ടുവന്ന് കൊലപ്പെടുത്തുകയായിരുന്നു.
കേസിനെത്തുടര്‍ന്ന് 2010ല്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന അമിത് ഷായ്ക്ക് മൂന്നു മാസം വിചാരണത്തടവിലും കഴിയേണ്ടി വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."