എല്ലാ ഭരണകൂടങ്ങളും സ്വേച്ഛാധിപതികളെ സൃഷ്ടിക്കുന്നു, എല്ലാ സ്വേച്ഛാധിപതികളുടെയും അന്ത്യം ദയനീയമാണെന്നത് ചരിത്രം: പിണറായിക്കെതിരെ കടുത്ത വിമര്‍ശനവുമായി അലന്‍ ഷുഹൈബിന്റെ മാതാവ്
കോഴിക്കോട്: അലന്‍ ഷുഹൈബിനും താഹാ ഫസലിനുമെതിരെ യു.എ.പി.എ ചുമത്തി അറസ്റ്റുചെയ്ത സംഭവത്തെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി അലന്‍ ഷുഹൈബിന്റെ മാതാവ് വീണ്ടും രംഗത്ത്.
എല്ലാ ഭരണകൂടങ്ങളും സ്വേച്ഛാധിപതികളെ സൃഷ്ടിക്കുകയാണെന്ന് അലന്റെ മാതാവ് സബിത ആരോപിച്ചു. അവരുടെ ഈഗോകള്‍ നിരപരാധികളെ തടവിലാക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ചരിത്രം പരിശോധിച്ചാല്‍ എല്ലാ സ്വേച്ഛാധിപതികളുടെയും അന്ത്യം ദയനീയമാണ്. ശാരീരികമായി മാത്രമേ അലനെ ജയിലില്‍ അടയ്ക്കാന്‍ സാധിക്കുകയുള്ളൂ. അവന്റെ ചിന്തകളെ തടവിലിടാന്‍ ഒരു ഭരണകൂടത്തിനും സാധിക്കില്ലെന്നും സബിത പറഞ്ഞു.
അലനേയും താഹയേയും തള്ളി നേരത്തെ രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ വീണ്ടും നിലപാട് ആവര്‍ത്തിച്ചു. യു.എ.പി.എ ചുമത്തിയത് മഹാപരാധമല്ല; അലനും താഹയും പരിശുദ്ധന്‍മാരാണെന്ന ധാരണ വേണ്ടെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
അറസ്റ്റിലായവര്‍ പരിശുദ്ധരാണെന്ന അഭിപ്രായം തനിക്കില്ലെന്ന് നേരത്തെ പറഞ്ഞതാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുകയായിരുന്നു. അവരെന്തോ പരിശുദ്ധന്‍മാരാണെന്നും ഒരു തെറ്റും ചെയ്യാത്തവരാണെന്നുമുള്ള ധാരണവേണ്ട. ചായകുടിക്കാന്‍ പോയപ്പോള്‍ പിടിച്ചതാണെന്ന് ആരും കരുതേണ്ടതില്ലെന്നുമായിരുന്നു പിണറായിയുടെ വാക്കുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."