പട്ടികജാതിക്കാരനായ ഓട്ടോത്തൊഴിലാളിയെ മര്‍ദിച്ച സംഘത്തെ പിടിക്കാതെ പൊലിസ്
തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഓട്ടോത്തൊഴിലാളിയെ ഒരുസംഘം മര്‍ദിച്ചവശനാക്കിയതായി പരാതി. ഇതുസംബന്ധിച്ച് മംഗലപുരം സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നു കാണിച്ച് തിരുവനന്തപുരം ജില്ലാ റൂറല്‍ പൊലിസ് സൂപ്രണ്ടിന് പരാതിയും നല്‍കി. പള്ളിപ്പുറം മണക്കാട്ടില്‍ വിളാകത്തില്‍ സുമതിയുടെ മകള്‍ ഉഷയാണ് പരാതിക്കാരി. കഴിഞ്ഞ 17ന് രാത്രി 10മണിക്കായിരുന്നു കേസിന്നാസ്പദമായ സംഭവം.
ഉഷയുടെ മകന്‍ ഷൈബുവിനാണ് മര്‍ദനമേറ്റത്. കണിയാപുരം വാടയില്‍ മുക്കിലെ ഒരു ഗ്യാസ് ഏജന്‍സിയില്‍ ഓട്ടോ ഡ്രൈവറാണ് ഷൈബു. സംഭവദിവസം ജോലികഴിഞ്ഞ് വീട്ടിലേക്കു വരവെ ചാമുണ്ഡിക്ഷേത്രത്തിനു സമീപം മാര്‍ഗതടസമായി ഇരുന്ന ഓട്ടോ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഒരു സംഘവുമായി ഉണ്ടായ വാക്കുതര്‍ക്കവും തുടര്‍ന്നുണ്ടായ സംഘര്‍ഷവുമാണ് പരാതിക്കിടയാക്കിയത്. വീട്ടിലെത്തിയ ഷൈബുവിനെ തര്‍ക്കമുണ്ടായ സ്ഥലത്തുണ്ടായിരുന്ന ഒരു സംഘം മാരകായുധങ്ങളുമായി എത്തി ആക്രമിക്കുകയും ഓട്ടോ അടിച്ചു തകര്‍ക്കുകയുമായിരുന്നു. ഷൈബുവിന്റെ തലയിലും നെഞ്ചിലുമാണ് ക്രൂരമര്‍ദനമേറ്റത്.
കൂടാതെ ഉഷയുടെ സഹോദരിയുടെ മകന്‍ വിനേഷിനും ഉഷയുടെ മാതാവ് സുമതിക്കും മര്‍ദനമേറ്റു. ഉഷയുടെ മകളും മാനസികാസ്വസ്ഥ്യമുള്ളയാളുമായ വിനീതയ്ക്കും മര്‍ദനമേറ്റു. വീട്ടിലുണ്ടായിരുന്ന മൊബൈലും പണവും പ്രതികള്‍ അപഹരിച്ചതു കൂടാതെ ജാതിപ്പേരു വിളിച്ച് അധിക്ഷേപിക്കുകയും പൊലിസില്‍ അറിയിച്ചാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്യുകയുണ്ടായി. ഇതിനെതിരേ മംഗലപുരം പൊലിസില്‍ പരാതി നല്‍കിയെങ്കിലും ഷൈബുവിനെയാണ് പൊലിസ് കുറ്റക്കാരനാക്കി പിടിച്ചുകൊണ്ടുപോയി മര്‍ദ്ദന മുറ നടത്തിയത്. മാരകമായി പൊലിസ് മര്‍ദനമേറ്റ ഷൈബു ഇപ്പോള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അണ്ടൂര്‍ക്കോണം പഞ്ചായത്ത് മെമ്പര്‍ വിജയകുമാര്‍, പള്ളിപ്പുറം സ്വദേശി ശിവപ്രസാദ്, കണ്ടാലറിയാവുന്ന പത്തോഓളം പേര്‍, മംഗലപുരം സ്റ്റേഷനിലെ എ.എസ്.ഐ ഉള്‍പ്പെടെയുള്ള ചില പൊലിസുകാര്‍ എന്നിവര്‍ക്കെതിരേയാണ് ഉഷ ജില്ലാ റൂറല്‍ പൊലിസ് സൂപ്രണ്ടിന് പരാതി നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."