പൊന്നാനിയില്‍ കമ്യൂണിറ്റി സ്റ്റഡി സെന്റര്‍ ഒരുക്കും: സ്പീക്കര്‍
മലപ്പുറം: പൊന്നാനി മണ്ഡലത്തില്‍ വിവിധയിടങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ പഠന സൗകര്യത്തിനായി കമ്യൂണിറ്റി സ്റ്റഡി സെന്റര്‍ ഒരുക്കുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. പൊന്നാനി നഗരസഭ മത്സ്യ തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യമായി നല്‍കുന്ന ലാപ്‌ടോപ്പ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാലയങ്ങളില്‍ നിന്ന് തിരിച്ചെത്തി വൈകുന്നേരങ്ങളില്‍ വീടുകളില്‍ പഠിക്കാന്‍ സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായാണ് കമ്മ്യൂണിറ്റി സ്റ്റഡി സെന്റര്‍ ഒരുക്കുന്നത്. ആറ് മണിക്ക് ശേഷം തുറന്ന് പ്രവര്‍ത്തിക്കുന്ന സ്റ്റഡി സെന്ററില്‍ വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ തീര്‍ക്കാനായി അധ്യാപകരും ഉണ്ടാകും. കൂടാതെ കേരളത്തിലാദ്യമായി വീടിന് പുറത്ത് പഠിക്കാനുള്ള സൗകര്യമൊരുക്കുന്ന ഈ കമ്മ്യൂണിറ്റി സ്റ്റഡി സെന്ററില്‍ പൊന്നാനി നഗരസഭയുടെ നേതൃത്വത്തില്‍ ലഘുഭക്ഷണം നല്‍കുമെന്നും സ്പീക്കര്‍ പറഞ്ഞു.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു പ്രാദേശിക ഭരണകൂടം മത്സ്യ തൊഴിലാളികളുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് സൗജന്യമായി ലാപ് ടോപ്പ് നല്‍കുന്നത്. 2018-19 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് പൊന്നാനി നഗരസഭ ലാപ്‌ടോപ്പ് വിതരണം ചെയ്തിരിക്കുന്നത്. നഗരസഭ പരിധിയിലെ അംഗീകൃത മത്സ്യ തൊഴിലാളി കുടുംബങ്ങളിലെ 131 പേര്‍ക്കാണ് ലാപ്‌ടോപ്പ് നല്‍കിയത്. 3750000 രൂപയാണ് നഗരസഭ പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്.
രണ്ടും മൂന്നും വര്‍ഷ ബിരുദ - ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളും മറ്റ് പ്രൊഫഷനല്‍ കോഴ്‌സ് വിദ്യാര്‍ത്ഥികളുമാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.
പൊന്നാനി നഗരസഭ ഓഫീസ് പരിസരത്ത് വെച്ച് നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഒ.ഒ ഷംസു, വൈസ് ചെയര്‍മാന്‍ രമാദേവി സ്ഥിരം സമിതി അധ്യക്ഷരായ ടി.മുഹമ്മദ് ബഷീര്‍, അഷ്‌റഫ് പറമ്പില്‍, കൗണ്‍സിലര്‍മാരായ എ.കെ ജബ്ബാര്‍, എം.പി അബ്ദുനിസാര്‍, ഇ.ബാബുരാജ്, മത്സ്യ വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ നാസര്‍ പതിയോടത്ത്, സൈഫു പൂളക്കല്‍, പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ എ.എ സുലൈമാന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."