എ.ഡി.എം ഇടപ്പെട്ടു; തങ്കപ്പന്റെ വീട്ടിലേക്ക് വൈദ്യുതിയെത്തി
വാടാനപ്പള്ളി :എ.ഡി.എം ഇടപ്പെട്ടു. തങ്കപ്പന്റെ വീട്ടിലേക്ക് വൈദ്യുതിയെത്തി. തുണയായത് സുപ്രഭാതം വാര്‍ത്ത.ഒരു പതിറ്റാണ്ടിലധികമായി മെഴുകുതിരി വെട്ടത്തില്‍ കഴിഞ്ഞിരുന്ന തളിക്കുളം സ്വദേശിയായ തങ്കപ്പന്റെ കുടിലിലേക്ക് വൈദ്യുതിയെത്തി. ക്യാന്‍സര്‍ രോഗിയായ തങ്കപ്പന്റെ അപേക്ഷ പരിഗണിച്ച തൃശൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ.എസ്.ഇ.ബിയോട് വൈദ്യുതി അനുവദിക്കാന്‍ ഉത്തരവിടുകയായിരുന്നു. അപേക്ഷയില്‍ തീര്‍പ്പ് കല്‍പിക്കുന്നതിനായി കഴിഞ്ഞ ദിവസം എ.ഡി.എം തങ്കപ്പന്റെ വീട്ടിലെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് എ.ഡി.എമ്മിന്റെ സാനിധ്യത്തില്‍ തൃശൂര്‍ കലക്ട്രേറ്റില്‍ ഹിയറിംഗും നടന്നിരുന്നു. തങ്കപ്പന്റെ കുടുംബത്തിന് വൈദ്യുതിയും വീട്ട് നമ്പറും നല്‍കാതെ അധികൃതര്‍ അവഗണിക്കുകയാണെന്ന വാര്‍ത്ത സുപ്രഭാതമാണ് പുറത്ത് കൊണ്ട് വന്നത്.
തളിക്കുളം എട്ടാം വാര്‍ഡില്‍ പുതിയങ്ങാടി ടാഗോര്‍ നഗറിന് കിഴക്ക് ഭാഗത്ത് താമസിക്കുന്ന പാണാപറമ്പില്‍ തങ്കപ്പനും ഭാര്യ ലീലയും തങ്ങളുടെ കുടിലിലേക്ക് വൈദ്യുതി അനുവദിക്കണമെന്നാവശ്യപ്പെട്ട് വര്‍ഷങ്ങളായി കെ.എസ്.ഇ.ബി ഓഫിസില്‍ കയറിയിറങ്ങുകയായിരുന്നു. എന്നാല്‍ ഇവര്‍ താമസിക്കുന്ന ഭൂമി ഇവരുടെ പേരിലല്ലന്നും, വീടിന് ഗ്രാമ പഞ്ചായത്ത് കെട്ടിട നമ്പര്‍ ഇട്ട് നല്‍കിയിട്ടില്ലന്നും ഭൂമിയുടെ ഉടമ അപേക്ഷകര്‍ക്ക് വൈദ്യുതി നല്‍കുന്നതിന് തടസ്സവാദമുന്നയിക്കുകയും ചെയ്തിട്ടുണ്ടന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കെ.എസ്.ഇ.ബി ഇവര്‍ക്ക് വൈദ്യുതി നല്‍കാതിരുന്നത്. തങ്കപ്പന്റെ ഭാര്യ ലീല നല്‍കിയ അപേക്ഷ കെ.എസ്.ഇ.ബിക്ക് പരിഗണിക്കാന്‍ കഴിയുന്നതല്ലന്ന കാരണം പറഞ്ഞ് വൈദ്യുതി നല്‍കാതിരുന്ന കെ.എസ്.ഇ.ബി അധികൃതര്‍ പത്രവാര്‍ത്ത പുറത്ത് വന്നതിന് ശേഷമാണ് അപേക്ഷ എ.ഡി.എമ്മിന് കൈമാറിയത്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം ഇവര്‍ താമസിക്കുന്ന ഓല വീടിനോട് ചേര്‍ന്ന് ചുമര്‍ കെട്ടി ഇലക്ട്രിക്കല്‍ വയറിംഗ് നടത്തിയെങ്കിലും വൈദ്യുതി നല്‍കുന്നതില്‍ കെ.എസ്.ഇ.ബി താമസം വരുത്തുകയായിരുന്നു.
സുപ്രഭാതം വാര്‍ത്ത ശ്രദ്ധയില്‍പെട്ട തളിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് കെ.കെ രജനി കഴിഞ്ഞ ദിവസം ഇവര്‍ക്ക് വീട്ട് നമ്പര്‍ അനുവദിച്ച് നല്‍കിയിരുന്നു. ഗ്രാമ പഞ്ചായത്ത് വീട്ട് നമ്പര്‍ അനുവദിച്ച് നല്‍കിയതായുള്ള രേഖകള്‍ കെ.എസ്.ഇ.ബിയുടെ തൃപ്രയാര്‍ ഓഫീസില്‍ നല്‍കീയിരുന്നെങ്കിലും എ.ഡി.എമ്മിന്റെ തീരുമാനം വന്നതിന് ശേഷമേ വൈദ്യുതി നല്‍കുകയുള്ള എന്ന തീരുമാനത്തിലായിരുന്നു കെ.എസ്.ഇ.ബിയിലെ ചില ഉദ്യോഗസ്ഥര്‍.
സമാനമായ സംഭവത്തില്‍ മറ്റൊരു അപേക്ഷകന് അനുകൂലമായി ഉണ്ടായ ഹൈകോടതി വിധികളെ കുറിച്ച് അറിവുണ്ടായിട്ടും കെ.എസ്.ഇ.ബിയിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ ഇവരുടെ കാര്യത്തില്‍ അനാവശ്യമായ ഇടപെടലുകളാണ് നടത്തിയതെന്ന് പരക്കെ ആക്ഷേപമുയര്‍ന്നിരുന്നു. തളിക്കുളത്തെ പൊതുപ്രവര്‍ത്തകരായ നൗഷാദ് തളിക്കുളവും എ.എം മെഹബൂബും കെ.എസ്.ഇ.ബിയുടെ തിരുവനന്തപുരം പരാതി സെല്ലില്‍ ഇത് സംബന്ധിച്ച് പരാതിയും നല്‍കിയിരുന്നു.
വാട്ടര്‍ അതോറിട്ടിയുടെ പൈപ്പുകള്‍ ഇടുന്നതിനുള്ള കുഴികള്‍ കുഴിക്കുന്ന താല്‍ക്കാലിക ജോലിയാണ് തങ്കപ്പന്. എന്നാല്‍ കിഡ്‌നിയില്‍ ക്യാന്‍സര്‍ ബാധിച്ച തങ്കപ്പന് ഇപ്പോള്‍ എല്ലാദിവസവും ജോലിക്ക് പോകാന്‍ കഴിയുന്നില്ല.
എല്ലാ മാസവും മെഡിക്കല്‍ കോളേജിലെത്തി ചെക്കപ്പ് നടത്തുകയും ചികിത്സ തുടരുകയും ചെയ്യേണ്ടതുണ്ട്. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ചെക്കപ്പ് നടത്തിയിട്ട് മാസങ്ങളായി. ഹൃദ് രോഗിയായ ലീല കവലകള്‍ തോറും നടന്ന് ലോട്ടറിവിറ്റ് കിട്ടുന്ന വരുമാനം കൊണ്ടാണ് ഇവരുടെ നിത്യ ചിലവ് കഴിഞ്ഞ് പോകുന്നത്. ഇവര്‍ താമസിക്കുന്ന വീടിന് നമ്പര്‍ ലഭിക്കാത്തതിനാല്‍ റേഷന്‍ കാര്‍ഡോ മറ്റ് രേഖകളൊ ഇവര്‍ക്ക് കിട്ടിയിട്ടില്ല. അത് കൊണ്ട് തന്നെ സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട ചികിത്സാ സഹായത്തിന് അപേക്ഷ നല്‍കുവാന്‍ പോലും ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല. അറുപ്പത്തിയഞ്ച് വയസ്സ് പ്രായമായ ലീലക്ക് ഇതുവരേയും ക്ഷേമ പെന്‍ഷനും ലഭിച്ചിട്ടില്ല.
തിരുവനന്തപുരം സ്വദേശികളായ ഈ വയോധികര്‍ 27 വര്‍ഷം മുമ്പാണ് തളിക്കുളത്തെത്തിയത്. 13 വര്‍ഷം പത്താംകല്ലില്‍ വാടകക്ക് താമസിച്ചിരുന്ന ഇവര്‍ പത്ത് വര്‍ഷം മുമ്പാണ് തളിക്കുളം എട്ടാം വാര്‍ഡില്‍ രണ്ട് സെന്റ് ഭൂമി സ്വന്തമായി വാങ്ങിയത്. ഭൂമിയുടെ വില സ്ഥലം ഉടമക്ക് നല്‍കിയെങ്കിലും ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ ഒന്നുംതന്നെ ഇത് വരെ ഇവര്‍ക്ക് ഭൂഉടമ നല്‍കിയിട്ടില്ല. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ ഈ നിത്യരോഗികള്‍ക്ക് വൈദ്യുതിയും വീട്ട് നമ്പറും നിഷേധിച്ചത്. വീട്ട് നമ്പറും വൈദ്യുതിയും ലഭ്യമാക്കുന്നതിനുള്ള സഹായം ചെയ്ത് തരണമെന്നഭ്യര്‍ത്ഥിച്ച് നിരവധി തവണ വാര്‍ഡ് മെമ്പറുടെ അടുത്ത് പോയെങ്കിലും നിരാശയായിരുന്നു ഫലമെന്ന് തങ്കപ്പന്‍ പറഞ്ഞു.
വൈദ്യുതി ഇല്ലാത്തതിനാല്‍ ഈ വയോധികര്‍ വീടിന്റെ വാതില്‍ തുറന്നിട്ടാണ് രാത്രിയില്‍ കിടന്നുറങ്ങിയിരുന്നത്. സുപ്രഭാതം വാര്‍ത്ത പുറത്ത് വന്ന അന്ന് മുതല്‍ തളിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് കെ.കെ രജനിയും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും മറ്റ് ജീവനക്കാരും തങ്കപ്പനും കുടുംബത്തിനും വൈദ്യുതിയും വീട്ട് നമ്പറും നല്‍കുന്നതിനുള്ള സാധ്യതകളെ കുറിച്ച് പഠനം നടത്തിയിരുന്നു. നിരവധി തവണ തങ്കപ്പന്റെ വീട് സന്ദര്‍ശിച്ച് ഇവരുടെ ദുരിത ജീവിതം നേരിട്ട് മനസിലാക്കുകയും ചെയ്തിരുന്നു.
ഒരു പതിറ്റാണ്ടിലധികം കാലം വീട്ട് നമ്പറിനും വൈദ്യുതിക്കും വേണ്ടി ഓഫിസുകള്‍ കയറിയിങ്ങിയ തങ്കപ്പന്റെ കുടുംബത്തിന് വീട്ട് നമ്പറും വൈദ്യുതിയും ലഭ്യമാക്കുന്നതിന് ആത്മാര്‍ത്ഥമായി ഇടപ്പെട്ട തളിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രജനിയെ പ്രദേശവാസികളും പുതിയങ്ങാടി ടാഗോര്‍ ക്ലബ്ബിന്റെ പ്രവര്‍ത്തകരും ചേര്‍ന്ന് പടക്കം പൊട്ടിച്ചും മധുരം നല്‍കിയാുമാണ് സ്വീകരിച്ചത്. തങ്കപ്പന്റെ വീട്ടിലേക്കാവശ്യമായ ബള്‍ബുകള്‍ ടൂബുകള്‍ തുടങ്ങിയവയെല്ലാം പൊതു പ്രവര്‍ത്തകരും പ്രദേശവാസികളും ചേര്‍ന്നാണ് വാങ്ങി നല്‍കിയത്. തങ്കപ്പന്റെ വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷന്റെ സ്വിച്ചോണ്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളും പൊതു പ്രവര്‍ത്തകരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."