കേരള പൊലിസ് ആര്‍ക്കുവേണ്ടി ?
സാധാരണക്കാരുടെ സമാധാനപൂര്‍ണമായ ജീവിതത്തിന്റെ താളംതെറ്റിക്കുന്ന സംഭവങ്ങളാണു ദിവസേനയെന്നോണം അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ക്രമസമാധാനം പാലിക്കേണ്ട പൊലിസിന്റെ അക്ഷന്തവ്യമായ അപരാധം മൂലമാണു സംസ്ഥാനത്ത് ഇത്തരമൊരു അവസ്ഥ സംജാതമായിരിക്കുന്നത്. ഏറ്റവുമവസാനത്തേതാണു രാജ്യാന്തര വനിതാദിനത്തില്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ പെണ്‍കുട്ടികള്‍ക്കു നേരെയുണ്ടായ ശിവസേന ഗുണ്ടകളുടെ ആക്രമണം.
പൊലിസിന്റെ അകമ്പടിയോടെയായിരുന്നു ശുഭ്രവസ്ത്രധാരികളായ ശിവസേനാഗുണ്ടകള്‍ കേട്ടാലറയ്ക്കുന്ന അസഭ്യവര്‍ഷവും ചൂരല്‍പ്രയോഗവും പെണ്‍കുട്ടികള്‍ക്കു നേരെ നടത്തിയത്. അനുമതി വാങ്ങാതെ നടത്തിയ പ്രകടനത്തിനു മുമ്പില്‍ പൊലിസ് വഴികാട്ടിയായത് അമ്പരപ്പോടെ മാത്രമേ കാണാനാകൂ. ശിവസേനയും പൊലിസും ഒന്നിച്ചു ഗൂഢാലോചന നടത്തിയതാണ് ഇത്തരമൊരു സ്ത്രീവേട്ടയെന്നു കരുതേണ്ടിയിരിക്കുന്നു.
സ്ത്രീസുരക്ഷയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് അന്താരാഷ്ട്രദിനത്തില്‍ കേരളമൊട്ടാകെ പ്രതിജ്ഞയെടുത്തതിന്റെ ചൂടാറുംമുമ്പാണു പെണ്‍കുട്ടികള്‍ ക്രൂരമായ ചൂരല്‍ പ്രയോഗത്തിനിരയായത്. സദാചാരത്തിന്റെ മറപിടിച്ചു പെരുകിവരുന്ന ദുരാചാരഗുണ്ടായിസവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കു നേരെയുള്ള ബലാത്സംഗങ്ങളും അക്രമങ്ങളും ഭയാശങ്കകളോടെ മാത്രമേ കാണാനാകൂ. ഇതിനകം നടന്ന പല സംഭവങ്ങളിലും പൊലിസ് ഇരകളുടെ നിലവിളികള്‍ അവഗണിക്കുകയോ വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകളില്‍നിന്നു മനസ്സിലാകുന്നത്.
സിനിമാനടികളെപ്പോലുള്ള സെലിബ്രിറ്റികള്‍ ആക്രമിക്കപ്പെടുമ്പോള്‍ മാത്രം സടകുടഞ്ഞെഴുന്നേല്‍ക്കുന്ന പൊലിസ് സംവിധാനം എന്തുകൊണ്ടാണു പാവങ്ങള്‍ക്കു നേരേ അവജ്ഞാമനോഭാവം കാണിക്കുന്നത്. വാളയാറിലെ രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണംകൂടി വേണ്ടിവന്നു രണ്ടുപെണ്‍കുട്ടികളും ബലാത്സംഗത്തിന് ഇരയായിരുന്നുവെന്ന സത്യം പുറത്തുവരാന്‍.
ഒരു മാസം മുമ്പ് ഇതുസംബന്ധിച്ചു പൊലിസില്‍ പരാതി നല്‍കിയതാണ്. പൊലിസ് അനങ്ങിയില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബലാത്സംഗത്തിനിരയായ വിവരമുണ്ടായിരുന്നു. ശിശുക്ഷേമ സമിതി കണ്ടതായി ഭാവിച്ചില്ല. കൊല്ലപ്പെട്ട കുട്ടി ദലിത് കുടുംബത്തിലുള്ളവളും ദരിദ്രാവസ്ഥയിലുള്ളവളുമാണെന്നതു തന്നെ ഇതിന്റെയെല്ലാം അടിസ്ഥാനം. ആദ്യത്തെ പെണ്‍കുട്ടി മരിച്ചപ്പോള്‍ത്തന്നെ പൊലിസ് കേസെടുത്ത് അന്വേഷിച്ചിരുന്നെങ്കില്‍ രണ്ടാമത്തെ പെണ്‍കുട്ടി ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നു.
വാളയാറില്‍ത്തന്നെ മറ്റൊരു ഇരുപതുകാരി കഴിഞ്ഞ തിങ്കളാഴ്ച തൂങ്ങിമരിച്ചത് അയല്‍പക്കത്തെ യുവാവ് വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗത്തിനു മുതിര്‍ന്നതിലെ മാനസികവ്യഥ മൂലമായിരുന്നു. പൊലിസ് ഇവിടെയും അനങ്ങിയില്ല. അഴീക്കലില്‍ സദാചാരഗുണ്ടകളുടെ സമൂഹമാധ്യമത്തിലൂടെയുള്ള ഭീഷണി കാരണം യുവാവ് തൂങ്ങിമരിച്ചു. പൊലിസ് അനങ്ങിയില്ല.
വയനാട്ടില്‍നിന്നു വീണ്ടുമൊരു പീഡനക്കേസ് വന്നിരിക്കുന്നു. പ്ലസ്ടുവിനു പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ കെ.സി.വൈ.എം കോ-ഓഡിനേറ്റര്‍ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയതും കോഴിക്കോട്ട് പ്രസവിച്ചതും പൊലിസും കോഴിക്കോട്ടെ ശിശുക്ഷേമ സമിതിയും അറിഞ്ഞില്ല.
അട്ടപ്പാടിയില്‍ ആദിവാസിയുവതിയെ യുവാവു പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി. പ്രസവിച്ച കുഞ്ഞുമായി ആ യുവതി ഏകാകിയായി പൊളിഞ്ഞ ചെറ്റക്കുടിലില്‍ ആരും സഹായിക്കാനില്ലാതെ കഴിയുന്നു. ഒരുമാസം മുമ്പ് യുവതി പരാതി നല്‍കിയിട്ടും പൊലിസ് തിരിഞ്ഞു നോക്കിയില്ല. യൂനിവേഴ്‌സിറ്റി കോളജിലെ സദാചാരഗുണ്ടായിസത്തെക്കുറിച്ച് പൊലിസ് ഇതുവരെ കേസെടുത്തിട്ടില്ല.
പ്രതിപക്ഷം അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയപ്പോള്‍ ആദ്യം പൊലിസിനു വീഴ്ചപറ്റിയെന്നു സമ്മതിച്ച മുഖ്യമന്ത്രി പിന്നീട് എല്ലാം പ്രതിപക്ഷത്തിന്റെ നാടകമെന്നും അക്രമികളെ പ്രതിപക്ഷം വാടകക്കെടുത്തതാണെന്നും പറഞ്ഞു കേരളീയ സമൂഹത്തെ അപമാനിച്ചു. ഇന്നു സസ്‌പെന്റ് ചെയ്യപ്പെട്ട പൊലിസുകാരെ നാളെ തിരിച്ചെടുക്കുമായിരിക്കാം. അതാണു പൊലിസില്‍ കാണുന്ന ശിക്ഷാമുറ.
മറൈന്‍ ഡ്രൈവില്‍ ശിവസേന ഗുണ്ടകള്‍ക്കെതിരേ എടുത്ത കേസ് അക്രമത്തിന് അകമ്പടി സേവിച്ച പൊലിസുകാര്‍ക്കെതിരേയും എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പ്രതികള്‍ക്കെതിരേ എടുക്കുന്ന വകുപ്പുകള്‍ കുറ്റകൃത്യങ്ങള്‍ക്കുനേരെ അലംഭാവം കാണിക്കുന്ന പൊലിസുകാര്‍ക്കെതിരേയും ഉണ്ടാകണം. അപ്പോള്‍ മാത്രമേ ആര്‍ക്കുവേണ്ടിയാണു പൊലിസ് എന്ന പൊതുസമൂഹത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടാവൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."