സജീവമായി നിസ്‌കാര തൊപ്പിയും ദസ്ബി വിപണിയും
കണ്ണൂര്‍ സിറ്റി: റമദാന്‍ പുണ്യവുമായി വിശ്വാസികള്‍ക്ക് അണിയാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തൊപ്പിയും പ്രാര്‍ഥനാവാചകങ്ങളുടെ എണ്ണംപിടിക്കാന്‍ ഉപയോഗിക്കുന്ന തസ്ബീഹ് മാലകളുടെ (ദസ്ബി) വൈവിധ്യ വിപണിയും സജീവം.
വിവിധ നിറത്തിലും തുണിയിലുമുള്ള ചൈനതൊപ്പികള്‍ കഴിഞ്ഞതവണ ഏറെ പേരെ ആകര്‍ഷിച്ചിരുന്നു. വിലക്കുറവും ആകര്‍ഷണീയതയും തന്നെയായിരുന്നു ഇവയുടെ പ്രത്യേകത. എന്നാല്‍ ഇത്തവണ ചൈനയെ പിന്തള്ളി തുര്‍ക്കി സ്‌പെഷല്‍ തൊപ്പികളാണ് വിശ്വാസികളെ ഏറെ ആകര്‍ഷിക്കുന്നത്. ന്യൂജനറേഷനിടയില്‍ ഇയ്യോബിന്റെ തൊപ്പിയെന്ന് അറിയപ്പെടുന്ന ഈ തൊപ്പി ഏതു പ്രായത്തിലുള്ളവര്‍ക്കും ഒരുപോലെ ഉപയോഗിക്കാനാകുന്നു എന്നതാണ് പ്രത്യേകത. വിവിധ വര്‍ണങ്ങളില്‍ നെയ്‌തെടുത്ത തൊപ്പിക്ക് 230 രൂപയാണ് വില. വിവിധ തരത്തിലുള്ള ചൈനീസ് തൊപ്പികള്‍ക്ക് 70 രൂപയാണ് വില. തുണികളുടെ സ്വഭാവത്തിനനുസരിച്ച് വിലയിലും വ്യത്യാസമുണ്ടാകും. കാസര്‍കോട്ടെ തളങ്കരതൊപ്പിക്കും ആവശ്യക്കാരേറെയുണ്ട്. സമദാനി തൊപ്പിയും മുഹമ്മദലി ജിന്ന തൊപ്പിയും തേടി ആളുകളെത്തുന്നുണ്ട്. ഒമാന്‍ തൊപ്പിയും, ഷെര്‍വാണി തൊപ്പിയുമാണ് വിലയില്‍ മുന്നില്‍. 400 രൂപവരെ വിലവരുന്ന തൊപ്പികള്‍ വിപണിയിലുണ്ട്. 20 രൂപ വിലയുള്ള മക്ക പ്ലെയിന്‍ തൊപ്പിക്കാണ് ആവശ്യക്കാര്‍ അധികവും. ബംഗ്ലാദേശ്, തായ്‌ലന്റ് എന്നിവിടങ്ങളില്‍ നിന്ന് വിവിധതരത്തിലുള്ള തൊപ്പികള്‍ എത്തുന്നുണ്ട്. വിദേശിയോടാണ് ആവശ്യക്കാര്‍ക്ക് പ്രിയമെന്നു കച്ചവടക്കാര്‍ പറയുന്നു.
ദസ്ബിയുടെ കാര്യത്തില്‍ ഇടക്കാലത്ത് മോതിര വലുപ്പത്തിലുള്ള ഇലക്ട്രോണിക് കൗണ്ടര്‍ ഉപയോഗിച്ചിരുന്ന പലരും വീണ്ടും ദസ്ബി മാലയിലേക്കു തിരിച്ചുവന്ന കാഴ്ചയാണെങ്ങും. കുഞ്ഞുമണികളോടെയുള്ള ചെറിയ ദസ്ബികള്‍ മുതല്‍ ഗള്‍ഫില്‍ നിന്നെത്തുന്ന തടിയില്‍ തീര്‍ത്ത വലിയ മണികളോടെയുള്ള ദസ്ബികള്‍ വരെ ലഭ്യമാണ്.
പത്തു രൂപ മുതല്‍ 150-200 വരെയാണ് വില. സൗദിയില്‍നിന്നും മറ്റും ദസ്ബികളെത്തിച്ച് സൗജന്യമായി വിതരണം ചെയ്യുന്നവരുമുണ്ട്. യാത്രയില്‍ സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന നൂലുറപ്പുള്ള ചെറിയ മനോഹരമായ ദസ്ബികള്‍ വന്നതോടെയാണ് 'ബാറ്ററി ദസ്ബി' എന്നു ചിലര്‍ വിളിക്കുന്ന ഇല്‌ക്ട്രോണിക് കൗണ്ടര്‍ പുറത്തായിത്തുടങ്ങിയത്. വെള്ളവും പൊടിയും ദസ്ബി മാലകളെ ബാധിക്കില്ലെന്നതും ആവശ്യക്കാരുടെ എണ്ണം കൂട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."