ഇരുനില വീടുള്ളവന്‍ ബി.പി.എല്‍, കയറിക്കിടക്കാന്‍ ഇടമില്ലാത്തവര്‍ എ.പി.എല്‍
ജില്ലയിലെ മുന്‍ഗണനാ പട്ടിക വന്നപ്പോള്‍ ഞെട്ടിപ്പോയവര്‍ നിരവധിയാണ്. തന്റെ വീടിനോട് ചേര്‍ന്ന ഇരുനില വീടും കാറുമുള്ളവന്റെ കുടുംബം ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ കയറി ക്കിടക്കാന്‍ കൂരയില്ലാത്തവനും സ്ഥിരവരുമാനമില്ലാത്ത തൊഴില്‍ രഹിതനും എ.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട കാഴ്ച്ച കണ്ടാണ് പല നിര്‍ദ്ധനരും ഞെട്ടിപ്പോയത്.
മത്സ്യതൊഴിലാളികളും കര്‍ഷകരും തിങ്ങി താമസിക്കുന്ന വലിയപറമ്പ ദ്വീപ് പഞ്ചായത്തില്‍ കായലിനോടും കടലിനോടും മല്ലിടുന്ന മത്സ്യ തൊഴിലാളികളില്‍ ഭൂരിഭാഗവും എ.പി.എല്‍ ലിസ്റ്റിലാണ്. ലിസ്റ്റിലകപ്പെട്ട ഇത്തരം തൊഴിലാളികളില്‍ ചിലരുടെ വീടുകളില്‍ മഴ പെയ്താല്‍ ഒരു തുള്ളിവെള്ളം പുറത്ത് പോകാത്ത അവസ്ഥയാണ്. എന്നാല്‍ നാലുചക്ര വാഹനവും ഇരുനില വീടുകളുള്ള നിരവധി കുടുംബങ്ങള്‍ ബി.പി.എല്‍ ലിസ്റ്റിനകത്ത് കയറികൂടുകയും ചെയ്തു. ഇതെങ്ങനെ സംഭവിച്ചുവെന്ന് ചോദിക്കുമ്പോള്‍ മാത്രം അധികൃതര്‍ കൈമലര്‍ത്തുകയാണ്. നാലുചക്ര വാഹനവുമായി ഈ ' സമ്പന്ന ദരിദ്രന്‍ ' സൗജന്യ റേഷന്‍ വാങ്ങാനെത്തുമ്പോള്‍ കയ്യില്‍ മടക്കി പിടിച്ച പ്ലാസ്റ്റിക് കൂടുമായി നടന്ന് വന്ന് പണം കൊടുത്ത് അരിവാങ്ങേണ്ട ഗതികേടാണ് വലിയപറമ്പ് ദ്വീപ് ജനതയില്‍ പല കുടുംബങ്ങള്‍ക്കുമുള്ളത്. ഇതു തന്നെയാണ് കാസര്‍കോട് ജില്ലയിലെ മിക്ക സ്ഥലങ്ങളിലെയും അവസ്ഥ. എ.പി.എല്ലും ബി.പി.എല്ലും ആകുന്നതിലുള്ള അവസ്ഥകള്‍ക്ക് വ്യത്യാസമുണ്ടെന്ന് മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."