കേട്ടുകേട്ടുണ്ടായ സൗഹൃദം
''നിങ്ങള്‍ ഇതുവരെ കേട്ടത്..!'' പന്താവൂരില്‍ പള്ളിയില്‍ ബാങ്ക് വിളിക്കാരനായ കുഞ്ഞിപ്പയാണ് ആ ശബ്ദത്തിനുടമയെന്ന് അറിഞ്ഞത് അന്നാണ്. ഈ പേര് പലര്‍ക്കും സുപരിചിതമായിരിക്കും. തൃശൂര്‍ അടക്കമുള്ള ആകാശവാണി നിലയങ്ങള്‍ക്കു വര്‍ഷങ്ങള്‍ക്കു മുന്‍പേ പല പരിപാടികളെയും കുറിച്ചു ലക്ഷത്തോളം കത്തുകളെഴുതി ശ്രദ്ധേയനായ നഫീസാ കുഞ്ഞിപ്പ പന്താവൂരും വന്നിരുന്നു അന്നു പരിപാടിക്ക്. അച്ചടിയായിട്ടും ദൃശ്യങ്ങളായിട്ടും മാധ്യമങ്ങള്‍ പലതുണ്ട് നമുക്ക്. എന്നാല്‍ ഈ മാധ്യമങ്ങളുടെ അണിയറ ശില്‍പികള്‍ക്കൊപ്പം ഇരുന്നു സംവദിക്കാന്‍ ഒരു അവസരം അതിന്റെ അഭ്യുദയകാംക്ഷികള്‍ക്ക് ആരെങ്കിലും നല്‍കാറുണ്ടോ? എന്നാല്‍, മഞ്ചേരിയില്‍ കഴിഞ്ഞ ഏപ്രില്‍ എട്ടാം തിയതി നടന്ന പരിപാടി അത്തരത്തിലൊന്നായിരുന്നു.
ആകാശവാണിയുടെ വിവിധ നിലയങ്ങള്‍ ചെവിയോര്‍ക്കുന്ന സമൂഹത്തിലെ നാനാവിഭാഗം ശ്രോതാക്കളുടെ സുഹൃദ്‌സംഗമമായിരുന്നു അത്. അതുവരെ പേരും ശബ്ദങ്ങളും മാത്രം കേട്ട അവതാരകരെ ശ്രോതാക്കളും തിരിച്ചും നേരില്‍ കണ്ടപ്പോള്‍ പലര്‍ക്കും അതിശയം. അഖില കേരള റേഡിയോ ലിസണേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏഴാമത്തെ സംഗമത്തില്‍ നൂറുകണക്കിനു പേരാണു പങ്കെടുത്തത്. വാര്‍ത്ത കേട്ട് ആദ്യമായി പരിപാടിക്കെത്തിയ പലരും ആകാശവാണി അടക്കമുള്ള റേഡിയോ കേള്‍ക്കുന്നവര്‍ക്ക് ഇത്തരത്തിലൊരു കൂട്ടായ്മ ഉണ്ടെന്നറിഞ്ഞു സന്തോഷിച്ചു.
തൃശൂര്‍ കേന്ദ്രമായി 1995ലാണ് അഖില കേരള റേഡിയോ ലിസണേഴ്‌സ് അസോസിയേഷന്‍ നിലവില്‍ വന്നത്. പിന്നീട് പല ജില്ലകളിലേക്കും അതു വ്യാപിച്ചു. മലപ്പുറം ജില്ലയിലാണ് ഇപ്പോള്‍ തുടര്‍ച്ചയായി പരിപാടികള്‍ നടക്കുന്നത്. 'റേഡിയോ ശ്രവണം' എന്ന പേരില്‍ മുഖമാസികയും ആദ്യകാലത്ത് കൂട്ടായ്മക്കുണ്ടായിരുന്നു. ഇപ്പോള്‍ തിരുവനന്തപുരം നിലയത്തില്‍ അവതാരകനായ കാഞ്ചിയോട് ജയന്‍ എഡിറ്ററായി 'കാഞ്ചിരവം' എന്ന മാസികയില്‍ ആകാശവാണിയിലെ ഓരോ സ്പന്ദനങ്ങളും ശ്രോതാക്കള്‍ക്ക് അനുഭവിക്കാന്‍ അവസരമുണ്ട്. കണ്ണൂര്‍, വയനാട്, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍നിന്നെല്ലാം ശ്രോതാക്കള്‍ പരിപാടിക്കെത്തിയിരുന്നു.
തലമുറകളെ വാര്‍ത്തകളുടെയും വിജ്ഞാനത്തിന്റെയും ലോകത്തേക്കു കൈപിടിച്ചുയര്‍ത്തുന്ന റേഡിയോ എന്ന ജനകീയ മാധ്യമത്തെ നിരന്തരം പിന്തുടരുന്നതില്‍ കൂടുതലും കണ്ണു കാണാത്തവരും ശാരീരിക വൈകല്യമുള്ളവരുമാണെന്നതു ശ്രദ്ധേയമായ കാര്യമാണ്. ഇത്തരം വിഭാത്തിലുള്ളവരും കുടുംബസമേതം എത്തിയിരിന്നു പരിപാടിക്ക്. ജന്മനാ പോളിയോ ബാധിച്ചു നടക്കാന്‍ കഴിയാത്ത സഹോദരിമാരായ ഷാഹിന, സുനില എന്നിവരെ കരുവാരക്കുണ്ട് ഇരിങ്ങാട്ടിരിയില്‍നിന്ന് വീല്‍ചെയറില്‍ മറ്റൊരു വാഹനത്തില്‍ കയറ്റിയാണു പരിപാടിക്ക് എത്തിച്ചത്. പൊന്മളയില്‍നിന്നു കണ്ണുകാണാത്ത അബ്ദുല്‍ മജീദും എത്തി. അങ്ങനെ എത്രയോപേര്‍.. റേഡിയോ പരിപാടികളെ കുറിച്ച് അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പാട്ടുപാടലും നിര്‍ദേശങ്ങളുമായി അകാലത്തില്‍ പൊലിഞ്ഞ പ്രക്ഷേപണകലയിലെ വിസ്മയമായിരുന്ന ജി. ഹിരണിന്റെ പേരിലുള്ള നഗറില്‍ രാവിലെ പത്തുമണിയോടെ തുടങ്ങിയ പരിപാടി വൈകിട്ട് നാലു മണിക്കാണു തീര്‍ന്നത്. പരിപാടി ആസ്വദിക്കാന്‍ എത്തിയവര്‍ക്കെല്ലാം ചായയും ഉച്ചഭക്ഷണവും സംഘാടകര്‍ ഒരുക്കിയിരുന്നു.
റേഡിയോ വില്‍പനയിലൂടെയും റിപ്പയറിങ്ങിലൂടെയും ഉപജീവനമാര്‍ഗം കണ്ടെത്തിയവരും കൂട്ടത്തിലുണ്ടായിരുന്നു. ഒരു റേഡിയോ വാങ്ങാനായി കഷ്ടപ്പെട്ട കാലം കണ്ണീരോടെ ചിലരൊക്കെ പങ്കുവച്ചപ്പോള്‍ ലൈസന്‍സോടു കൂടി റേഡിയോ ഉപയോഗിച്ചിരുന്ന കാലഘട്ടത്തെ വിശേഷങ്ങള്‍ തലമുതിര്‍ന്നവരും അയവിറക്കി. റേഡിയോ കേള്‍വിയിലൂടെ മകനൊരു വധുവിനെ കണ്ടെത്തിയ കഥ പറഞ്ഞത് മൂത്തേടം മുഹമ്മദ് എന്ന ശ്രോതാവായിരുന്നു. ചലച്ചിത്രഗാന പ്രക്ഷേപണങ്ങള്‍, നാടകം, വയലും വീടും, ശബ്ദരേഖകള്‍ തുടങ്ങി പല പരിപാടികളെ കുറിച്ചും ഗംഭീരചര്‍ച്ച നടന്നു. എം. ഉമ്മര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ മഞ്ചേരി നിലയം പ്രോഗ്രാം മേധാവിയും എഴുത്തുകാരനുമായ ഡി. പ്രദീപ്കുമാര്‍, വിവിധ ആകാശവാണി നിലയങ്ങളുടെ അനൗദ്യോഗിക ഓണ്‍ലൈന്‍ ആപ്പ് വികസിപ്പിച്ചെടുത്ത ബ്രിജേഷ് പൂക്കോട്ടൂര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വിവിധ നിലയങ്ങളിലെ അവതാരകരും ചലച്ചിത്ര പ്രവര്‍ത്തകരും സാങ്കേതിക പ്രവര്‍ത്തകരും ശ്രോതാക്കളോടൊത്തു സമയം ചെലവഴിച്ചു. അഖില കേരള റേഡിയോ ലിസണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ കെ.കെ കുഞ്ഞാണി തെഞ്ചിരി, മുജീബ് റഹ്മാന്‍ പുല്ലാര, പൗലോസ് മാസ്റ്റര്‍ പട്ടിമറ്റം തുടങ്ങിയവരാണ് ഈ സുഹൃദ്‌സംഗമത്തിനു നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."