കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്രവൃത്തികള്‍ നിലച്ചു
പ്രധാന കവാടത്തിലെ രണ്ടുനില കെട്ടിടം, അടിപ്പാത, മൂന്നാംപ്ലാറ്റ് ഫോമിലെയും രണ്ടാം ടിക്കറ്റ് കൗണ്ടറിനു സമീപത്തെയും ലിഫ്റ്റുകള്‍ എന്നിവയുടെ പ്രവര്‍ത്തിയാണ് രണ്ടുമാസമായി നിലച്ചിരിക്കുന്നത്
കണ്ണൂര്‍: യാത്രാസൗഹൃദ സ്റ്റേഷനായി മാറാനുള്ള കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്റെ സ്വപ്‌നങ്ങള്‍ക്കു തിരിച്ചടിയായി സ്റ്റേഷനിലെ നിര്‍മാണ പ്രവര്‍ത്തികള്‍ നിലച്ചു. കരാറുകാരനു നല്‍കാനുള്ള തുകയില്‍ വീഴ്ച വരുത്തിയതോടെയാണ് യാത്രക്കാര്‍ക്കാര്‍ക്ക് ഏറെ പ്രയോജനകരമാവുന്ന പ്രവൃത്തികളെല്ലാം പാതിവഴിയല്‍ മുടങ്ങിയിരിക്കുന്നത്. പ്രധാന കവാടത്തിലെ ഓഫിസ് സമുച്ചയം ഉള്‍പ്പെടുന്ന ഇരുനില കെട്ടിടം, ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിന്നു രണ്ട്, മൂന്ന് പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കുന്ന അടിപ്പാത, മൂന്നാംപ്ലാറ്റ് ഫോമിലെയും രണ്ടാം ടിക്കറ്റ് കൗണ്ടറിനു സമീപത്തെയും ലിഫ്റ്റുകള്‍ എന്നിവയാണ് കഴിഞ്ഞ രണ്ടുമാസമായി പ്രവര്‍ത്തി നിലച്ചിരിക്കുന്നത്. ഇതില്‍ ലിഫ്റ്റുകളുടെ കോണ്‍ക്രീറ്റ് പ്രവൃത്തി മാസങ്ങള്‍ക്കു മുമ്പേ പൂര്‍ത്തിയായിരുന്നു. കെട്ടിടത്തിന്റെയും അടിപ്പാതയുടെയും പ്രവര്‍ത്തിയാണ് ഇഴഞ്ഞു നീങ്ങിയത്. 23 മീറ്റര്‍ നീളവും 4.5 മീറ്റര്‍ വീതിയുമുള്ള അടിപ്പാതയ്ക്കു 1.72 കോടി രൂപയാണ് ചെലവ് കണക്കാക്കിയത്. ഒന്നാം പ്ലാറ്റ്‌ഫോമിന്റെ വടക്ക് ഭാഗത്താണ് ഇതു നിര്‍മിക്കുന്നത്. ഉയരം 2.75 മീറ്ററാണ്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ ആറിനായിരുന്നു പ്രവൃത്തിയുടെ ഉദ്ഘാടനം നടന്നത്. 36.5 ലക്ഷം രൂപയാണ് ലിഫ്റ്റിനായി ചെലവഴിക്കേണ്ടത്.
തൊഴിലാളികള്‍ക്ക് കൃത്യമായി കൂലി നല്‍കാന്‍പോലും കഴായാതായതോടെയാണ് കരാറുകാരന്‍ പ്രവര്‍ത്തി പൂര്‍ണമായും നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇതുവരെയുള്ള തുക ലഭിക്കുന്നതോടെ മാത്രമേ മറ്റു പ്രവര്‍ത്തികളുമായി കരാറുകാരന്‍ മുന്നോട്ടുപോവുകയുള്ളൂ. ഇതില്‍ കാലതാമസം നേരിട്ടാല്‍ മഴക്കാലത്തുള്‍പ്പെടെ സ്റ്റേഷന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കും. നിലവില്‍ പ്രധാന കവാടത്തിലെ കെട്ടിടങ്ങളെല്ലാം പൊളിച്ചു നീക്കിയതു കാരണം വന്‍ സുരക്ഷാ വീഴ്ചയാണ് സ്റ്റേഷനില്‍ നിലനില്‍ക്കുന്നത്. ഏതുഭാഗത്തു നിന്നും ആളുകള്‍ക്കു കയറി ഇറങ്ങിപ്പോകാവുന്ന സ്ഥിതിയാണിപ്പോള്‍.
പദ്ധതികള്‍ യാഥാര്‍ഥ്യമായാല്‍ യാത്രക്കാര്‍ വര്‍ഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്കു താല്‍ക്കാലിക പരിഹാരമാകും. നിലവില്‍ രണ്ട്, മൂന്ന് പ്ലാറ്റ്‌ഫോമിലേക്കുള്ള ഓവര്‍ ബ്രിഡ്ജില്‍ യാത്രക്കാരുടെ തിരക്ക് കൂടിവരികയാണ്. അടിപ്പാതയുടെ ഭാഗമായി പ്ലാറ്റ്‌ഫോമിന്റെ ഭാഗങ്ങള്‍ താല്‍ക്കാലികമായി പൊളിച്ചു നീക്കിയിട്ടുണ്ട്. ഇതും മഴക്കാലത്ത് അപകടം വിളിച്ചുവരുത്താന്‍ സാധ്യതയേറെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."