കാപ്പിക്കുരുവിന് ഭേദപ്പെട്ട വില; കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നു
ചെറുതോണി: കാപ്പിക്കുരുവിന് ഭേദപ്പെട്ട വില ലഭിക്കുന്നത് കര്‍ഷകര്‍ക്കു നേരിയ ആശ്വാസമാകുന്നു. എന്നാല്‍ കുരുമുളക് അടക്കമുള്ള മറ്റ് ഉല്‍പന്നങ്ങളെ അപേക്ഷിച്ചു കാപ്പിക്കുരുവിന്റെ വിലയില്‍ കാര്യമായ മുന്നേറ്റം ഉണ്ടാകാത്തതില്‍ കര്‍ഷകര്‍ നേരിയ നിരാശയിലാണ് കര്‍ഷകര്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചു നഷ്ടമില്ലാതെ ഉല്‍പന്നം വിറ്റഴിക്കാന്‍ സാധിക്കുന്നുവെന്നതാണ് ഈ സീസണിലുള്ള നേട്ടം. റോബസ്റ്റ കാപ്പിപ്പരിപ്പിനു 137 രൂപയും അറബി കാപ്പിപ്പരിപ്പിനു 147 രൂപയുമാണു നിലവില്‍ ലഭിക്കുന്നത്.
ഉല്‍പാദനം കുറഞ്ഞതിനെ തുടര്‍ന്ന് അഞ്ചുവര്‍ഷം മുന്‍പു ലഭിച്ച ഉയര്‍ന്ന വിലയായ 165ലേക്കു റോബസ്റ്റ കാപ്പിക്കുരുവിന്റെ വില ഉയര്‍ന്നിട്ടില്ലെങ്കിലും നഷ്ടം കൂടാതെ ഉല്‍പന്നം വില്‍ക്കാന്‍ കഴിയുന്നുണ്ട്. അടുത്ത സീസണിനു ഗുണംചെയ്യുന്ന രീതിയില്‍ ഇത്തവണ കാലാവസ്ഥ അനുകൂലമായത് കര്‍ഷകര്‍ക്കു പ്രതീക്ഷയേകുന്നു. വേനലിന്റെ തുടക്കത്തില്‍ മഴ ലഭിച്ചിരുന്നെങ്കിലും കാപ്പിക്കുരു വിളവെടുപ്പു നടത്തിയിരുന്നില്ല.
അതിനാല്‍ വിളവെടുപ്പു നടത്തിയപ്പോള്‍ കാപ്പിപ്പൂക്കള്‍ നശിക്കാന്‍ കാരണമായി. അടുത്ത വര്‍ഷത്തെ വിളവു കുറയാന്‍ ഇതു കാരണമാകുമെന്ന വിലയിരുത്തലാണ് ഉണ്ടായിരുന്നത്. എന്നാല്‍ വിളവെടുപ്പു കഴിഞ്ഞശേഷം ഏതാനും ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ചതോടെ കാപ്പി വീണ്ടും പൂവിട്ടു. മഴ തുടര്‍ന്നാല്‍ ഇവ അഴുകി നശിക്കുമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. ഇതിനാല്‍ അടുത്ത വര്‍ഷവും ഭേദപ്പെട്ട വിളവു ലഭിക്കുമെന്ന കണക്കുകൂട്ടലിലാണു കര്‍ഷകര്‍.
1990 -92 കാലഘട്ടത്തില്‍ 125 രൂപവരെ എത്തിയ കാപ്പിക്കുരു വിലയില്‍ ഇപ്പോഴും വലിയ മാറ്റമെന്നും പ്രകടമായിട്ടില്ല. ഉല്‍പാദനം ഗണ്യമായി കുറയുകയും ആവശ്യം വര്‍ധിക്കുകയും ചെയ്ത അപൂര്‍വം അവസരങ്ങളില്‍ മാത്രമാണു വിലയില്‍ നേരിയ തോതിലെങ്കിലും മുന്നേറ്റമുണ്ടായിട്ടുള്ളത്. ഇതിനിടെ കേവലം 20 രൂപയിലേക്കു വില കൂപ്പുകുത്തിയ അവസരങ്ങളുമുണ്ട്. കഴിഞ്ഞ വര്‍ഷം ആദ്യം 100 രൂപയായിരുന്ന കാപ്പിക്കുരുവിന്റെ വില ഉല്‍പാദനത്തിലുണ്ടായ കുറവുമൂലം പിന്നീടു വര്‍ധിച്ച് 126 - 135 രൂപയിലെത്തിയിരുന്നു.
വളത്തിന്റെയും കീടനാശിനികളുടെയും വിലയും തൊഴിലാളികളുടെ കൂലിയും പതിന്‍മടങ്ങായി വര്‍ധിച്ചിട്ടും ഉല്‍പന്നത്തിന്റെ വില കാര്യമായ തോതില്‍ ഉയരാത്തതു കര്‍ഷകരെ നിരാശപ്പെടുത്തുന്നുണ്ട്. വന്‍കിട തോട്ടങ്ങളില്‍ അടക്കം അന്യസംസ്ഥാന തൊഴിലാളികളെ എത്തിച്ചാണു വിളവെടുപ്പു നടത്തുന്നത്.
തുച്ഛമായ കൂലിക്ക് ഇവര്‍ ജോലി ചെയ്യുമെന്നതിനാല്‍ ചെറുകിട കാപ്പി കര്‍ഷകര്‍ ഇവരുടെ സേവനം തേടി തുടങ്ങിയിട്ടുണ്ട്. സ്വദേശീയരായ തൊഴിലാളികളെക്കാള്‍ കുറഞ്ഞ കൂലിക്കു കൂടുതല്‍ സമയം അന്യസംസ്ഥാനക്കാര്‍ ജോലിചെയ്യുന്നുമുണ്ട്. വില കാര്യമായ തോതില്‍ വര്‍ധിക്കാത്തതിനാല്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ കടന്നുവരവ് ഗുണകരമായിട്ടുണ്ടെന്നാണു കര്‍ഷകരുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."