വഖ്ഫ് മന്ത്രിക്ക് വേണം, പൊളിറ്റിക്കല്‍ ക്വാറന്റൈന്‍
അര്‍ഹരായ ആളുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കാതെ വഖ്ഫ് ബോര്‍ഡ് ഒരു കോടി രൂപ സര്‍ക്കാര്‍ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയെതിനെതിരായി സമുദായ സംഘടനകളും നേതാക്കളും രംഗത്തുവന്നപ്പോള്‍ വകുപ്പ് മന്ത്രി ഔചിത്യമില്ലാത്ത മറുപടിയുമായി ഇറങ്ങിയത് പരിഹാസ്യമാണ്.
മഹാമാരിക്കെതിരേ സര്‍ക്കാര്‍ സൗജന്യ ചികിത്സ നടത്തുന്നത് വലിയ കാര്യമായി മന്ത്രി ഫേസ്ബുക്കില്‍ പറയുന്നു. ഇതിന് മുന്‍പ് ഉണ്ടായിട്ടുള്ള എല്ലാ പകര്‍ച്ചവ്യാധികള്‍ക്കും മഹാമാരികള്‍ക്കും ചികിത്സ നടത്തിയതെല്ലാം അതാത് കാലത്തെ സര്‍ക്കാരുകള്‍ സൗജന്യമായാണെന്ന് അറിയാത്തവരല്ല മലയാളികള്‍.
പി.എച്ച്.സി മുതല്‍ മെഡിക്കല്‍ കോളജ് ആശുപത്രികള്‍ വരെ കേരളം ഉണ്ടായത് മുതല്‍ ഇവിടെ സജ്ജീകരിച്ചത് സൗജന്യ ചികിത്സ നല്‍കാന്‍ തന്നെയാണ്. അത് പുതിയ സംഭവമോ പിണറായി സര്‍ക്കാരിന്റെ ഔദാര്യമോ അല്ല. കൈയില്‍ കോടികള്‍ കെട്ടിയിരിപ്പുണ്ടായിട്ടും എന്തേ അര്‍ഹതപ്പെട്ടവര്‍ക്ക് കൊടുത്തില്ല എന്ന് ചോദിക്കുന്ന മന്ത്രി വഖ്ഫ് ബോര്‍ഡിന്റെ കൂടി ചുമതലക്കാരനാണല്ലോ എന്നാലോചിക്കുമ്പോള്‍ സഹതാപം തോന്നുന്നു.
പള്ളികളില്‍ നിന്നും മറ്റു ഇസ്‌ലാംമത വഖ്ഫ് സ്ഥാപനങ്ങളില്‍ നിന്നും അവരുടെ വരുമാനത്തില്‍നിന്ന് വാങ്ങുന്ന ഏഴ് ശതമാനമാണ് വഖ്ഫ് ബോര്‍ഡിന്റെ വരവ്. വരുമാനത്തിലെ ഒരു ശതമാനം കേന്ദ്രത്തിനുള്ളതാണ്.
ശമ്പളം, പെന്‍ഷന്‍, എട്ട് ഓഫിസുകളുടെ ചെലവുകള്‍, വഖ്ഫ് ബോര്‍ഡ് കാലങ്ങളായി നേരിട്ട് നല്‍കുന്ന വിദ്യാഭ്യാസ സഹായം, യതീംഖാന സഹായം, മാനസിക വൈകല്യമുള്ളവരുടെ പെന്‍ഷന്‍ തുടങ്ങി ദൈനംദിന ചെലവുകളെല്ലാം കൂടി 10 കോടി രൂപയിലേറെ വരും.
വഖ്ഫ് ബോര്‍ഡിന്റെ തനത് ഫണ്ടില്‍ നിന്നാണ് മന്ത്രിയുടെ വാക്ക് വിശ്വസിച്ച് 2018ല്‍ 90 ലക്ഷം രൂപ സാമൂഹ്യസുരക്ഷാ സഹായങ്ങള്‍ നല്‍കിയത്. ഇത് പിന്നീട് ചോദിച്ചപ്പോള്‍ മന്ത്രിയുടെ വകുപ്പില്‍നിന്ന് കിട്ടിയ മറുപടി 'നിങ്ങള്‍ കൊടുത്തല്ലോ ഇനി ഗ്രാന്‍ഡിന്റെ ആവശ്യം ഇല്ലല്ലോ എന്നാണ്. സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ ഗ്രാന്‍ഡ് കിട്ടാത്തതിനാലാണ് തനത് ഫണ്ടില്‍നിന്ന് താല്‍ക്കാലികമായി എടുത്തു നല്‍കിയത്. മന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് വഖ്ഫ് ട്രൈബ്യൂണല്‍ സ്ഥാപിക്കുന്നതിനും കാറ് വാങ്ങുന്നതിനും ബോര്‍ഡ് ഫണ്ടില്‍നിന്ന് ചെലവഴിച്ച ഒരു കോടിയിലേറെ വരുന്ന തുക രണ്ട് വര്‍ഷമായിട്ടും തിരിച്ചു നല്‍കിയിട്ടില്ല.
കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ ധനമന്ത്രി ബജറ്റ് അവതരണവേളയില്‍ വഖ്ഫ് ബോര്‍ഡിന് പ്രഖ്യാപിച്ച നാല് കോടിയോളം രൂപയും ബോര്‍ഡിന് ലഭിച്ചിട്ടില്ല. റശീദലി തങ്ങളുടെ കാലത്ത് എന്തുകൊണ്ടാണ് സാമ്പത്തിക സഹായം നല്‍കാതിരുന്നത് എന്നാണ് മറ്റൊരു ചോദ്യം. റശീദലി തങ്ങള്‍ ചെയര്‍മാനായ കാലത്ത് അവസാന വര്‍ഷം ഖത്വീബ്, ഇമാം, മുക്രി, മദ്‌റസാ അധ്യാപകര്‍ എന്നിവരുടെ പെന്‍ഷന്‍ തനത് ഫണ്ടില്‍ നിന്നാണ് നല്‍കിയത്. വിവാഹ സഹായവും ചികിത്സാ സഹായവും നല്‍കാതിരുന്നത് സര്‍ക്കാര്‍ ഫണ്ട് നല്‍കാത്തതു കൊണ്ടാണ്. മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് വഖ്ഫ് ബോര്‍ഡിന്റെ സാമൂഹ്യസുരക്ഷാ പദ്ധതിയില്‍ പാസാക്കിയ 260 പാവപ്പെട്ട രോഗികള്‍ക്കുള്ള സഹായവും 2010 അനാഥമക്കള്‍ അടക്കമുള്ള പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച വിവാഹ സഹായവും മാറ്റിവച്ച നടപടിയെ സംബന്ധിച്ച് ഒന്നും പറയാതെ സമുദായ നേതാക്കള്‍ അണിയുന്ന വെള്ളകുപ്പായത്തെ പരിഹസിച്ച മന്ത്രിയോട് സഹതാപം മാത്രം.
സമൂഹത്തിലെ എല്ലാ പൊതുപ്രശ്‌നങ്ങളിലും സജീവമായി പങ്കാളികളാവുകയും പൊതുസമൂഹം ഏതെങ്കിലും തരത്തിലുള്ള ദുരന്തത്തിന് ഇരയാകുമ്പോള്‍ കൈമെയ് മറന്ന് ജാതിമത വ്യത്യാസമില്ലാതെ സമൂഹത്തിന് അത്താണിയാകുകയും ചെയ്യുന്നതാണ് മുസ്‌ലിം നിലപാട്.
കേരളത്തിലെ 30 ശതമാനത്തോളം വരുന്ന മുസ്‌ലിം സമുദായത്തിന്റെ ഏതു കാര്യം വരുമ്പോഴും വര്‍ഗീയ ലേബല്‍ ഒട്ടിച്ച് തങ്ങള്‍ എറിഞ്ഞുകൊടുക്കുന്നത് വാങ്ങിച്ചോളണമെന്ന നിലപാട് അംഗീകരിക്കാനാവില്ല. ഇത്തരം നിലപാടുകള്‍ക്ക് പൊളിറ്റിക്കല്‍ ക്വാറന്റ്റൈന്‍ പ്രബുദ്ധ കേരളം നല്‍കുമെന്നുറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."